‘അഫ്ഗാനിൽ ചൈന വിരുദ്ധത അനുവദിക്കില്ല’; താലിബാനോട് അടുത്ത് ചൈന; ആശങ്ക

china-taliban
SHARE

യുഎസ് പിന്‍വാങ്ങിയ അഫ്ഗാനിസ്ഥാനില്‍ വന്‍മുന്നേറ്റം നടത്തുന്ന താലിബാന്‍ ചൈനയുമായി കൂടുതല്‍ അടുക്കുന്നു. ചൈനയിലെത്തിയ ഒമ്പതംഗ താലിബാന്‍ പ്രതിനിധികള്‍ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി വടക്കന്‍ ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്തെ സമാധാന പ്രക്രിയയും സുരക്ഷാ വിഷയങ്ങളും ചര്‍ച്ച ചെയ്തുവെന്ന് താലിബാന്‍ വക്താവ് അറിയിച്ചു.

അഫ്ഗാന്‍ മണ്ണില്‍നിന്ന് ചൈനയ്‌ക്കെതിരെ നീങ്ങാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന് ഉറപ്പു നല്‍കിയതായി താലിബാന്‍ വക്താവ് മുഹമ്മദ് നയീം പറഞ്ഞു. അഫ്ഗാനിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നും സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കാമെന്ന് അറിയിച്ചതായും താലിബാന്‍ പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനും പുനര്‍നിര്‍മാണ നടപടികള്‍ സുഗമമാക്കാനും താലിബാന്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നു ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു. ചൈനയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയായ ഈസ്റ്റ് തുര്‍ക്കെസ്ഥാന്‍ ഇസ്ലാമിക് മൂവ്‌മെന്റിനെതിരെ താലിബാന്‍ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. പടിഞ്ഞാറന്‍ നഗരമായ ഷിങ്ജിയാങ്ങില്‍ സജീവമായ സംഘടനയാണിതെന്നും ചൈന അറിയിച്ചു. 

അഫ്ഗാനിസ്ഥാനില്‍ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് താലിബാന്‍ സംഘം ചൈനയില്‍ എത്തിയിരിക്കുന്നത്. യുഎസ് സൈന്യം പിന്‍മാറിയതിനെ തുടര്‍ന്ന് അഫ്ഗാനിലെ സുരക്ഷാപ്രശ്‌നങ്ങളില്‍, അതിര്‍ത്തി പങ്കിടുന്ന ചൈനയ്ക്കും ആശങ്കയുണ്ട്. അടുത്തിടെ ഇറാനിലേക്കും താലിബാന്‍ പ്രതിനിധി സംഘത്തെ അയച്ചിരുന്നു. ഇവിടെവച്ച് അഫ്ഗാന്‍ സര്‍ക്കാര്‍ പ്രതിനിധികളുമായും താലിബാന്‍ സംഘം ചര്‍ച്ച നടത്തിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...