ഇന്ധനവില കുത്തനെകൂട്ടി; ശ്രീലങ്കയിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി

Sril-lanka-fuel-price
SHARE

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ധനവില കുത്തനെകൂട്ടി. പെട്രോളിന്റെയും ഡീസലിന്റെയും വില 400 ശ്രീലങ്കന്‍ രൂപ കടന്നു. തൊട്ടുപിറകെ ബസ് നിരക്കും 30 ശതമാനം വര്‍ധിപ്പിച്ചതോടെ വിലക്കയറ്റം രൂക്ഷമാവുമെന്നുറപ്പായി. അതിനിടെ വിദേശ കടങ്ങള്‍ പുന:ക്രമീകരിക്കുന്നതിനായി ലങ്ക രാജ്യാന്തര ഏജന്‍സികളുടെ സഹായം തേടി. എന്നാല്‍ ഇന്ത്യന്‍ കറന്‍സിയുമായുള്ള  ലങ്കന്‍ രൂപയുടെ വിനിമയ വ്യത്യാസം കണക്കിലെടുക്കുമ്പോള്‍ ഒരുലീറ്റര്‍ പെട്രോളിനു 90.32 ഇന്ത്യന്‍ രൂപ മാത്രമേ ഇപ്പോഴും ലങ്കയിലുള്ളൂ.

ഇന്ധന സംഭരണികള്‍ ഏതാണ്ട് വറ്റിവരണ്ടിരിക്കുന്ന സമയത്താണു വിലകൂട്ടിയത്. 77 രൂപ കൂട്ടിയതോടെ പെട്രോളിനു 420ഉം 111 രൂപ ഒറ്റയടിക്കു കൂട്ടിയതോടെ ഡീസലിനു വില ലീറ്ററിനു 400 ലുമെത്തി. വിലക്കയറ്റം വരും ദിവസങ്ങളില്‍ രൂക്ഷമാവുമെന്ന് ഇതോടെ ഉറപ്പായി. വിദേശകടങ്ങളുടെ ബാധ്യത കുറയ്ക്കുന്നതു സംബന്ധിച്ച ഉപദേശങ്ങള്‍ക്കായി അസറ്റ് മാനേജ്മെന്റ് കമ്പനിയായ ലസാര്‍ഡ്,നിയമവിദഗ്ധരായ ക്ലിഫോര്‍ഡ് ചാന്‍സസ് എന്നിവരുമായി സര്‍ക്കാര്‍ കരാറിലെത്തി. 

വിദേശ വായ്പ തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നടപടി. എന്നാല്‍ വായ്പകള്‍ പുനക്രമീകരിക്കില്ലെന്നു നേരത്തെതന്നെ ചൈന വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് ഗോട്ടബായ രാജപക്സെയുടെ അമിതാധികാരങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയെന്നു പ്രധാനമന്ത്രി രാജ്യത്തെ അറിയിക്കുന്നതാണിത്. എന്നാല്‍ നിലവിലെ ഭരണഘടന ഭേദഗതി നിര്‍ദേശം അപര്യാപ്തമാണെന്നു  ജനകീയ പ്രക്ഷോഭകരും സര്‍ക്കാര‍ും തമ്മിലുള്ള ചര്‍ച്ചയ്ക്കു ചുക്കാന്‍ പിടിക്കുന്ന ശ്രീലങ്കന്‍ ബാര്‍ അസോസിയേഷന്‍റെ നിലപാടെടുത്തു.

പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാനും പിരിച്ചുവിടാനുമുള്ള പ്രസിഡന്റിന്റെ അധികാരം റദ്ദാക്കുന്ന വ്യവസ്ഥകള്‍ കൂടി  ഭരണഘടന ഭേദഗതിയില്‍ വേണമെന്നാണു ആവശ്യം. ഇക്കാര്യം ജനകീയ പ്രക്ഷോഭകരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നുകൂടിയാണ്.

MORE IN WORLD
SHOW MORE