‘ക്വാഡിൽ’ ചേരരുതെന്ന് ചൈന; നയം ഞങ്ങൾ തീരുമാനിക്കുമെന്ന് ബംഗ്ലദേശിന്റെ മറുപടി

china-bengladesh
SHARE

യുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തിൽ ബംഗ്ലദേശ് ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന. ഉഭയകക്ഷി ബന്ധത്തിൽ വലിയ തകരാർ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ബംഗ്ലദേശിലേക്കുള്ള ചൈനീസ് അംബാസഡർ ലി ജിമിങ് നൽകിയത്.2007ൽ രൂപീകരിച്ച ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന സഖ്യം. ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങൾ. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണിവർ എന്നാണ് ചൈനയുടെ ആക്ഷേപം.

ബംഗ്ലദേശിലെ ഡിപ്ലോമാറ്റിക് കറസ്പോണ്ടന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച വെർച്വൽ യോഗത്തിലാണ് ലീയുടെ പ്രസ്താവന. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീന ശക്തിയെ നേരിടാനാണ് യുഎസിന്റെ നേതൃത്വത്തിൽ ക്വാഡ് സഖ്യം രൂപീകരിച്ചത്.

ആഴ്ചകൾക്കുമുൻപ് ബംഗ്ലദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദും ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഗിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും ചേർന്ന് ദക്ഷിണേഷ്യയിൽ ഒരു ‘സൈനിക സഖ്യം’ രൂപീകരിക്കണമെന്നും മേഖലയിൽ ‘ആധിപത്യം’ സ്ഥാപിക്കണമെന്നും വെയ് ഫെങ്ഗി ഊന്നിപ്പറഞ്ഞു.

ചൈനയുടെ വിവാദ മുന്നറിയിപ്പിനെതിരെ ശക്തമായ നിലപാടുമായി ബംഗ്ലദേശ് രംഗത്തെത്തി. ചേരിചേരാ നയവും തുല്യ വിദേശനയവുമാണ് പിന്തുടരുന്നതെന്നും ഈ നയങ്ങൾക്ക് അനുസരിച്ച് രാജ്യം തീരുമാനങ്ങളെടുക്കുമെന്നും വിദേശകാര്യ മന്ത്രി ഡോ. എ.കെ.അബ്ദുൽ മോമെൻ പറഞ്ഞു.

‘ഞങ്ങൾ പരമാധികാരമുള്ള സ്വതന്ത്ര രാജ്യമാണ്. ഞങ്ങളുടെ വിദേശനയം ഞങ്ങൾ തീരുമാനിക്കും. ഏതു രാജ്യത്തിനും അവരുടെ കാര്യം പറയാനുള്ള അവകാശമുണ്ട്’ മോമെൻ കൂട്ടിച്ചേർത്തു. ക്വാഡ് സഖ്യത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ഒരു രാജ്യവും ബംഗ്ലദേശിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MORE IN WORLD
SHOW MORE
Loading...
Loading...