അയൽ രാജ്യങ്ങളിൽ മിസൈൽ സ്ഥാപിക്കാൻ നിൽക്കരുത്; യുഎസിനെ ഉന്നമിട്ട് ചൈന

china-14
SHARE

സ്വസ്ഥതയും സമാധാനവും തകർക്കുന്ന തരത്തിൽ അയൽ രാജ്യങ്ങളിൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ എതിർത്ത് ചൈന. ജനീവയിൽ നിരായുധീകരണം സംബന്ധിച്ച സമ്മേളനത്തിൽ വിഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നിലപാടു വ്യക്തമാക്കിയത്. 

യുഎസിന്റെ പേര് നേരിട്ടു പറഞ്ഞില്ലെങ്കിലും ഏഷ്യയിൽ വാഷിങ്ടൻ മധ്യദൂര മിസൈലുകൾ വിന്യസിച്ചാൽ ശക്തിയായി എതിർക്കുമെന്നു ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈനയുടെ മിസൈൽ നീക്കങ്ങൾ നിരീക്ഷിക്കാവുന്ന അത്യാധുനിക താഡ് (ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ്) ദക്ഷിണ കൊറിയയിൽ വിന്യസിക്കാനുള്ള യുഎസ് നീക്കത്തെ ചൈന കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി നിരീക്ഷിക്കാൻ പാക്കിസ്ഥാനിൽ സൈനിക താവളം സ്ഥാപിക്കാൻ അനുവദിക്കണമെന്നും യുഎസ് അഭ്യർഥിച്ചിട്ടുണ്ട്. ഇത് അംഗീകരിച്ചാൽ ചൈന കൂടുതൽ പ്രകോപിതരാകും.

ആയുധ നിയന്ത്രണം, നിരായുധീകരണം, അണ്വായുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയല്‍ എന്നിവ മുന്നോട്ടു കൊണ്ടുപോകണമെന്നും ചൈന ആഹ്വാനം ചെയ്തു. മറ്റു രാജ്യങ്ങളുടെ സമീപപ്രദേശങ്ങളിൽ കരയിൽനിന്ന് ആക്രമണം നടത്താവുന്ന മധ്യദൂര ബാലിസ്റ്റിക് മിസൈലുകൾ വിന്യസിക്കുന്നതിനെയും അംഗീകരിക്കുന്നില്ലെന്നും വാങ് കൂട്ടിച്ചേർത്തു.

ആണവയുദ്ധത്തിൽ ആരും ജയിക്കില്ലെന്നും ഒരിക്കലും യുദ്ധം ചെയ്യരുതെന്നും മനസ്സിലാക്കി യുഎൻ സുരക്ഷാ സമിതിയിലെ അഞ്ച് സ്ഥിരാംഗങ്ങൾ തമ്മിൽ സുപ്രധാന തത്വം രൂപീകരിക്കണം. സഹകരണം ശക്തിപ്പെടുത്തണം. പരസ്പര വിശ്വാസം വർധിപ്പിക്കുന്നതിന് ആഴത്തിൽ സംഭാഷണങ്ങൾ നടത്തണം തുടങ്ങിയ കാര്യങ്ങളും ചൈനീസ് വിദേശകാര്യ മന്ത്രാലയ വെബ്‌സൈറ്റിൽ പോസ്റ്റു ചെയ്ത പ്രസംഗത്തിൽ വാങ് ചൂണ്ടിക്കാട്ടി. 

MORE IN WORLD
SHOW MORE
Loading...
Loading...