കൊല്ലപ്പെട്ടെന്ന് ‘കരുതുന്ന’ അൽ ഖായിദ നേതാവ് ജീവനോടെ?; പുതിയ വിഡിയോ

ayman-zawahari
SHARE

കഴിഞ്ഞ നവംബറിൽ സൈനികാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന അൽ ഖായിദ നേതാവ് അയ്‌മാൻ അൽ സവാഹിരിയുടെ ഒരു മണിക്കൂർ വിഡിയോ പുറത്തുവിട്ടു. സെപ്റ്റംബർ 11 ഭീകരാക്രണത്തിന്റെ വാർഷികദിനത്തിലാണ് വിഡിയോ പുറത്തുവന്നിരിക്കുന്നത്. വിഡിയോയിൽ അടുത്തിടെ സംഭവിച്ച ചില കാര്യങ്ങൾ പറയുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ജിഹാദി ഗ്രൂപ്പുകളുടെ ഓൺലൈൻ പ്രവർത്തനം നിരീക്ഷിക്കുന്ന യുഎസ് ആസ്ഥാനമായുള്ള സൈറ്റ് ഇന്റലിജൻസ് ഗ്രൂപ്പാണ് അൽ ഖായിദ പുറത്തുവിട്ട ഒരു മണിക്കൂർ ദൈർഘ്യമുള്ള വിഡിയോയെക്കുറിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. റഷ്യൻ സൈനിക താവളത്തിലെ റെയ്ഡ് തുടങ്ങി ചില വിഷയങ്ങൾ സവാഹിരി സംസാരിച്ചതായി സൈറ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അഫ്ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതിനെക്കുറിച്ച് സവാഹിരി പരാമർശിച്ചിട്ടില്ലെന്ന് സൈറ്റ് ഡയറക്ടർ റീത്ത കാറ്റ്സ് അഭിപ്രായപ്പെട്ടു. 

ഈജിപ്‌ത് വംശജനായ അൽ ഖായിദ നേതാവാണ് അയ്‌മാൻ അൽ സവാഹിരി. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ സംരക്ഷണയിൽ കറാച്ചിയിൽ ഒളിവിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനു പിന്നാലെയാണ് കൊല്ലപ്പെട്ടതായും വാർത്തവന്നത്. 2001ൽ അഫ്‌ഗാനിസ്ഥാനിൽനിന്നു യുഎസ് സേന അൽ ഖായിദയെ തുരത്തിയതു മുതൽ സവാഹിരിയെ പാക്കിസ്ഥാൻ സംരക്ഷിച്ചുവരികയാണെന്നും റിപ്പോർട്ടുകളുണ്ട്. 

പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് അൽ ഖായിദ മേധാവിയായിരുന്ന ഒസാമ ബിൻ ലാദൻ 2011 മേയ് രണ്ടിനു യുഎസ് കമാൻഡോകളുടെ മിന്നലാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബിൻ ലാദനു ശേഷം അൽ ഖായിദയെ നയിച്ചതു സവാഹിരിയാണ്.

MORE IN WORLD
SHOW MORE
Loading...
Loading...