യുഎസിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; വീടുകൾ തകർന്നു, വൈദ്യുതി നിലച്ചു; വിഡിയോ

us-cyclone
SHARE

യുഎസിലെ ഫ്‌ളോറിഡയുടെ തെക്കുപടിഞ്ഞാറൻ മേഖലയിൽ നാശം വിതച്ച് ചുഴലിക്കാറ്റുകൾ. 28 വീടുകൾ ശക്തമായ കാറ്റിൽ തകർന്നു നിലംപൊത്തി. മേഖലയിലെ വൈദ്യുതി ഗ്രിഡുകളെ കാറ്റ് ബാധിച്ചതിനാൽ വൈദ്യുതി മുടങ്ങി. ഏഴായിരത്തോളം ഉപയോക്താക്കളുടെ വീടുകളിൽ വൈദ്യുതി ലഭിക്കുന്നില്ലെന്നാണു കണക്ക്.

യുഎസിന്റെ കിഴക്കൻ തീരങ്ങളിൽ ശക്തമായ മഴപ്പെയ്ത്തും മഞ്ഞുപെയ്ത്തും സൃഷ്ടിച്ച കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായാണു ചുഴലിക്കാറ്റുകൾ ഉടലെടുത്തതെന്ന് യുഎസ് കാലാവസ്ഥാ അധികൃതർ വ്യക്തമാക്കി. ശക്തമായ ശീതതരംഗം ഈയിടങ്ങളിൽ നിലവിലുണ്ട്. ലീ കൗണ്ടി ബോർഡ് ഓഫ് കമ്മിഷണേഴ്‌സ് കോ-ചെയർമാൻ സെസിൽ പെൻഡർഗ്ലാസ്, മേഖലയിൽ 62 വീടുകൾ ജീവിക്കാനൊക്കാത്ത സാഹചര്യത്തിലാണെന്നു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ഇഎഫ്2 വിഭാഗത്തിൽ പെടുന്ന ചുഴലിക്കാറ്റുകളാണ് ഫ്‌ളോറിഡയിൽ വീശിയടിച്ചത്. മണിക്കൂറിൽ ഇരുന്നൂറ് കിലോമീറ്ററോളം വേഗം കാറ്റു കൈവരിച്ചിരുന്നു. മുപ്പതോളം മൊബൈൽ കേന്ദ്രങ്ങൾ കാറ്റിൽ തകർന്നെന്നും ഇതിനാൽ ടെലികോം സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതായും നാഷനൽ വെതർ സർവീസിന്‌റെ ഡാമേജ് സർവേ വ്യക്തമാക്കി. ഫ്‌ളോറിഡയിലെ നേപ്പിൾസിൽ ഒരു ട്രക്ക് ചുഴലിക്കാറ്റിൽപെട്ട് മറിഞ്ഞുവീണു. ഫോർട് മയേഴ്‌സ് എന്ന സ്ഥലത്തിനു വടക്കായുള്ള ഷാർലറ്റ് കൗണ്ടിയിലും ചുഴലിക്കാറ്റ് വ്യപകമായ നാശനഷ്ടങ്ങൾ വരുത്തി.

നാശനഷ്ടങ്ങളുണ്ടായെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നാലുപേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. കാറ്റിന്‌റെ ശക്തി ഇപ്പോൾ ശമിച്ച നിലയാണെന്നും അപകടാവസ്ഥ കഴിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റുകൾ യുഎസിലെ സാധാരണ പ്രകൃതിപ്രതിഭാസങ്ങളാണ്. ഭൗമശാസ്ത്രപരമായ സവിശേഷതകളാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന രാജ്യങ്ങളിലൊന്നാണു യുഎസ്. കഴിഞ്ഞ വർഷം മാത്രം 1278 ചുഴലിക്കാറ്റുകളാണു രാജ്യത്തു സംഭവിച്ചത്. ഈ വർഷം ഇതുവരെ വിവിധയിടങ്ങളിലായി 35 ചുഴലിക്കാറ്റുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവമൂലം മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

MORE IN WORLD
SHOW MORE