ആ ദൃശ്യം ഞാനും കണ്ടിട്ടുണ്ട്; 'അന്യഗ്രഹ ജീവി'കളിൽ ആശങ്കപ്പെട്ട് ഒബാമ

ufoobama-04
SHARE

അമേരിക്കൻ സൈനികർ പകർത്തിയ അന്യഗ്രഹ ജീവികളുടേത് കരുതുന്ന വിഡിയോ താൻ കണ്ടിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. അന്യഗ്രഹ ജീവികൾ യാഥാർഥ്യമാണെങ്കിൽ പ്രതിരോധിക്കാൻ അമേരിക്ക കരുതിയിരിക്കണമെന്നും ഒബാമ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസ് ജേണലിസ്റ്റ് എസ്‌റ ക്ലെയിനിന്റെ പോഡ്കാസ്റ്റ് ഷോക്കിടെയായിരുന്നു ഒബാമ തന്റെ ആശങ്കകൾ തുറന്ന് പറഞ്ഞത്.

അഭ്യൂഹങ്ങൾക്കുമപ്പുറം അന്യഗ്രഹ ജീവികളുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ മനുഷ്യർക്കിടയിലെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് ഒബാമ അഭിപ്രായപ്പെടുന്നു. അത്തരം സാഹചര്യം വന്നാൽ പ്രതിരോധിക്കാനുള്ള ആയുധങ്ങളും മാർഗങ്ങളുമടക്കം കണ്ടെത്തണം. അതിനായുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അഭിമുഖത്തിനിടെ ഒബാമ പറഞ്ഞു. യുഎഫ്ഒ വിഡിയോ താൻ കണ്ടിട്ടുണ്ടെന്ന്  ദ ലേറ്റ് നൈറ്റ് ഷോയില്‍ ജെയിംസ് കോര്‍ഡനോടാണ് നേരത്തെ അദ്ദേഹം വെളിപ്പെടുത്തിയത്. യുഎഫ്ഒ സാന്നിധ്യങ്ങളെ അമേരിക്കന്‍ സൈന്യം ഗൗരവത്തിലാണ് എടുക്കുന്നത്. 'അവ എങ്ങനെയാണ് സഞ്ചരിക്കുന്നതെന്നോ അതിന്റെ സഞ്ചാരരീതിയോ നമുക്ക് വിവരിക്കാനാവില്ല. അത്ര എളുപ്പത്തില്‍ വിശദീകരിക്കാവുന്ന സംഗതിയല്ല അത്. അവ എന്താണെന്ന് നമുക്ക് ഇപ്പോഴും അറിയില്ലെന്നായിരുന്നു ജെയിംസ് കോർഡനോട് ഒബാമ വിശദീകരിച്ചത്. 

2019 ജൂലൈയില്‍ അമേരിക്കന്‍ ചാര കപ്പല്‍ സാന്റിയാഗോ തീരത്തുവെച്ച് ഒരു യുഎഫ്ഒയെ ചിത്രീകരിച്ചതിന്റെ വിഡിയോ മെയ് മാസത്തില്‍ പുറത്തുവന്നിരുന്നു. 2015-17 കാലയളവില്‍ വിര്‍ജീനിയ തീരത്ത് F/A -18 പോര്‍വിമാനം പറത്തിയിരുന്ന യുഎസ് നാവിക ലെഫ്റ്റനന്റ് റയാന്‍ ഗ്രേവ്‌സ് നടത്തിയ വെളിപ്പെടുത്തലും ചർച്ചയായിരുന്നു. വിര്‍ജീനിയ ബീച്ചിന് സമീപം 2015-17കാലത്ത് ഏതാണ്ടെല്ലാ ദിവസവും യുഎഫ്ഒ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടിരുന്നുവെന്നായിരുന്നു റയാന്റെ വെളിപ്പെടുത്തല്‍. 

അമേരിക്കന്‍ സര്‍ക്കാരിന്റെ യുഎഫ്ഒകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ ഫയല്‍ ഇപ്പോള്‍ യുഎസ് ജനപ്രതിനിധികളുടെ പക്കലാണ്. ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരം ഇത്തരം യുഎഫ്ഒകളുടെ സാന്നിധ്യം വര്‍ഷം കൂടും തോറും വര്‍ധിക്കുകയാണ്. പറക്കും തളികകളേയും അന്യഗ്രഹജീവി സിദ്ധാന്തങ്ങളേയും തള്ളിക്കളയാതെ അമേരിക്കന്‍ അധികൃതര്‍ ഇവക്ക് യുഎഫ്ഒ, യുഎപി എന്നിങ്ങനെയുള്ള പേരുകള്‍ നല്‍കുകയാണ് ചെയ്തത്. 

യുഎഫ്ഒകളുടെ യാഥാര്‍ഥ്യം സംബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി ജൂണ്‍ അവസാനത്തില്‍ യുഎസ് ജനപ്രതിനിധി സഭ മുൻപാകെ ഹാജരാവാനിരിക്കയാണ് ഒബാമയുടേതടക്കമുള്ളവരുടെ അഭിപ്രായങ്ങൾ പുറത്ത് വരുന്നതെന്നത് ശ്രദ്ധേയമാണ്.

MORE IN WORLD
SHOW MORE
Loading...
Loading...