നൂറുകണക്കിന് മാനുകൾക്ക് കോവിഡ്, കാരണം കണ്ടെത്തി ഗവേഷകർ, ആശങ്ക!

deer-covid
SHARE

ലോകമെമ്പാടും കോറോണവൈറസ് പിടിമുറുക്കിയതോടെ മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും ആശങ്കയിലാണ്. പലയിടങ്ങളിലും വളർത്തുമൃഗങ്ങൾക്കും മൃഗശാലയിൽ പാർപ്പിച്ചിട്ടുള്ളവയ്ക്കും രോഗം ബാധിക്കുന്നതായും മരണം സംഭവിക്കുന്നതായുമുള്ള  വാർത്തകൾ പുറത്തു വരുന്നുണ്ട്. എന്നാൽ മൃഗങ്ങളിൽ രോഗവ്യാപനം അധികരിക്കുന്നു എന്ന ആശങ്ക ഉളവാക്കുന്ന ഒരു വാർത്തയാണ് അമേരിക്കയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അമേരിക്കയിലെ വനമേഖലയിൽ ജീവിക്കുന്ന വൈറ്റ് ടെയ്ൽഡ് ഇനത്തിൽപ്പെട്ട മാനുകളിലാണ് കൊറോണ വൈറസ് രോഗം പടർന്നു പിടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. 

ഇല്ലിനോയിസ്, മിഷിഗൺ, പെൻസിൽവാനിയ, ന്യൂയോർക്ക്, ഓഹിയോ തുടങ്ങിയ സ്ഥലങ്ങളിലാണ് നൂറുകണക്കിന് മാനുകള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയത്. 2020 ഡിസംബർ മാസത്തിൽ പെൻസിൽവാനിയയിലെ വൈറ്റ് ടെയ്ൽഡ് മാനുകളിൽ നടത്തിയ  പരിശോധനകളിൽ 80 ശതമാനത്തിലധികവും കോവിഡ് ബാധിച്ചവയാണെന്ന ഫലമാണ് ലഭിച്ചത്. മിഷിഗണിൽ പരിശോധിച്ചതിൽ 67 ശതമാനത്തിനാണ് രോഗബാധയുള്ളത്. ഇതിനോടകം ആയിരക്കണക്കിന് മാനുകൾക്ക് രോഗം ബാധിച്ചിരിക്കാനാണ് സാധ്യത. ഈ സ്ഥിതി  എത്രയും വേഗം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ 30 ദശലക്ഷത്തോളം മൃഗങ്ങളിൽ രോഗം പടർന്നു പിടിക്കും എന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. 

എന്നാൽ വന്യമൃഗങ്ങളിൽ രോഗം എങ്ങനെ പടർന്നു പിടിച്ചു എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തമായ നിഗമനങ്ങളിൽ എത്തിച്ചേരാൻ സാധിച്ചിട്ടില്ല. എങ്കിലും  മനുഷ്യവിസർജ്യമടക്കമുള്ള മാലിന്യങ്ങൾ കലർന്ന ജലം കുടിച്ചതിലൂടെയാവാം മാനുകൾക്ക് രോഗം ബാധിച്ചതെന്നാണ് നിഗമനം. ഇതിനു മുൻപ് രോഗം സ്ഥിരീകരിച്ച മൃഗങ്ങൾ മനുഷ്യരുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നവയായിരുന്നതിനാൽ വന്യമൃഗങ്ങൾ സുരക്ഷിതരാണെന്ന ആശ്വാസമാണ് മാനുകളിൽ രോഗവ്യാപനം ഉണ്ടായതോടെ അസ്തമിച്ചിരിക്കുന്നത്. 

അതേസമയം മാനുകളിൽനിന്നും മനുഷ്യരിലേക്ക് രോഗം പകർന്നതായി ഒരു കേസ് പോലും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മാനുകളിൽ നടത്തിയ പരിശോധനകളിൽ സാർസ് കോവ് 2-വിന്റെ മൂന്ന് വകഭേദങ്ങളാണ് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുള്ളത്. മൃഗങ്ങൾക്കിടയിൽ തന്നെ രോഗം പടർന്നുപിടിച്ചാൽ  വൈറസുകൾക്ക് ജനിതകമാറ്റം സംഭവിച്ച് പുതിയ വകഭേദങ്ങൾ ഉണ്ടാകാനും  കൂടുതൽ ആശങ്കാജനകമായ സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറാനും സാധ്യതയുള്ളതായാണ് ഗവേഷകരുടെ വിലയിരുത്തൽ. 

2020 ഡിസംബറിലും 2021 ജനുവരിയിലും നടത്തിയ പഠനഫലങ്ങളിൽ കുറച്ചുകൂടി വ്യക്തത കൈവരിക്കുന്നതിന് വേണ്ടി അമേരിക്കയിലെ ആനിമൽ ആൻഡ് പ്ലാന്റ് ഹെൽത്ത് ഇൻസ്പെക്‌ഷൻ സർവീസ് വിഭാഗം 2021 ജൂലൈയിൽ കൂടുതൽ വിശദമായ പഠനങ്ങൾ നടത്തിയിരുന്നു. വൈറ്റ് ടെയ്ൽഡ് മാനുകളിൽനിന്നും ആകെ ശേഖരിച്ച സാമ്പിളുകളിൽ 33 ശതമാനത്തിലും ആന്റിബോഡികളുടെ സാന്നിധ്യമുള്ളതായാണ് കണ്ടെത്തിയത്. അതേസമയം മിഷിഗണിലെ മാത്രം കാര്യമെടുത്താൽ 60% മാനുകൾക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ് തിരിച്ചറിയാൻ സാധിച്ചത്. വന്യമൃഗങ്ങൾക്കിടയിൽ രോഗം കൂടുതലായി പടർന്നു പിടിക്കുന്നത് ഭാവിയിലും കോവിഡ് മനുഷ്യരിലേക്ക് പകരുന്നതിന് കാരണമാകും എന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവയ്ക്കുന്നത്.

MORE IN WORLD
SHOW MORE