ചൈനീസ് ആണവനിലയത്തിൽ ചോർച്ച; സ്ഥിരീകരിക്കാതെ സർക്കാർ: ഇടപെട്ട് യുഎസ്

china-nuclear-plant
SHARE

ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ആണവനിലയത്തിൽ ചോർച്ചയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള തായ്‌ഷാൻ ആണവനിലയത്തിലാണ് കഴിഞ്ഞ ഒരാഴ്ചയിലേറേയായി ചോർച്ച. ഫ്രഞ്ച് കമ്പനിയായ ഫാർമടോം ഇതു സംബന്ധിച്ച വിവരം യുഎസിന് കൈമാറിയ രേഖ ഉദ്ധരിച്ചു രാജ്യാന്തര മാധ്യമമായ സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്. സംഭവിക്കാനിടയുള്ള ‘റേഡിയോളജിക്കൽ ദുരന്ത’ത്തിൽ ആശങ്കയറിയിച്ചാണ് കമ്പനി യുഎസിനെ സമീപിച്ചത്.

കഴിഞ്ഞ ഒരാഴ്ചയായി യുഎസിന്റെ ഊർജ മന്ത്രാലയം ചോർച്ച സംബന്ധിച്ച വിവരങ്ങൾ സംസൂക്ഷ്മം നിരീക്ഷിച്ചുവരുകയാണെന്ന് അവർ പറഞ്ഞു. ചൈനീസ് സർക്കാർ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, പ്രതിസന്ധിഘട്ടമില്ലെന്നാണ് യുഎസിന്റെ വിലയിരുത്തൽ. ആണവനിലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും സുരക്ഷിതരാണ്. ചോർച്ച തടയാനായില്ലെങ്കിൽ സ്ഥിതി വഷളായേക്കുമെന്നും കരുതുന്നു. യുഎസിന്റെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ (എൻഎസ്‌സി) കഴിഞ്ഞയാഴ്ച നിരവധി തവണ യോഗം ചേർന്നു.

ചൈനയുടെ ചുമതലയുള്ള എൻഎസ്‌സി സീനിയർ ഡയറക്ടർ ലോറ റോസെൻ‌ബർഗർ, ആയുധ നിയന്ത്രണ വിഭാഗം സീനിയർ ഡയറക്ടർ മല്ലോറി സ്റ്റുവാർട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഫ്രഞ്ച്, ചൈനീസ് സർക്കാരുമായും യുഎസ് ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ചോർച്ച നിരീക്ഷിക്കുന്നതു സംബന്ധിച്ച് യുഎസ് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഘട്ടമുണ്ടായാൽ ഇടപെടുമെന്ന് ഊർജ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.

ചൈനീസ് പ്ലാന്റിലെ പ്രശ്നം പരിഹരിക്കുന്നതിനായി അമേരിക്കൻ സാങ്കേതിക സഹായം പങ്കിടാൻ അനുവദിക്കുന്ന ഒരു ഇളവ് നേടുന്നതിനായാണ് ഫാർമടോം ജൂൺ 8ന് യുഎസിനെ സമീപിച്ചത്. യുഎസ് സഹായം സ്വീകരിക്കുന്നതു സംബന്ധിച്ച അന്തിമതീരുമാനം ചൈനയാണ് എടുക്കേണ്ടത്. എന്നാൽ ആണവചോർച്ച സംബന്ധിച്ച ഒരു വിവരവും ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സ്ഥിതിഗതികൾ ‘സാധാരണം’ ആണെന്നാണ് തായ്‌ഷാൻ ആണവനിലയം ഞായറാഴ്ച, അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നത്. നിലയത്തിലെ രണ്ടു റിയാക്ടറുകളും പ്രവർത്തിക്കുന്നുണ്ട്. രണ്ടാം യൂണിറ്റിലെ ഒരു റിയാക്ടറിന് അറ്റകുറ്റപ്പണി നടത്തിയതായി പ്രസ്താവനയിൽ പറയുന്നുണ്ടെങ്കിലും ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.

MORE IN WORLD
SHOW MORE
Loading...
Loading...