സൂക്ഷിച്ചോ, എല്ലാം കാണാൻ മുകളിലാളുണ്ട്; ആ പറക്കും തളികയുടെ കോക്പിറ്റിൽ

EXFILEWB
SHARE

കവി ഭാവനയ്ക്കും വിവരിക്കാന്‍ പറ്റാത്തതായിരുന്നു  പ്രപഞ്ചം. അനന്തം – അജ്ഞാതം– അവർണനീയം.  ശാസ്ത്രപുരോഗതിയിൽ എന്തിനുമേതിനും നിര്‍വചനങ്ങളായി. സൗരയൂഥത്തിലും, അതിനപ്പുറമപ്പുറവും സംഭവിക്കുന്നത് കണ്ടെത്തി. പക്ഷേ ഒന്നു മാത്രം എന്നും അജ്ഞാതമായി നിന്നു. ആ പറക്കും തളികകളുടെ രഹസ്യം. പച്ചത്തവളകളുടെ രൂപസാദ‍ൃശത്തിൽ നാം സങ്കൽപിക്കുന്ന അന്യഗ്രഹജീവികളുടെ രഹസ്യം.. ഇനി ഏറെ നാൾ ഇത് മനസിന്റെ തമോഗർത്തങ്ങളെ അലട്ടില്ല. കാരണം യുഎസ് ബഹിരാകാശ ഏജന്സി നാസ ഈ മാസം ആ രഹസ്യങ്ങള്‍ പുറത്തുവിടാൻ പോകുന്നു. 

ഈ രഹസ്യത്തിലേക്ക്  നാസ സൂഷ്മദര്‍ശിനികൾ തിരിച്ചുവച്ചിട്ട് നാളേറെയായി. പറഞ്ഞറിവല്ലാതെ ഒരു തുമ്പും കിട്ടാത്ത ദശാബ്ദങ്ങള്‍. ഫ്ളൈയിങ് സോസറുകളെന്നറിയപ്പെടുന്ന സാധനങ്ങളേയും അവയിൽ സഞ്ചരിക്കുന്ന ജീവികളേയും കണ്ണാലെ കണ്ടെന്ന് പലരും പറഞ്ഞു. എന്നാൽ അതിൽപ്പലതും ഉൾപ്പേടിയിൽ നിന്ന് ഉയർന്നതായിരുന്നു. ചിലത് ഗൂഢാലോചനാ സിദ്ധാന്തങ്ങളും. അൺഐഡൻന്റിഫൈഡ്  ഫ്ലൈയിങ് ഒബ്ജക്ടുകൾ അഥവാ യുഎഫ്ഒകള്‍ കെട്ടുകഥയ്ക്കും യാഥാർഥ്യത്തിനുമിടയിലായിരുന്നു ഇത് വരെ. പക്ഷേ  സുപ്രധാന ട്വിസ്റ്റുണ്ടായി. യുഎസ് നാവികസേനാ പൈലറ്റുമാർ ഇത്തരം മിന്നൽത്തളികകൾ കണ്ടെന്ന് ആണയിട്ടതോടെ സംഭവം ഗൌരവമുള്ളതായി. തുടര്‍ന്ന് നാസ രേഖപ്പടുത്തിയ അന്തിമ നിഗമനങ്ങളാണ്   ഉടൻ പുറത്ത് വരുന്നത്. കഥാന്ത്യത്തിന്റെ എക്സ് ഫയൽസ്...

ഇത്രയും കാലം മുകളില് നിന്ന് എല്ലാംകാണുന്ന ഒരാളെക്കുറിച്ചേ പേടിയുണ്ടായിരുന്നുള്ളു, എന്നാൽ ഇനി അങ്ങനെയല്ല. മനുഷ്യന്റെ എല്ലാ തൊന്തരവുകളും അവർ നിരീക്ഷിക്കുന്നുണ്ട്. ഇക്കാലം വരെ പഠിച്ചതും പഠിപ്പിച്ചതുമായ ഭൂഗോളത്തിന്റെ സ്പന്ദനം മാറ്റി എഴുതേണ്ടി വന്നേക്കും. ഇനി ദിവസങ്ങൾ മാത്രം.  യുഎഫ്ഒയെക്കുറിച്ച് മനസ്സിലാക്കിയതെല്ലാം വെളിപ്പെടുത്തും നാസ. ശാസ്ത്രകുതുകികളുടെയും സിനിമാക്കാരുടെയും മാത്രം വിഷയമായിരുന്ന യുഎഫ്ഒ ഇനി ലോകം മുഴുവൻ ചർച്ചയായേക്കും. ഈ ഭൂമിക്കപ്പുറം ജീവനുണ്ടോ, ജീവിതമുണ്ടോ, ഈ തളികകളുടെയൊക്കെ പിന്നാലെ പറക്കണോ... ഇങ്ങനെ പല ചോദ്യങ്ങളാണ് ഉയരുന്നത്. 

