ആശങ്കയേറുന്നു; ഇസ്രയേലിലും കുരങ്ങുപനി സ്ഥിരീകരിച്ചു; ജാഗ്രത

isreal-monkey-pox
SHARE

കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളെ ആശങ്കയിലാക്കി പടരുകയാണ് കുരങ്ങുപനി. ഇസ്രയേലിലും ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ആൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ മധ്യേഷ്യയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസായി ഇത് മാറി. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റുള്ളവരെ നിരീക്ഷിച്ച് വരികയാണെന്നും ഇസ്രയേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആഗോളതലത്തിൽ 11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായും 50 പേർ രോഗബാധിതരാണോയെന്ന് സംശയിക്കുന്നതായും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ അമേരിക്കയിലും കുരങ്ങുപനി (മങ്കിപോക്‌സ്) സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേര്‍ത്ത് മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ മാത്രം കണ്ടുവന്നിരുന്ന കുരങ്ങുപനി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ച സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി ഇതിനു സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ ആദ്യമായി കണ്ടെത്തിയത്.

രോഗപ്പകര്‍ച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങള്‍, ശരീര സ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു.

പ്ലാസന്റ വഴി അമ്മയില്‍ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കില്‍ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷന്‍ നിര്‍ത്തലാക്കിയതിനാല്‍ പൊതുജനങ്ങളില്‍ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് കുരങ്ങു പനിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

MORE IN WORLD
SHOW MORE