ഇത് മധുരപ്രതികാരം; ബഹിരാകാശത്തെ മുത്തശ്ശി, ശിശു; റെക്കോർഡ്

jeffbezozwb
SHARE

ബഹിരാകാശയാത്ര നടത്തി ചരിത്രം കുറിച്ച ജെഫ് ബെസോസിനൊപ്പം യാത്ര ചെയ്ത 82കാരി വാലി ഫങ്കിന് ഇതൊരു മധുര പ്രതികാരമായിരുന്നു. യുഎസിലെ ആദ്യകാല വനിതാ പൈലറ്റുമാരിൽ ഒരാളായ വാലിയെ 1961 ൽ ബഹിരാകാശ പരിശീലനത്തിനായുള്ള ‘മെർക്കുറി 13’ വനിതാ സംഘത്തിൽ നാസ ഉൾപ്പെടുത്തിയിരുന്നു. പരിശീലനം ലഭിക്കുകയും ചെയ്തു. പക്ഷേ, ഈ സംഘത്തിലെ വനിതകളിൽ ഒരാൾക്കു പോലും അവസരം ലഭിച്ചില്ല. അങ്ങനെ പൊലിഞ്ഞ വാലിയുടെ സ്വപ്നമാണ് ഈ വയസ്സിൽ സഫലമായത്. 

ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോർഡും ഇനി വാലിക്കു സ്വന്തം. 77–ാം വയസ്സി‍ൽ ബഹിരാകാശം സന്ദർശിച്ച യുഎസിലെ ജോൺ ഗ്ലെന്നിനായിരുന്നു ഇതു വരെ ഈ റെക്കോർഡ്. 18 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ യാത്രയിൽ പങ്കെടുത്ത ഒലിവർ ഡീമൻ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 

നെതർലൻഡ്‌സിലെ കോടീശ്വരനായ ജോസ് ഡീമന്റെ മകനാണ് ഒലിവർ. ഏകദേശം 210 കോടി രൂപ നൽകിയാണ് ഒലിവറിന് സീറ്റ് തരപ്പെട്ടത്. ആദ്യം മറ്റൊരാൾക്കു ലഭിച്ചതായിരുന്നു ഈ സീറ്റ്. എന്നാൽ അയാൾ പിൻമാറി. ഇതുവരെ ബഹിരാകാശത്തു പോയിട്ടുള്ളവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ സോവിയറ്റ് യാത്രികനായ ജെർമോൺ ടിറ്റോവാണ്. 25 വയസ്സുള്ളപ്പോഴായിരുന്നു യാത്ര. 

യാത്രയ്ക്കു ശേഷം വെസ്റ്റ് ടെക്സസിൽ ഇറങ്ങിയ ജെഫ് ബെസോസ് ജീവിതത്തിലെ ഏറ്റവും നല്ല ദിവസമാണിതെന്നാണ് ആദ്യം പ്രതികരിച്ചത്. കൗബോയ് തൊപ്പിയണിഞ്ഞായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ധനികന്റെ ബഹിരാകാശ യാത്ര. ഭ്രമണപഥത്തിലെത്താതെ ബഹിരാകാശത്തിനെ തൊട്ടു തിരിച്ചുവരുന്ന ‘സബ് ഓർബിറ്റൽ’ രീതിയിലുള്ള പറക്കലാണ് ന്യൂ ഷെപേഡ് നടത്തിയത്. 

ഒരു ക്രൂ ക്യാപ്‌സ്യൂളും ബൂസ്റ്റർ റോക്കറ്റുമടങ്ങിയതാണ് 60 അടി ഉയരമുള്ള ന്യൂ ഷെപേഡ് പേടകം. ക്രൂ മൊഡ്യൂളിലാണ് യാത്രക്കാർ ഇരുന്നത്. രണ്ടര മിനിറ്റ് മുകളിലേക്കു കുതിച്ച് 76 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂ മൊഡ്യൂൾ റോക്കറ്റിൽ നിന്നു വേർപെട്ടു. റോക്കറ്റ് തിരിച്ച് ഭൂമിയിലെത്തി ലാൻഡ് ചെയ്തു. 

തുടർന്ന് നൂറിലധികം കിലോമീറ്റർ ഉയരത്തിൽ ക്രൂ മൊഡ്യൂൾ എത്തി. ഏതാനും മിനിറ്റുകൾ ബഹിരാകാശത്തിൽ ചെലവിട്ട ശേഷം അന്തരീക്ഷത്തിൽ തിരിച്ചിറങ്ങി 3 വലിയ പാരഷൂട്ടുകളുടെയും ലാൻഡിങ് റോക്കറ്റുകളുടെയും സഹായത്തോടെ ടെക്സസിൽ ലാൻഡ് ചെയ്തു. 

MORE IN WORLD
SHOW MORE
Loading...
Loading...