കടം വീട്ടിയില്ല; യുഗാണ്ടയുടെ ഒരേയൊരു വിമാനത്താവളം ചൈന പിടിച്ചു? അഭ്യൂഹം

entebbe-28
ചിത്രം; ഗൂഗിൾ
SHARE

വായ്പയെടുത്തത് തിരിച്ചടയ്ക്കുന്നതിൽ വന്ന വീഴ്ചയെ തുടർന്ന് യുഗാണ്ടയിലെ ഏക വിമാനത്താവളമായ എന്റബേ എയർപോർട്ട് ചൈന പിടിച്ചെടുത്തേക്കുമെന്ന് അഭ്യൂഹങ്ങൾ. ആശങ്കകളെ തുടർന്ന് ചർച്ചകൾക്കായി യുഗാണ്ടൻ പ്രസിഡന്റ് യൊവേരി മൂസവനി പ്രതിനിധി സംഘത്തെ ബെയ്ജിങിലേക്ക് അയച്ചു.

2015ലാണ് എന്റബേ വിമാനത്താവള വികസനത്തിനായി യുഗാണ്ട ചൈനയിൽ നിന്ന് 20 കോടി ഡോളർ വായ്പയെടുത്തത്. യുഗാണ്ടയുടെ ധനമന്ത്രാലയവും വ്യോമമന്ത്രാലയവുമാണു കരാറിൽ ഒപ്പുവച്ചത്. 20 വർഷമായിരുന്നു വായ്പാ കാലാവധി. ഏഴ് വർഷം അധികമായി നൽകാനും കരാറിൽ ധാരണയുണ്ടായിരുന്നു. കരാറിൽ 13 പുതിയ വ്യവസ്ഥകള്‍ ചൈന പിന്നീട് കൂട്ടിച്ചേർത്തു. ഇതുപ്രകാരം ലോണിനു മേൽ ഏതെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്ന പക്ഷം എയർപോർട്ട് ചൈനീസ് കൈവശാവകാശത്തിൽ പോകുന്നതിനെ സാധൂകരിക്കുന്നു. അതുകൂടാതെ അനുവദിച്ച ലോൺ തുകയുടെ ക്രയവിക്രയവും ചൈനീസ് ബാങ്കിന്റെ മാത്രം അധികാരപരിധിയിൽ വരുന്ന കാര്യമാണ്. വിചിത്ര വ്യവസ്ഥകളാണ് ലോണിലുള്ളതെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കരാർ പരിഷ്കരിക്കണമെന്നും വിവാദ വ്യവസ്ഥകൾ ഒഴിവാക്കി ആശങ്കകൾ പരിഹരിക്കണമെന്ന ആവശ്യം ചൈന നിരന്തരം നിരസിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. 

ധനം ആവശ്യമുള്ള രാജ്യങ്ങൾക്ക് പണം കടംകൊടുത്ത് അവർക്കു മേൽ ആധിപത്യം നേടുന്ന ഡെബ്റ്റ് ട്രാപ് ഡിപ്ലോമസി അഥവാ കടക്കെണി നയതന്ത്രം ചൈനയുടെ വിദേശകാര്യ തന്ത്രങ്ങളിലെ പ്രധാന ആയുധമാണ്. ചൈനയ്ക്ക് ഏറ്റവും താൽപര്യമുള്ള പസിഫിക്, ആഫ്രിക്കൻ മേഖലകളിൽ നയപരവും പ്രതിരോധപരവുമായ ആധിപത്യത്തിനായാണ് ഇതുപയോഗിക്കുന്നതെന്നും അഭ്യൂഹമുണ്ട്. പ്രകൃതി സമ്പന്നമായ കോംഗോ, റവാണ്ട, കെനിയ, തെക്കൻ സുഡാൻ, ടാൻസാനിയ തുടങ്ങിയ രാജ്യങ്ങളുടെ സമീപരാജ്യമായ യുഗാണ്ടയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യം ചൈന കൽപിക്കുന്നുണ്ട്. അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ചൈനയുടെ ഈ നയത്തിനെതിരെ വലിയ വിമർശനം ഉന്നയിച്ചിരുന്നു. 

MORE IN WORLD
SHOW MORE