‘ഒമിക്രോൺ, കോവി‍ഡിനെ അവസാനിപ്പിക്കും’: യുഎസ് പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ

covid-us-new
SHARE

ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയെ അവസാനഘട്ടത്തിലേക്കു നയിച്ചേക്കാമെന്ന് യുഎസ് പകർച്ചവ്യാധി നിയന്ത്രണ വിദഗ്ധൻ ‍ഡോ. ആന്റണി ഫൗചി. ഒമിക്രോൺ, കോവിഡിന്റെ മഹാമാരികാലത്തുനിന്ന് കൂടുതൽ നിയന്ത്രിക്കാൻ സാധിക്കുന്ന രീതിയിലേക്കു കൊണ്ടുപോകാൻ സഹായിച്ചേക്കാം. ഇക്കാര്യം ഇത്ര നേരത്തേ പ്രവചിക്കാവുന്നതല്ല. എന്നാൽ ഞാൻ അങ്ങനെയാണു പ്രതീക്ഷിക്കുന്നത്. പക്ഷേ പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ ശേഷിയുള്ള പുതിയൊരു വരാതിരുന്നാലേ ഇതു സാധ്യമാകൂവെന്നും വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ പരിപാടിയിൽ ഫൗചി വ്യക്തമാക്കി.

കോവിഡിനെ ഒമിക്രോണിന്റെ അതിവ്യാപനം ‘എൻഡമിക്’ ഘട്ടത്തിലെത്തിക്കാമെന്നാണു ഫൗചിയുടെ നിരീക്ഷണം. ജനങ്ങൾക്കിടയിൽ സ്ഥിരമായി ഇത് ഉണ്ടാകാം. എന്നാൽ ആളുകളിലെ വലിയൊരു വിഭാഗത്തെ ബാധിക്കില്ല. ഒമിക്രോൺ അതിവേഗം പടരുകയാണ്. എന്നാൽ ഗുരുതരമാകാനുള്ള സാധ്യത മറ്റു വൈറസ് വകഭേദങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണു വിദഗ്ധാഭിപ്രായം- ഫൗചി വ്യക്തമാക്കി.

ഡെൽറ്റയുമായി ബന്ധപ്പെട്ടുള്ള ചില സ്വഭാവ സവിശേഷതകൾ ഒമിക്രോണിന് ഇല്ല എന്നുള്ളത് ആശ്വാസകരമാണ്. എന്നാൽ ഇതു ബാധിക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർധന അതിന്റെ ശക്തി സംബന്ധിച്ച ചില സൂചനകളാണു നൽകുന്നത്. ഒമിക്രോൺ ബാധിക്കുന്നതിലൂടെ ജനങ്ങൾക്കു രോഗപ്രതിരോധ ശേഷി ലഭിക്കുമോ എന്നുള്ളതാണു പ്രസക്തമായ ചോദ്യം. എന്നാൽ പുതിയ വേരിയന്റുകൾക്കു സംഭവിക്കുന്ന മാറ്റങ്ങൾക്കനുസരിച്ച്, ഓരോ ശരീരവും എങ്ങനെ പ്രതികരിക്കുന്നു എന്നതനുസരിച്ചിരിക്കും അതിന്റെ ഉത്തരമെന്നും അദ്ദേഹം പറഞ്ഞു.

MORE IN WORLD
SHOW MORE