മൂന്നു കൊല്ലമായി കുളിച്ചിട്ടില്ല; തല നിറയെ അഴുക്ക്; നോവായി സിമോണയുടെ കഥ

hairgirl
SHARE

കുളിച്ച് വൃത്തിയാവുക എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് വലിയ കാര്യമാണ്. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി മുടി കഴുകാത്ത ഒരു കുട്ടിയുടെ വിഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വർഷങ്ങളായി കഴുകാത്തതിനാൽ തലമുടി ഏറെ വൃത്തിഹീനമായിരിക്കുകയാണ്. 

സിമോണ എന്നാണ് കുട്ടിയുടെ പേര്. ഇക്കഴിഞ്ഞ മൂന്നു വർഷങ്ങളിൽ ഒരിക്കൽ പോലും കുട്ടി തലമുടി കഴുകിയിരുന്നില്ലന്നു മാത്രമല്ല, തന്റെ മുടിയിൽ തൊടാനും ആരെയും അനുവദിച്ചിരുന്നില്ല. കഴുകി വൃത്തിയാക്കിയിരുന്നില്ലെങ്കിലും മുടി നീണ്ടു വളർന്നിരുന്നു. കെട്ടുപിണഞ്ഞും അഴുക്ക് പുരണ്ടതുമായ തലമുടി വെട്ടിക്കളയുക എന്നതല്ലാതെ മറ്റൊരു വഴിയും ഹെയർ സ്റ്റൈലിസ്റ്റിനു മുമ്പിലുണ്ടായിരുന്നില്ല. മുടി വെട്ടുമ്പോൾ സിമോണ കരയുന്നതും വിഡിയോയിൽ കാണാം.

മാതാപിതാക്കൾ ഒരു കുഞ്ഞിനേയും ഇത്തരത്തിൽ അവഗണിക്കരുതെന്നാണ് സിമോണയെ ആദ്യനോട്ടത്തിൽ കാണുന്നവരുടെയെല്ലാം അഭിപ്രായം. പക്ഷെ യഥാർത്ഥ കഥ അറിയുമ്പോൾ കാണുന്നവരുടെയെല്ലാം കണ്ണുകൾ നിറയും. സിമോണയുടെ തലമുടി കഴുകി വൃത്തിയാക്കിയിരുന്നതും പൂവുകൾ കൊണ്ട് അലങ്കരിച്ചിരുന്നതും അമ്മയായിരുന്നു. എന്നാൽ മാതാവിനെ നഷ്ടപ്പെട്ടതിനു ശേഷം  ഭയത്തിന്റെ കണികകൾ വന്നു പൊതിയുമ്പോൾ അവൾക്കു  ആശ്വാസമായിരുന്നതു ആ മുടിയിഴകളായിരുന്നു. സിമോണ ആ ഏകാന്തതയിൽ നിന്നും രക്ഷ നേടിയിരുന്നത് മുടിയിൽ പൂക്കൾ വെച്ചായിരുന്നു. സിമോണയുടെ തലമുടിയെ ഏറെ ഇഷ്ടപ്പെടുകയും നല്ലതുപോലെ പരിചരിക്കുകയും ചെയ്തിരുന്നു അവളുടെ അമ്മ. മാതാവ് മരിച്ചതിനു ശേഷം കുടുംബത്തിലാരെയും തന്നെ തന്റെ മുടിയിൽ സ്പർശിക്കാൻ അവൾ സമ്മതിച്ചില്ല. 

തന്റെ അമ്മയുടെ അസാന്നിധ്യം സൃഷ്‌ടിച്ച വിടവ് സിമോണ നികത്തിയത് മാർത്ത എന്ന സ്ത്രീയിലൂടെയായിരുന്നു. മാർത്ത അവളെ സ്വന്തം മകളെ പോലെ  കരുതുകയും സ്നേഹിക്കുകയും ചെയ്തു. അമ്മ നഷ്ടപ്പെട്ടതിന്റെ ദുഃഖം ഒരളവ് വരെ നികത്താൻ മാർത്തയുടെ സാമീപ്യത്താൽ സിമോണയ്ക്കു കഴിഞ്ഞു. ആ വളർത്തമ്മയുടെ സ്നേഹത്തിനു വഴങ്ങിയാണ് കുട്ടി തന്റെ മുടി മുറിച്ചു കളയാൻ തീരുമാനിച്ചത്. വർഷങ്ങൾക്കിപ്പുറം താൻ സുരക്ഷിതയും സന്തോഷവതിയുമാണെന്നു അവൾ പറയുന്നു. സിമോണ തന്റെ നീണ്ടു വളർന്നു കിടക്കുന്ന മുടി മുറിച്ചു കളയുക മാത്രമല്ല, പുതുജീവിതത്തിന്റെ സന്തോഷത്തെ സൂചിപ്പിക്കാനെന്ന പോലെ  തലയിൽ അഗ്‌നിയുടെ ചിത്രം വരയ്ക്കുകയും ചെയതു. വിഡിയോ എവിടെ നിന്നുള്ളതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. 

MORE IN WORLD
SHOW MORE