കാൻസർ രോഗിക്ക് നേരെ മാസ്ക്കില്ലാതെ ചുമച്ചു; യുവതിക്ക് ജയിൽ ശിക്ഷ

cough-woman.jpg.image.845.440
SHARE

കോവിഡ് മഹാമാരിക്കെതിരെയുള്ള ശക്തമായ പോരാട്ടത്തിലാണ് ലോകം. ഇതിനിടെ പൊതുയിടത്തിൽ കാൻസർ രോഗിക്ക് നേർക്ക് മനഃപൂർവം ചുമച്ച യുവതിക്കെതിരെ നടപടിയെടുത്തിരിക്കുകയാണ് ഫ്ലോറിഡയിലെ കോടതി. 500 യുഎസ് ഡോളർ പിഴയും 30 ദിവസത്തെ ജയിൽ വാസവുമാണ് ശിക്ഷ. ഡെബ്ര ഹണ്ടർ എന്ന യുവതിക്കെതിരെയാണ് നടപടി.

ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് മാസ്കില്ലാതെ ചുമയ്ക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ വർഷം വൈറലായിരുന്നു. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലായിരുന്നു യുവതിയുടെ നിരുത്തരവാദപരമായ നീക്കം. കാൻസർ രോഗിയുടെ കോവിഡ് ടെസ്റ്റിനുള്ള പണം നൽകണമെന്നും ശിക്ഷവിധിയിൽ ജഡ്ജി ആവശ്യപ്പെട്ടു.

ദൃക്സാക്ഷികളുടെയും സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവതിയുടെ അറസ്റ്റ്. മാസ്ക് ധരിക്കാൻ ഹണ്ടറിന് ബുദ്ധിമുട്ടുണ്ടായിരുന്നു. ചുമ വന്നപ്പോൾ നിയന്ത്രിക്കാൻ സാധിച്ചില്ല. മനഃപൂർവമായിരുന്നില്ല രോഗിയുടെ നേർക്ക് ഹണ്ടർ ചുമച്ചതെന്നും യുവതിയുടെ ഭർത്താവ് കോടതിയെ അറിയിച്ചു. തന്റെ തെറ്റിന് പിഴയടക്കാൻ കുടുംബം തയാറാണെന്നു യുവതി കോടതിയെ അറിയിച്ചു. സംഭവത്തിൽ തനിക്കും കുടുംബത്തിനുമുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ചും അവർ വ്യക്തമാക്കി. ‘ഇത്തരം ഒരു സംഭവം നടന്നതിന്റെ പേരിൽ കുട്ടികൾ പോലും സമൂഹത്തിൽ നിന്നും ഒറ്റപ്പെടൽ നേരിടേണ്ടി വന്നു. ഞാൻ ചെയ്ത തെറ്റിന് എന്റെ കുഞ്ഞുങ്ങൾ പോലും ശിക്ഷിക്കപ്പെട്ടു.’– ഡെബ്രെ ഹണ്ടർ പറയുന്നു.

സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടതോടെ ഹണ്ടറിന്റെ ഭർത്താവും കുഞ്ഞുങ്ങളും വരെ പ്രതിക്കൂട്ടിലാകുന്ന അവസ്ഥയുണ്ടായതായി ശിക്ഷ വിധിച്ച ജഡ്ജിയും വ്യക്തമാക്കി. ‘അവരുടെ കുട്ടികൾ ഒരു പ്രശ്നവും സൃഷ്ടിച്ചില്ല. യുവതിയുടെ നിരുത്തരവാദപരമായ പെരുമാറ്റം കുട്ടികളെയും ഭർത്താവിനെയും ബാധിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ’– ഡുവൽ കോണ്ടി കോടതി ജഡ്ജി ജെയിംസ് റൂത്ത് വ്യക്തമാക്കി. 

എന്നാൽ, സംഭവത്തിനു ശേഷം ദിവസങ്ങളോളം ഭയത്തോടെയാണ് ജീവിച്ചതെന്ന് ബ്രെയിൻ ട്യൂമർ രോഗിയായ സ്പ്രേഗും കോടതിയെ അറിയിച്ചു. ‘എന്റെ കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ സംബന്ധിച്ച് ഞാൻ ആശങ്കയിലായിരുന്നു. രോഗിയായ എനിക്ക് കോവിഡ്–19 ബാധിച്ചാൽ അത് എന്റെ കുഞ്ഞുങ്ങളെയും ബാധിക്കും. ഹണ്ടർ അൽപം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറാൻ ശ്രമിക്കണം. അതുകൊണ്ടാണ് സംഭവം റിപ്പോർട്ട് ചെയ്യാൻ തീരുമാനിച്ചതെന്നും സ്പ്രേഗ് കോടതിയെ അറിയിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...