‘കഴിയ്ക്കുന്നതും ധരിക്കുന്നതും തീരുമാനിക്കുന്നു,’; അച്ഛന്റെ ഭരണത്തിൽ ബ്രിട്ട്നി സ്പിയേഴ്സ്

mmwb
SHARE

പിതാവ് ജാമി സ്പിയേഴ്സിന്റെ രക്ഷാകര്‍ത്തൃ ഭരണം അവസാനിക്കാതെ താന്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് ഗായിക ബ്രിട്ട്നി സ്പിയേഴ്സ്. ജാമിയുമായുള്ള കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് ബ്രിട്ട്നിയുടെ പ്രഖ്യാപനം. താന്‍ എന്ത് ധരിക്കണം, ഭക്ഷിക്കണം തുടങ്ങിയ കാര്യങ്ങള്‍ പോലും തന്റെ പിതാവ് തീരുമാനിക്കുന്ന സാഹചര്യത്തില്‍ സംഗീതപരിപാടികളില്‍ പങ്കെടുക്കില്ലെന്നും പകരം ലിവിങ് മുറിയില്‍ നൃത്തം ചെയ്യുന്ന വിഡിയോകള്‍ ആരാധകരുമായി പങ്കുവയ്ക്കുമെന്നും ബ്രിട്ട്നി സ്പിയേഴ്സ് പറഞ്ഞു. ‘പിതാവിന്റെ ഭരണം എന്റെ സ്വപ്‍നങ്ങള്‍ നശിപ്പിച്ചു, ഞാന്‍ നിര്‍ത്തുന്നു’ എന്നാണ് 39കാരിയായ ഗായിക സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. 

2008 മുതല്‍ ബ്രിട്ട്നിയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് പിതാവാണ്. ഗായികയ്ക്കു മാനസിക പ്രശ്നമുള്ളതുകൊണ്ടാണ് താന്‍ രക്ഷാകര്‍തൃത്വം ഏറ്റെടുത്തതെന്നാണ് പിതാവിന്റെ വാദം. തന്റെയും സ്വത്തുകളുടെയും നിയന്ത്രണം തനിക്കു മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് ബ്രിട്ട്നി കഴിഞ്ഞ മാസമാണ് കോടതിയെ സമീപിച്ചത്. 

‘ഞാന്‍ സമ്പാദിച്ച സ്വത്തുക്കള്‍ ഒന്നും അനുഭവിക്കുവാന്‍ എനിക്കു സാധിക്കുന്നില്ല. ഇത് അനീതിയാണ്. എന്റെ വീട്ടില്‍ ഏത് നിറത്തിലുള്ള പെയിന്റ് അടിക്കണമെന്നു തീരുമാനിക്കാന്‍ പോലും എനിക്ക് അനുവാദമില്ല, രക്ഷകര്‍തൃത്വത്തിന്റെ പേരില്‍ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല’, ബ്രിട്ട്നി കോടതിയില്‍ പറഞ്ഞു. കേസിലെ വാദം കുറച്ചു നാളുകളായി നടക്കുന്നുണ്ടെങ്കിലും ഇത് ആദ്യമായാണ് ബ്രിട്ട്നി സ്പിയേഴ്സ് കോടതിയില്‍ സംസാരിച്ചത്.

കെവിന്‍ ഫെഡെര്‍ലൈനുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയശേഷം ഉണ്ടായ ചില സംഭവങ്ങളെ തുടര്‍ന്നാണ് കോടതി ബ്രിട്ട്നിയുടെ രക്ഷകര്‍ത്തൃത്വം പിതാവ് ജേമി സ്പിയേഴ്സിനെ ഏല്‍പ്പിച്ചത്. കോടിക്കണക്കിനു സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള മാനസിക നിലയില്‍ അല്ല ബ്രിട്ട്നിയെന്നാണ് ജേമി സ്പിയേഴ്സിന്റെ വാദം.

ബ്രിട്ട്നിയുടെ രക്ഷാകര്‍ത്തൃ ഭരണ പോരാട്ടത്തെക്കുറിച്ച് ഈ വര്‍ഷം ഒരു ഡോക്യുമെന്ററിയും ഇറങ്ങിയിരുന്നു. ബ്രിട്ട്നിയുടെ ആരാധകര്‍ അവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ക്യാംപെയിനുകളും സംഘടിപ്പിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...