ഉറക്കം, നടത്തം; ഒരുവർഷം പിന്നിടുന്ന യാത്ര; ആനക്കൂട്ടം എങ്ങോട്ട്?; വിഡിയോ

china-elephant
SHARE

മലയാളിക്ക് എത്രയാവർത്തി കണ്ടാലും കേട്ടാലും മടുപ്പു തോന്നാത്ത കുറേയേേറ കാര്യങ്ങളുണ്ട്. അക്കൂട്ടത്തിൽ എപ്പോഴും ഒരുപടി മുന്നിലാണ്. ആനയും ആനക്കഥകളും ആനക്കാര്യങ്ങളും. ഇക്കൂട്ടത്തിലേക്ക് ചൈനയിൽ നിന്നും നടന്നു കയറുകയാണ് ഈ 15 ആനകൾ. നാടെന്നോ നഗരമെന്നോ കാടെന്നോ വേർതിരിവില്ലാതെ അവരിങ്ങനെ മുന്നേറുകയാണ്. നടപ്പ് മാത്രമല്ല ഉറക്കം വരെ ഇപ്പോൾ ലോകമെങ്ങും വൈറലാണ്. കോവിഡ് പ്രതിസന്ധിയുടെ ആദ്യ തരംഗം ആഞ്ഞടിച്ച 2020 മാർച്ചിൽ ചൈനയിൽ നിന്നും ഈ ആനക്കൂട്ടം യാത്ര തുടങ്ങി. ഇതുവരെ പിന്നിട്ടത് 500 കി.മീ. എങ്ങോട്ടാണ് ഈ യാത്ര. എന്തിന് വേണ്ടിയാണ് ഈ യാത്ര..

സമൂഹമാധ്യമങ്ങളിലും ചൈനീസ് മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ഈ യാത്ര പങ്കിടുകയാണ്. ജനതിരക്കേറിയ റോഡുകളിൽ പോലും ആരെയും കൂസാതെയാണ് സംഘത്തിന്റെ യാത്ര. ഇതിൽ 6 പിടിയാനകളും 6 കുട്ടിയാനകളും 3 കൊമ്പൻമാരുമുണ്ട്. ഇതിൽ ഒരു കുട്ടിയാന ജനിച്ചത് യാത്ര തുടങ്ങിയ ശേഷമാണ്. പട നയിക്കുന്ന നേതാവിന്റെ ഗൗരവത്തോടെ സംഘത്തെ നയിച്ച് മുന്നേറുകയാണ് കൂട്ടത്തിലെ കൊമ്പൻമാർ. അസാധാരണമായ ഈ യാത്ര ശ്രദ്ധയിൽപെട്ട ചൈനീസ് അധികൃതർ വളരെ കൗതുകത്തോടും ശ്രദ്ധയോടുമാണ് ഇവരെ പിന്തുടരുന്നത്. ലോകം മുഴുവൻ പിന്നാലെയുണ്ടെന്ന് അറിയാതെ അവർ മുന്നോട്ടുപോകുന്നു.

ചൈന–മ്യാൻമർ അതിർത്തിയിലുള്ള, ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽനിന്ന് 2020 മാർച്ചിലാണ് ഐതിഹാസിക യാത്രയുടെ തുടക്കം. ഒരു മനുഷ്യനെ പോലും ഇവർ ഇതുവരെ ആക്രമിച്ചിട്ടില്ല. ജനവാസമേഖലയിൽ പോലും വളരെ സമാധാനത്തോടെ ഇവർ നടന്നു നീങ്ങുന്നു. സർക്കാർ തന്നെ ഇവർക്ക് വേണ്ട ഭക്ഷണങ്ങളും വഴിയുെമാരുക്കി യാത്രയ്ക്ക് ആശംസ നേരുകയാണ്. ഇപ്പോൾ യുന്നാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിലാണ് ആനക്കൂട്ടമുള്ളത്. വളരെ ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് ആനക്കൂട്ടം എത്തിയതിന്റെ ആശങ്കയുണ്ടെങ്കിലും. ഇഷ്ടഭക്ഷണങ്ങളും ജനവാസമേഖലയിലേക്ക് കടക്കാത്ത വിധം പ്രത്യേക പാതയും ഒരുക്കി അവരുടെ യാത്ര സുഖമമാക്കാനുള്ള ശ്രമത്തിലാണ് അധികൃതരും ജനങ്ങളും. 

