മറക്കല്ലേ, മറവിരോഗികളെ ചേര്‍ത്തുപിടിക്കാൻ; ഇന്ന് ലോക മറവിദിനം

alzhemers-day
SHARE

ഇന്ന് ലോക മറവിരോഗ ദിനം. രാജ്യത്തെ തന്നെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദ നഗരമാക്കി കൊച്ചിയെ മാറ്റാനുള്ള തയാറെടുപ്പിലാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ ഗവേഷക സംഘം. സംസ്ഥാനത്ത് വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മറവിരോഗ ബാധിതരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷകസംഘത്തിന്റെ കണ്ടെത്തലും.

മറവിയ്ക്ക് കീഴ്്പെടാന്‍ മനസില്ല എഴുപത്തിയഞ്ചുകാരി സരസ്വതിക്ക്. എഴുപത്തിരണ്ടാം വയസ് മുതല്‍ മറവിരോഗവുമായുള്ള പോരാട്ടത്തിലാണ് ഈ അമ്മ. കൂട്ടായി നാലാം ക്ലാസുകാരിയായ കൊച്ചുമകള്‍ സംയുക്തയുമുണ്ട്. ഒാരോ സെക്കന്‍ഡിലും ഭൂമുഖത്ത് ഒരാള്‍ വീതം മറവിരോഗത്തിന് അടിപ്പെടുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ പഠന റിപ്പോര്‍ട്ട്. തലച്ചോറിന്റെ അടിസ്ഥാനകോശങ്ങളായ ന്യൂറോണുകള്‍ ക്ഷയിക്കുകയോ, മൃതമാവുകയോ ചെയ്യുമ്പോള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കാതെ വരുന്നു. ഇങ്ങനെ നാഡീഞരമ്പുകളിലുണ്ടാകുന്ന മാറ്റങ്ങള്‍ ഒാര്‍മശക്തിയേയും ബുദ്ധിശക്തിയേയും പെരുമാറ്റത്തേയുമെല്ലാം ബാധിക്കുന്നു. ഇതാണ് മറവിരോഗം. തുടക്കത്തിലെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ കൃത്യമായ പരിചരണത്തിലൂടെ രോഗാവസ്ഥയെ തടഞ്ഞ് നിര്ത്താനുമാകും. സരസ്വതിയമ്മയ്ക്കായ് മകള്‍ ജാനകിയും കൊച്ചുമകള്‍ സംയുക്തയും ചെയ്യുന്നതും അത് തന്നെയാണ്

മറവിരോഗികളുടെ എണ്ണത്തില്‍ സംസ്ഥാനം ഒട്ടും പിറകിലല്ലെന്നാണ് കുസാറ്റിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിലെ ഗവേഷക സംഘം നല്‍കുന്ന സൂചനകള്‍. പഠനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ ചില പഞ്ചായത്തുകളിലാണ് പഠനം നടത്തിയത്. ഒാരോ പഞ്ചായത്തിലേയും 100 മുതല്‍ 150 വരെ ആളുകളെ നേരില്‍ കണ്ട് ചോദ്യങ്ങള്‍ ചോദിച്ചായിരുന്നു സര്‍വേ. പത്തിലധികം പേരിലാണ് ഡിമന്‍ഷ്യ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. കോവിഡ് മഹാമാരിയും മറവിരോഗമുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. പ്രായാധിക്യം മാത്രമല്ല ഉറക്ക കുറവ്, അമിത മദ്യപാനം, വ്യായാമക്കുറവ്, ഒറ്റപ്പെടല്‍, വിഷാദം, തൈറോയ്ഡ് തുടങ്ങിയ അവസ്ഥകളും മറവി രോഗത്തിന് കാരണമാകാം. ഇത്തരം രോഗികളുടെ ചികിത്സയും പരിചരണവും ചെലവേറിയതാണ്. കുസാറ്റിലെ ഗവേഷകസംഘവുമായി ചില സന്നദ്ധസംഘടനകള്‍ കൂടി സഹകരിച്ചതോടെ കൊച്ചിയെ രാജ്യത്തെ ആദ്യ ഡിമെന്‍ഷ്യ സൗഹൃദനഗരമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്കും ആക്കം കൂടി. മെമ്മറി ക്ലിനിക്, ഡേകെയര്‍ സെന്ററുകള്‍, മെമ്മറി കഫേ, ഡിമെന്‍ഷ്യ ബാധിതര്ക്കായുള്ള മൊബൈല്‍ ആപ് എന്നിവയാണ് യാഥാര്‍ഥ്യമാകുന്നത്.

ഡിമെന്‍ഷ്യ ബാധിതരെ പരിചരിക്കുന്നവരും സമൂഹത്തിന്റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. മറവി രോഗത്തിന്റെ ബോധവത്കരണവും, പരിചരണവും സംസ്ഥാന സര്‍ക്കാര്‍ നയമായി പ്രഖ്യാപിച്ചാല്‍ മറ്റ് ജില്ലകളിലും പദ്ധതി നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് കുസാറ്റിലെ ഗവേഷക സംഘം. മറവിയിലേക്ക് നടന്ന് തുടങ്ങുന്നവരെ നമ്മള്‍ എങ്ങിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് കൂടി പറയും സരസ്വതി ശ്രീനിവാസന്റെ മകള്‍ ജാനകി

MORE IN KERALA
SHOW MORE
Loading...
Loading...