'ഞങ്ങളുടെ വസ്ത്രത്തില്‍ തൊടരുത്’; അഫ്ഗാന്‍ സ്ത്രീകളുടെ ഹാഷ്ടാഗ് രോഷം കത്തുന്നു

womens-fight-against-hijab-mandate
SHARE

താലിബാന്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഒരോ പരിഷ്കരണത്തിനെതിരെയും പ്രതിഷേധം കനക്കുകയാണ്. ഇതില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തിന് വരെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയ്ൻ നടത്തിയാണ് ഇപ്പോള്‍ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. പുതിയ വിദ്യാഭ്യാസ നയത്തില്‍ ഹിജാബ് നിര്‍ബന്ധമാക്കിയതോടെ ക്യാംപെയ്നിനെ അനുകൂലിച്ച് നിരവധി സ്ത്രീകള്‍ രംഗത്ത് വരുന്നു. #DoNotTouchMyClothes, #AfghanistanCulture എന്നീ ഹാഷ്ടാഗുകളാണ് ക്യാംപെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ലോകത്തെമ്പാടുമുള്ള സ്ത്രീകള്‍ ക്യാപെയിനിന്‍റെ ഭാഗമാകുന്നുണ്ട്. പരമ്പരാഗത അഫ്ഗാൻ ശൈലിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുള്ള ചിത്രങ്ങളാണ് സ്ത്രീകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കുന്നത്. അഭിമാനത്തോടെയാണ് പരമ്പരാഗത അഫ്ഗാന്‍ വസ്ത്രം ധരിക്കുന്നത് എന്നു പറഞ്ഞാണ് പലരും ചിത്രങ്ങൾ പങ്കുവച്ചത്. ഇതാണ് യഥാർഥ അഫ്ഗാൻ സംസ്കാരവും പരമ്പരാഗത വസ്ത്രവും എന്നു പലരും കമന്റ് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ വലിയ രീതിയിലുള്ള അടിച്ചമർത്തലുകളാണ് നേരിടുന്നത്. സർവകലാശാലകളിൽ ലിംഗപരമായ വേർതിരിവുണ്ട്. കോളജുകളിൽ ഹിജാബ് നിർബന്ധമാക്കി. അഫ്ഗാനിലെ നയങ്ങളുമായി ഒരിക്കലും ഒത്തുപോകാന്‍ പറ്റില്ലെന്ന് ഇക്കൂട്ടർ പറയുന്നു.

അതേസമയം, പുതിയ വിദ്യാഭ്യാസ നയവും താലിബാൻ കൊണ്ടുവന്നിരുന്നു. അഫ്ഗാനിസ്ഥാനിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സർവകലാശാലകളിൽ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെൺകുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാർ മാത്രം ആയിരിക്കും. വിദ്യാർഥിനികൾ ഹിജാബ് ധരിക്കണം. താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് അധ്യാപികമാരുള്ളത് ഭാഗ്യമായെന്നും ഹഖാനി പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...