യാത്രയ്ക്കിടെ കഴിഞ്ഞ തിങ്കളാഴ്ച ഷിയാങ് വനമേഖലയിൽ വിശ്രമിക്കുന്ന സംഘത്തിന്റെ ചിത്രം പുറത്തുവന്നതോടെയാണ് നടത്തം ലോകശ്രദ്ധ നേടിയത്. കൂട്ടം ചേർന്നുള്ള ഇവരുടെ ഉറക്കം ലോകത്തിന്റെ ഉറക്കം കെടുത്തുന്നതാണ്. എങ്ങോട്ടാണ് ഈ യാത്ര എന്ന ചോദ്യമാണ് ഇപ്പോൾ ലോകം പരസ്പരം ചോദിക്കുന്നത്. ഇതിന് കൃത്യമായ ഉത്തരം ആനകളുടെ കയ്യിൽ മാത്രമാണ് എന്നതാണ് വസ്തുത. പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഷിസുവാൻബന്നയിലെ സംരക്ഷിത വനമേഖലയിൽ, തീറ്റ കുറഞ്ഞതോടെ കാടു വിട്ടു പുതിയ മേച്ചിൽപുറങ്ങൾ തേടി പോകുന്നതാകാം എന്നൊരു വിഭാഗം. നാട് കണ്ട് അവർ ഒരു ലോങ് മാർച്ച് നടത്തുകയാണ് എന്ന് മറ്റൊരു കൂട്ടർ. വഴിതെറ്റിയുള്ള പോക്കാണെന്ന് മൂന്നാമതൊരു അഭിപ്രായം. എന്തായാലും ലോകം വിടാതെ പിന്തുടരുകയാണ് സംഘത്തിന്റെ ഉദ്ദേശം മനസിലാക്കാൻ.

യാത്രയ്ക്ക് ആനക്കൂട്ടത്തിന് വലിയ ചെലവില്ലെങ്കിലും ഈ യാത്ര കൊണ്ട് നല്ലൊരു തുക സർക്കാരിന് ചെലവാക്കേണ്ടി വരുന്നുണ്ട്. ആൾനാശമൊന്നുമില്ലെങ്കിലും 8 കോടിയോളം രൂപയുടെ നഷ്ടം ഈ സംഘം ഉണ്ടാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 410 അംഗ സുരക്ഷാ ഗ്രൂപ്പിനെ അടിയന്തരസാഹചര്യം നേരിടാൻ നിയോഗിച്ചിട്ടുണ്ട്. 76 കാറുകളും 9 ഡ്രോണുകളും ആനകൾക്കൊപ്പം യാത്ര ചെയ്യുന്നു. ഒരു സമയം 8 പേരാണ് ആനകളെ നിരീക്ഷിക്കാൻ സംഘത്തിലുള്ളത്. 

ഏഷ്യൻ ആനകൾ നേരിടുന്ന വംശനാശ ഭീഷണിയും ഈ യാത്രയുമായി ബന്ധമുണ്ടോ എന്ന ചർച്ചയും തുടങ്ങിയിട്ടുണ്ട്. ചൈനയിലാകട്ടെ കാട്ടാനകളുടെ ആകെ എണ്ണം 200–250 എന്ന തോതിലാണ്. ഏഷ്യൻ വൻകരയിൽ നിലവിൽ അരലക്ഷത്തോളം ആനകളുണ്ടെന്നാണു കരുതുന്നത്. അതിലേറെയും ഇന്ത്യയിലാണ്. ഇതെല്ലാം കൊണ്ട് തന്നെ ഈ ആനക്കാര്യം അത്ര ചെറുതല്ല. എങ്ങോട്ടാണെന്നോ എന്നു തീരുമെന്നോ അറിയാത്ത യാത്ര. ഇനി ഒരു മടക്കമുണ്ടാകുമോ എന്നും അറിയില്ല. വിസ്മയത്തോടെ നോക്കിനിൽക്കാനല്ലാതെ മറ്റെന്ത് ചെയ്യാൻ. ഭൂമിയുടെ അവകാശികളുടെ ഐതിഹാസിക യാത്രയ്ക്ക് മംഗളം നേർന്ന് കാത്തിരിക്കാം. 

MORE IN WORLD
SHOW MORE
Loading...
Loading...