അതിർത്തി സംരക്ഷിക്കാൻ പുതിയ നിയമവുമായി ചൈന; ഇന്ത്യയെ ബാധിക്കുമോ?

china-army-new
SHARE

അതിർത്തി സുരക്ഷ വർധിപ്പിക്കാൻ പുതിയ നിയമവുമായി ചൈന. ഇന്ത്യയുമായി അതിർത്തിയിൽ തുടരുന്ന സംഘർഷം, താലിബാൻ അഫ്ഗാൻ ഭരണം ഏറ്റെടുത്തതോടെയുണ്ടായ അഭയാർഥികളുടെ വരവ്, തെക്ക് കിഴക്കൻ ഏഷ്യയിൽനിന്നുള്ള കോവിഡ് വ്യാപനം എന്നിവ കണക്കാക്കി അതിർത്തിയിൽ സുരക്ഷ വർധിപ്പിക്കാനാണ് ചൈന ഒരുങ്ങുന്നതെന്നാണ് വിവരം.

പുതിയ നിയമം ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ അതിർത്തി സുരക്ഷ കൈകാര്യം ചെയ്യുന്നതിനെ ഇതു ബാധിക്കില്ലെങ്കിലും അതിർത്തി പ്രദേശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ചൈനയുടെ കഴിവിലുള്ള ആത്മവിശ്വാസം വർധിപ്പിക്കുമെന്നാണ് നിഗമനം.

താലിബാൻ ഭരണത്തിലേറിയതു മുതൽ ചൈനയിലെ സിൻജിയാങ് മേഖലയിലെ മുസ്‌ലിം വിഭാഗമായ ഉയിഗുറുകളുമായി ബന്ധം സ്ഥാപിക്കുന്നതിനായി അഭയാർഥികൾ കടന്നുവരുന്നത് തടയാൻ അഫ്ഗാനിസ്ഥാനെ നിരന്തരമായി നിരീക്ഷിക്കുകയാണ് ചൈന. അതുപോലെ 2020 ഏപ്രിൽ മുതൽ ഹിമാലയൻ അതിർത്തിയിൽ ഇന്ത്യ– ചൈന സൈന്യങ്ങൾ തമ്മിൽ നിരന്തര സംഘർഷത്തിലാണ്.

മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അനധികൃത കടന്നുകയറ്റം ചൈനയ്ക്ക് തലവേദനയാണ്. തെക്കൻ പ്രവിശ്യകളിൽ ഈ വർഷം കോവിഡ് വർധിക്കാൻ ഇത് കാരണമായെന്നാണ് വിലയിരുത്തൽ. അതിനാൽ കൊറോണ വൈറസിനെ അകറ്റി നിർത്താൻ എന്തും ചെയ്യുമെന്ന സ്ഥിതിയിലാണ് ചൈന.

കമ്യൂണിസ്റ്റ് ഭരണം നിലവിൽവന്നതിനുശേഷം ആദ്യമായാണ് ചൈന അതിർത്തി എങ്ങനെയാണ് ഭരിക്കുന്നതെന്നും സംരക്ഷിക്കുന്നതെന്നും വ്യക്തമാക്കുന്ന ഒരു സമർപ്പിത നിയമം ഉണ്ടാക്കുന്നത്. ഉത്തര കൊറിയയും റഷ്യയും ഉൾപ്പെടെ 14 രാജ്യങ്ങളുമായി ഏതാണ്ട് 22,000 കിലോമീറ്റർ (14,000 മൈൽ) അതിർത്തിയാണ് ചൈന പങ്കിടുന്നത്. പ്രാദേശിക പരമാധികാരവും അതിർത്തി സുരക്ഷയും പരിപാലിക്കുന്നതിനായി രാജ്യം ഫലപ്രദമായ നടപടികൾ കൈക്കൊള്ളുമെന്നാണ് നിയമത്തിൽ വിശദീകരിക്കുന്നത്.

ആക്രമണം, നുഴഞ്ഞുകയറ്റം, പ്രകോപനം എന്നിവയിൽനിന്ന് ചൈനീസ് സൈന്യവും (പീപ്പിൾസ് ലിബറേഷൻ ആർമി) പൊലീസും(പീപ്പിൾസ് ആം‍ഡ് പൊലീസ് ഫോഴ്സ്) രാജ്യത്തെ സംരക്ഷിക്കുമെന്നും വ്യക്തമാക്കുന്നു. അതിർത്തി സുരക്ഷയെ ബാധിക്കുന്ന തരത്തിൽ യുദ്ധമോ സൈനിക സംഘർഷമോ ഉണ്ടായാൽ അതിർത്തി അടച്ചിടാമെന്നും നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...