ബുർജ് ഖലീഫയ്ക്ക് എതിരാളി; ഭൂമിയിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ കെട്ടിടം റഷ്യയിൽ..

russia-building
SHARE

ലോകത്തെ അമ്പരപ്പിച്ച് ആകാശം മുട്ടിനിൽക്കുന്ന കെട്ടിട വിസ്മയങ്ങളാണ് ദുബായിലെ ബുർജ് ഖലീഫയും ചൈനയിലെ ഷാങ്ഹായ് ടവറും. ഇപ്പോഴിതാ ആ പട്ടികയിലേക്ക് ഇടം പിടിക്കാൻ ഒരു വമ്പൻ ടവറിന്റെ പണിപ്പുരയിലാണ് റഷ്യയും. ലക്താ സെന്റർ 2 എന്ന പേരിലൊരുങ്ങുന്ന കെട്ടിടം ഉയരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമാകുെമന്നാണ് റിപ്പോർട്ടുകൾ.

ലക്താ സെന്റർ എന്ന പേരിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ മറ്റൊരു കെട്ടിടം കൂടിയുണ്ട്​. അതിനാലാണ് പുതിയ കെട്ടിടത്തിന് ലക്താ സെന്റർ 2 എന്ന പേര് നൽകിയിരിക്കുന്നത്. ഇപ്പോഴുള്ള ലക്താ സെന്റർ കെട്ടിടത്തിന് 87 നിലകളാണുള്ളത്. നിലവിൽ യൂറോപ്പിലെ ഏറ്റവും അധികം ഉയരമുള്ള കെട്ടിടമാണിത്.

സെൻറ്​ പീറ്റേഴ്‌സ്ബർഗിലാണ് ലോകത്തിലെ രണ്ടാമത്തെ ഉയരമുള്ള കെട്ടിടം ഒരുങ്ങുന്നത്. സ്കോട്ട്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെറ്റിൽ കളക്ടീവ് എന്ന ആർക്കിടെക്ചർ കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2306 അടിയാവും കെട്ടിടത്തിന്റെ ഉയരം. ബുർജ് ഖലീഫയുടെ ഉയരം 2717 അടിയാണ്. നിലവിൽ രണ്ടാം സ്ഥാനത്തുള്ള ഷാങ്ങ്ഹായ് ടവറിന്റെ ഉയരമാകട്ടെ 2073 അടിയും.

150 നിലകളിലായാണ് ലക്താ സെന്റർ 2 ഒരുങ്ങുന്നത്. ഏറ്റവും ഉയരത്തിലുള്ള വ്യൂവിങ്ങ് ഗ്യാലറി ഒരുങ്ങുന്നതും ഇവിടെയാണ്. 1936 അടി ഉയരത്തിലായിരിക്കും ഗ്യാലറി നിർമ്മിക്കുന്നത്. നിലവിൽ ഏറ്റവും ഉയരത്തിൽ വ്യൂവിങ്ങ് ഗ്യാലറിയുള്ള കെട്ടിടം ഷാങ്ഹായ് ടവറാണ്.ഊർജ സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടാണ് കെട്ടിടം നിർമിക്കപ്പെടുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...