കുരങ്ങുപനി: യുകെയിൽ മൂന്നാഴ്ച ക്വാറന്റീൻ; വസൂരി വാക്സീൻ ഫലപ്രദമെന്ന് വാദം

isreal-monkey-pox
SHARE

കുരുങ്ങുപനി പടരുന്ന സാഹചര്യത്തിൽ യൂറോപ്പിൽ കനത്ത ജാഗ്രത. ലോകമെമ്പാടും 126 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗികളുമായി അടുത്തു ബന്ധപ്പെട്ടവർക്ക് 21 ദിവസം സമ്പർക്കവിലക്ക് വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചു. 

സ്പെയിൻ തലസ്ഥാനമായ മഡ്രിഡിൽ 27 പേർക്കും ബ്രിട്ടനിൽ 56 പേർക്കും രോഗം സ്ഥിരീകരിച്ചു. പോർച്ചുഗലിൽ 14 പേരും അമേരിക്കയിൽ 3 പേരും രോഗബാധിതരായി. സ്കോട്ട്ലൻഡിലും ഡെൻമാർക്കിലും ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കുരങ്ങിൽ നിന്നു പടരുന്ന വൈറൽ പനി മനുഷ്യരിൽ വ്യാപകമായി പടരില്ലെങ്കിലും ലൈംഗികബന്ധം പോലെ അടുത്ത സമ്പർക്കം വഴി പകരാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ കുരുങ്ങുപനിക്കും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്. ജനങ്ങൾക്കു മുഴുവൻ വാക്സീൻ നൽകുന്നില്ലെങ്കിലും ജീവന് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ രോഗികൾക്കും സമ്പർക്കത്തിലുള്ളവർക്കും വാക്സീൻ നൽകുമെന്ന് യുകെ ആരോഗ്യസുരക്ഷ ഏജൻസി ഉപദേഷ്ടാവ് ഡോ.സൂസൻ ഹോപ്കിൻസ് പറഞ്ഞു. 

1960 ൽ കോംഗോയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പനി, തലവേദന, ദേഹത്ത് ചിക്കൻപോക്സിനു സമാനമായ കുരുക്കൾ എന്നിവയാണ് ലക്ഷണങ്ങൾ. പരോക്ഷമായി രോഗികളുമായി സമ്പർക്കമുണ്ടായവർ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ പക്ഷം. 

രോഗം ആശങ്കാജനകമാണെങ്കിലും കോവിഡ് 19 പോലുള്ള സാഹചര്യം നിലവിലില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടോക്കിയോയിൽ പറഞ്ഞു. കടുത്ത വിലക്ക് പോലുള്ള നടപടികൾ ഇപ്പോൾ ഉദ്ദേശിക്കുന്നില്ല. സ്വവർഗാനുരാഗികൾക്കിടയിൽ രോഗം പടർന്നത് സംബന്ധിച്ച ആരോഗ്യ മുന്നറിയിപ്പ് യുകെ നൽകിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിൽ കുരങ്ങു പനി വർധിക്കുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിലും കർണാടകയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബെംഗളൂരു വിമാനത്താവളത്തിൽ കുരങ്ങുപനി ലക്ഷണങ്ങളോടെ എത്തുന്ന യാത്രക്കാരെ പ്രത്യേകം പരിശോധിക്കും. 21 ദിവസത്തിനിടെ വിദേശത്തു നിന്നെത്തിയവരിൽ രോഗലക്ഷണങ്ങൾ കണ്ടാൽ കർശനമായി നിരീക്ഷിക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകി.

MORE IN WORLD
SHOW MORE