അമേരിക്കൻ പൈലറ്റുമാർ പല തവണ കണ്ട അജ്ഞാത വസ്തുക്കൾ ഭൂമി സന്ദർശിക്കുന്ന അന്യഗ്രഹജീവികളുടേതാണോ? അല്ലെന്ന് പറയാൻ തെളിവൊന്നുമില്ല. എന്നാൽ ആണെന്നു പറയാനും കൃത്യമായ തെളിവില്ല. അജ്ഞാത വസ്തുക്കളെക്കുറിച്ചു പഠനം നടത്തി വിശദ റിപ്പോർട്ട് പുറത്തുവിടാൻ ഇന്റലിജൻസ് മേധാവിയോട് യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടു. ഇനി ഈ തളികകൾക്കു പിന്നിൽ മറ്റേതെങ്കിലും രാജ്യങ്ങളുണ്ടോ എന്നും അറിയേണ്ടതുണ്ട് കോൺഗ്രസിന്. ഇതനുസരിച്ച് യുഎപി ടാസ്ക് ഫോഴ്സാണ് രേഖകൾ പുറത്തു വിടുക.

ജീവന്റെ അടിസ്ഥാനഘടകങ്ങള്‍ പ്രപഞ്ചത്തിലെല്ലായിടത്തും ഉണ്ട്. അനുയോജ്യമായ ഇടം ഭൂമിയില്‍ മാത്രമാണെന്നതാണ് നിലവിലെ അറിവ്. കോടിക്കണക്കിനു നക്ഷത്രയൂഥങ്ങള്‍ ആകാശഗംഗയിലുണ്ട് .ഇതില്‍ ചെറിയൊരു ശതമാനം എണ്ണത്തിലെങ്കിലും ജീവനുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മനുഷ്യനു സമാനമായിട്ടുള്ളതോ ചുറ്റിലും കാണുന്ന ജീവജാലങ്ങള്‍ പോലെയോ സാധ്യതയില്ല. വലിയ ഗ്രഹങ്ങളാണെങ്കില്‍ ഗുരുത്വാകര്‍ഷണം ഭൂമിയേക്കാള്‍ പതിന്‍മടങ്ങ് കൂടുതലായിരിക്കും. മനുഷ്യരെപോലെ നിവര്‍ന്നു നടക്കാന്‍ പറ്റിയെന്നും വരില്ല. പരന്ന രൂപമോ, മറ്റൈതെങ്കിലും ആകൃതിയോ ആവാം. ചെറിയ ഗ്രഹങ്ങളാണെങ്കില്‍ വാതകാവരണത്തില്‍ ഒഴുകി നടക്കുന്ന പോലെയോ ആയേക്കും. നമ്മള്‍ ഓക്സിജന്‍ ഉപയോഗിക്കുന്നതു പോലെ മറ്റേതെങ്കിലും വാതകമാകും ഉപയോഗിക്കുന്നത്. ഇങ്ങനെ യുഎഫ്ഒയെക്കുറിച്ച് സങ്കല്പ്പങ്ങളും കല്പനകളും പലതാണ്.

അങ്ങനെയൊരു അന്യഗ്രഹജീവികളുണ്ടെങ്കില് അറിയേണ്ടത് മനുഷ്യനെപ്പോലെ ബുദ്ധിവികാസം പ്രാപിച്ചവരാണോ അവര്‍ എന്നതാണ്. മനുഷ്യന് സാമ്യമായതോ ഉയര്‍ന്നതോ അതോ ബുദ്ധി കുറഞ്ഞവരോ ആണെന്നതും പ്രസക്തമാണ്. നമ്മളേക്കാള്‍ ഉയര്‍ന്ന ബുദ്ധിയുള്ളവരെങ്കില്‍ മനുഷ്യന്‍ അധികം ഗൗനിക്കാന്‍ സാധ്യതയില്ല.  ചെല്ലുന്നിടം വെട്ടിപ്പിടിക്കാനാണ് മനുഷ്യന്‍ നോക്കുക. അതേസമയം അവര്‍ക്ക് നമ്മള്‍ തല്‍പ്പരകക്ഷികളല്ലെങ്കില്‍ മനുഷ്യനെ ഇല്ലാതാക്കാനാകും അവര്‍ നോക്കുക. ബുദ്ധിശക്തിയുടെ അടുത്ത ഘട്ടം എങ്ങനെ ഉപയോഗിച്ചു, സാങ്കേതികത എങ്ങനെ കൈകാര്യം ചെയ്തു, പ്രപഞ്ചത്തില്‍ സാര്‍വത്രികമായുള്ള വിദ്യൂത് കാന്തിക തരംഗങ്ങള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ചോദ്യമാണ്. വായുവിലും സ്പേസിലും പ്രതലത്തിലും സഞ്ചരിക്കുന്ന വാഹനങ്ങളുണ്ടോ ഇന്ധനം എങ്ങനെ എന്നതെല്ലാം സംശയങ്ങളാണ്. 

