ഭൂമിയില്‍ 'കൃത്രിമ ചന്ദ്രനെ' നിര്‍മ്മിച്ച് ചൈന; പ്രതീക്ഷയോടെ ശാസ്ത്രജ്ഞര്‍

artificial-moon
Representative Image
SHARE

ഭൂമിയില്‍ 'കൃത്രിമ ചന്ദ്ര' ഗവേഷണ സൗകര്യമൊരുക്കി ചൈന. ശക്തിയേറിയ കാന്തങ്ങള്‍ ഉപയോഗിച്ച് ഈ സ്ഥലത്തിന്റെ ഗുരുത്വാകർഷണം കുറച്ച് ചന്ദ്രനിലെ ഗുരുത്വാകര്‍ഷണത്തിന് സമാനമാക്കി നിയന്ത്രിക്കാന്‍ കഴിയും. 60 സെന്റീമീറ്റർ വ്യാസമുള്ള ഒരു വാക്വം ചേമ്പറിനുള്ളില്‍ ഗുരുത്വാകർഷണത്തെ നിയന്ത്രിച്ച് ഭൂമിയുടെ ഗുരുത്വാകർഷണം ഇല്ലാതാക്കാന്‍ ഈ  ഗവേഷണ സൗകര്യത്തിന് കഴിയും. ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ആറിലൊന്നാണ് ചന്ദ്രനിലെ ഗുരുത്വാകര്‍ഷണം. ഭൂമിയില്‍ എല്ലായിടത്തും ഗുരുത്വാകർഷണബലം  ഉണ്ടായിരുന്നിട്ടും ഇത്തരമൊരു സൗകര്യമൊരുക്കി ഗുരുത്വാകര്‍ഷണം നിയന്ത്രിക്കുന്നത് ഭാവിയിൽ ചന്ദ്രനിലേക്കുള്ള ദൗത്യങ്ങളിൽ ശാസ്ത്രജ്ഞരെ സഹായിക്കുന്ന ഒരു സുപ്രധാന നേട്ടമാകും. പക്ഷെ, ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന അറയുടെ വലിപ്പം കുറവായതിനാൽ, ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കാൻ ഇത് ഉപയോഗിക്കാൻ കഴിയില്ല. നിലവിൽ, മൈക്രോ ഗ്രാവിറ്റി സാഹചര്യങ്ങൾക്കായി ഉയർന്ന പാരാബോളിക് വിമാനങ്ങളിലാണ് നാസ ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നത്.  

ചൈനയിൽ പുതുതായി നിർമ്മിച്ച ഈ ഗവേഷണ കേന്ദ്രത്തില്‍ എത്ര നേരം വേണമെങ്കിലും കുറഞ്ഞ ഗുരുത്വാകർഷണത്തില്‍ നിലനിർത്താൻ കഴിയും. ചന്ദ്രോപരിതലത്തിന് സമാനമാക്കാന്‍ അറയിൽ പാറകളും പൊടിയും നിറയ്ക്കുമെന്നും  ലോകത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പരീക്ഷണം ഇതാദ്യമെന്നും ചൈന മൈനിംഗ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയർ ലി റുയിലിൻ പറയുന്നു. ചൈനയുടെ നിലവിലുള്ള ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ വർദ്ധിപ്പിക്കുന്നതിനും ചന്ദ്രനിലേക്ക് അയയ്ക്കാൻ ഉദ്ദേശിക്കുന്ന സാങ്കേതികവിദ്യകൾ വിപുലമായി തന്നെ പരീക്ഷിക്കാനും ഇത് ഉപകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. യഥാർത്ഥ ദൗത്യത്തിന് മുന്‍പ് ഒരു സിമുലേറ്റഡ് ചാന്ദ്ര അന്തരീക്ഷത്തിൽ ഉപകരണങ്ങള്‍ പരിശോധിക്കാനും വിലകൂടിയ ഉപകരണങ്ങളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും സഹായകമാകും. 

കാന്തങ്ങൾ ഉപയോഗിച്ച് തവളയെ ഗുരുത്വാകര്‍ഷണമില്ലാതെ നിലനിര്‍ത്താന്‍ 1997-ൽ നടത്തിയ പരീക്ഷണമാണ് ഗവേഷണത്തിന് പ്രചോദനമായതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാത്തിനും ദുര്‍ബലമായ ഡയമാഗ്നെറ്റിസമാണ്. ഒരു ഡയമാഗ്നെറ്റിക് ഒബ്ജക്റ്റ് കാന്തിക വലയത്തില്‍ വികര്‍ഷിക്കുന്നു. അതിനാൽ, ഒരു ഡയമാഗ്നെറ്റിക് ഒബ്‌ജക്റ്റ് ശക്തമായ കാന്തിക വലയത്തില്‍ സ്ഥാപിക്കുകയാണെങ്കിൽ, അതിന്റെ വികർഷണത്തിന് ഗുരുത്വാകർഷണത്തെ സന്തുലിതമാക്കാനും ആ വസ്തുവിനെ വായുവില്‍ നിര്‍ത്താനും കഴിയും.

1997-ല്‍ ഡച്ച്-ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ ആന്ദ്രെ ഗീം തവളയെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിന് 2000-ലെ ഇഗ് നോബൽ സമ്മാനം ലഭിച്ചിരുന്നു. അസാധാരണമായ ശാസ്ത്ര നേട്ടങ്ങൾക്കാണ് ഇഗ് നോബൽ സമ്മാനം നൽകുന്നത്.

MORE IN WORLD
SHOW MORE