‘കൊറോണ വൈറസ് തുടങ്ങിയത് യുഎസിൽ’; അന്വേഷിക്കണമെന്ന് ചൈന; റിപ്പോർട്ട്

TOPSHOT-CHINA-HEALTH-VIRUS
SHARE

ലോകരാജ്യങ്ങളെ വലയ്ക്കുന്ന കോവിഡ് 19 ചൈനയുടെ സൃഷ്ടിയാണോ എന്ന വാദം ശക്തമാകുമ്പോൾ മറു വാദവുമായി ചൈനയും രംഗത്ത്. 2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസിൽ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തിൽ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. 

അടുത്തിടെ യുഎസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) പുറത്തുവിട്ട പഠനത്തിൽ അഞ്ചു യുഎസ് സ്റ്റേറ്റുകളിൽനിന്നായി ഏഴു പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു. ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകൾ മുൻപായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം. ബയോളജിക്കൽ ലബോറട്ടറികളുള്ള യുഎസിൽ ആദ്യ ഘട്ടത്തിൽ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു.

യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ്-19ന് വിവിധ ഉദ്ഭവ സ്ഥാനങ്ങൾ ഉണ്ടാകുന്നത് തികച്ചും സാധാരണമാണ്. അതിനാൽ മറ്റു രാജ്യങ്ങളും ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ)യുമായി സഹകരിക്കണമെന്നും വിദേശകാര്യ വക്താവ് സാവോ ലിജാൻ പറഞ്ഞു.

2019ൽ കോവിഡ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ചൈനയിലാണ്. ഇവിടുത്തെ വുഹാൻ ലാബിൽനിന്നാണ് വൈറസ് പുറത്തുവന്നതെന്നും തീവ്രമായി പടർന്നതെന്നുമാണ് നിലവിലെ ആരോപണങ്ങൾ. ഇതു സംബന്ധിച്ച് വിവിധ തലത്തിലുള്ള അന്വേഷണങ്ങൾ നടന്നുവരികയാണ്. നേരത്തെ പുറത്തുവന്ന മറ്റൊരു പഠനത്തില്‍ കൊറോണ വൈറസ് സെപ്റ്റംബറിന്റെ തുടക്കത്തിൽ യൂറോപ്പിലുണ്ടായിരുന്നതായി പറഞ്ഞിരുന്നു, അദ്ദേഹം വ്യക്തമാക്കി.

MORE IN WORLD
SHOW MORE
Loading...
Loading...