എക്സ്ഫയലുകളിലൂടെ പറന്നിറങ്ങുന്നത് യുഎഫ്ഒയുടെ സ്ഥിരീകരണമെങ്കില്‍ വിപ്ലവകരമായ മാറ്റങ്ങളാകും അതുണ്ടാക്കുക. മാനവരാശിയുടെ വലിയൊരു കുതിച്ചു ചാട്ടത്തിനും ചര്‍ച്ചയ്ക്കും വെല്ലുവിളിയാകും. നമ്മള്‍ അവരെയും അവര്‍ നമ്മളെയും എങ്ങനെ അഭിമുഖീകരിക്കും എന്നതും ശ്രദ്ധേയമാകും.  അത് സ്വീകര്യമാകുമോ? തക്കതായ തെളിവുകള്‍ നാസയുടെ കൈവശമുണ്ടോ ? പൊതുവെ രാഷ്ട്രത്തിന്റെ വിലയിടിയുന്ന സമയങ്ങള്‍ സെന്‍സേഷന്‍ കൊണ്ട്  മറികടക്കുന്നവരാണ് അമേരിക്കന്‍സ്. പോയ വര്‍ഷങ്ങളിലെല്ലാം അതിനുള്ള ശ്രമങ്ങളാണ് അവര്‍ നടത്തിയത്. 

ബഹിരാകാശ ഗവേഷണങ്ങള്‍ ഏറ്റവും കൂടുതല്‍ നടത്തിയത് അമേരിക്കയാണ് എന്നതു ശരി. ലോകശ്രദ്ധയ്ക്കായി സാങ്കേതികതയിലും തങ്ങളാണ് മികച്ചവരെന്ന് സ്ഥാപിക്കാന്‌‍ അവരെന്തും ചെയ്യും. അമേരിക്കയുടെ അത്തരമൊരു ശ്രമമാണോ ഇതെന്നതും സംശയിക്കേണ്ടിയിരിക്കുന്നു.അതല്ല കൃത്യമായ തെളിവോടെ വന്നാല്‍ അത് വിശ്വസിക്കേണ്ടി വരും. പിന്നീടുള്ള ശാസ്ത്രവും ലോകവും വ്യത്യസ്തമായിരിക്കും. ആമീർ ഖാന്റെ ബേ്ളോക് ബസ്റ്റർ ചിത്രം പികെ പറഞ്ഞത് പ്രസക്തമാണ്. ബുദ്ധിവികാസമില്ലാത്ത സുന്ദരനായ അന്യഗ്രഹജീവി.. പക്ഷേ നമ്മുടെ സമൂഹത്തിലെ ബുദ്ധിശൂന്യതകൾ  തിരിച്ചറിയുന്നു. ഭൂമിയിലെ രാജാക്കന്മാരായ മനുഷ്യരേപ്പറ്റി പലതും പഠിക്കുന്നു, പലരേയും തിരുത്തുന്നു. അന്യഗ്രഹ ജീവികള്‍ യാഥാർഥ്യമാണെങ്കിൽ, അവർ പികെയെപ്പോലെ നല്ലകുട്ടികളാണെങ്കിൽ‍, സൗഹൃദമാണ് വച്ചുനീട്ടുന്നതെങ്കിൽ, അവരുടെ വാഹനത്തിൽ ചക്രവാളത്തിനപ്പുറത്തേക്ക് ഒരു വിനോദയാത്ര അനുവദിക്കുമെങ്കിൽ.......എങ്കിൽ പ്രപഞ്ചം പുനർനിർവചിക്കപ്പെടുമെന്നുറപ്പ്..  കാത്തിരിക്കാം നാസയുടെ അന്തിമ പ്രഖ്യാപനം വരെ.

MORE IN WORLD
SHOW MORE
Loading...
Loading...