300 സ്ത്രീകളുടെ പ്രകടനം; താലിബാൻ കേമമെന്ന് വാദം; പിന്തുണ പ്രഖ്യാപനം

taliban-women-support
Photo: Twitter
SHARE

അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെയും അവർ മുന്നോട്ടുവയ്ക്കുന്ന നിയമങ്ങളെയും പിന്തുണച്ച് സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും പൂർണമായും മൂടുന്ന വസ്ത്രം ധരിച്ച് 300 സ്ത്രീകൾ പൊതുചടങ്ങിൽ പങ്കെടുക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയറ്ററിൽ നടത്തിയ ചടങ്ങിലാണ് സ്ത്രീകൾ പങ്കെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. താലിബാൻ പതാക വീശി, നയങ്ങൾക്ക് പൂർണ പിന്തുണയും പ്രഖ്യാപിച്ചു. താലിബാന്റെ സ്ത്രീവിരുദ്ധ നടപടികളിൽ രോഷം കനത്തതിന് പിന്നാലെയാണ് ഈ നീക്കം എന്നതും ശ്രദ്ധേയം.

പുതിയ വിദ്യാഭ്യാസ നയവും താലിബാൻ െകാണ്ടുവന്നു.അഫ്ഗാനിസ്ഥാനിൽ ഇനി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സർവകലാശാലകളിൽ പ്രത്യേക ക്ലാസ് മുറികളുണ്ടാകും. പെൺകുട്ടികളെ പഠിപ്പിക്കുന്നത് അധ്യാപികമാർ മാത്രം ആയിരിക്കും. വിദ്യാർഥിനികൾ ഹിജാബ് ധരിക്കണം. താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുൽ ബഖി ഹഖാനി ആണ് വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചത്. രാജ്യത്ത് ആവശ്യത്തിന് അധ്യാപികമാരുള്ളത് ഭാഗ്യമായെന്നും ഹഖാനി പറഞ്ഞു. 

അത്യാവശ്യ ഘട്ടങ്ങളിൽ അധ്യാപകരുടെ ക്ലാസിൽ പെൺകുട്ടികൾക്ക് ഇരിക്കേണ്ടിവന്നാൽ ശരിയത്ത് പ്രകാരമുള്ള വേഷം ധരിച്ചിരിക്കണം  ആൺകുട്ടികൾ ഉള്ള ക്ലാസ് മുറികളാണെങ്കിൽ രണ്ടായി തിരിച്ചിരിക്കണം. സിസിടിവി വഴിയും ക്ലാസ് നടത്താം. ഇസ്‌ലാമിക രീതിയിലുള്ള വേഷം നിർബന്ധമാണെന്ന് മാധ്യമസമ്മേളനത്തിൽ പറഞ്ഞ ഹഖാനി പക്ഷേ മുഖംമറയ്ക്കണമോ എന്ന കാര്യം വ്യക്തമാക്കിയില്ല. കരിക്കുലത്തിൽ മാറ്റം വരുത്തും.  20 വർഷം മുൻപ് താലിബാൻ ഭരണം നടത്തിയപ്പോൾ സ്ത്രീകൾക്ക് പുറത്തുപോകാനോ പഠിക്കാനോ അനുവാദം ഉണ്ടായിരുന്നില്ല.

‘താലിബാൻ യൂണിവേഴ്സിറ്റി’ എന്നറിയിപ്പെടുന്ന പാക്കിസ്ഥാനിലെ ഹഖാനിയ സെമിനാരിയിൽ ആണ് താൻ പഠിച്ചതെന്ന് താലിബാൻ വക്താവ് സബിയുല്ല മുജാഹിദ് വെളിപ്പെടുത്തി. ഇപ്പോഴത്തെ പല മന്ത്രിമാരും അവിടെ പരിശീലനം ലഭിച്ചവരാണെന്നും പാക്ക് സർക്കാർ അതിന് ധനസഹായം നൽകിയിരുന്നതായും മുജാഹിദ് വെളിപ്പെടുത്തി.

ഇതിനിടെ കാബൂളിലെ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് കാബൂൾ ഇന്റർനാഷനൽ എയർപോർട്ട് എന്നാക്കി മാറ്റി. മുൻ വൈസ് പ്രസിഡന്റ് അബ്ദുൽ റഷീദ് ദോസ്തം താമസിച്ചിരുന്ന ആഡംബര ബംഗ്ലാവ് താലിബാൻ സംഘം പിടിച്ചെടുത്തു.

MORE IN WORLD
SHOW MORE
Loading...
Loading...