‘സൂയസിൽ ചരക്കുകപ്പൽ കുടുങ്ങിയതിനു ഉത്തരവാദി വനിതാ ക്യാപ്റ്റൻ’: പ്രചാരണം പൊളിഞ്ഞു

marwa-elselehdar
Photo Credit Marwa Elselehdar Instagram
SHARE

കയ്റോ ∙ സൂയസ് കനാലിൽ  ഭീമൻ ചരക്കുകപ്പൽ ‘എവർ ഗിവൺ’ കുടുങ്ങിയതിനു തൊട്ടുപിന്നാലെയുണ്ടായ ഗതാഗതകുരുക്കിനു  ഉത്തരവാദി വനിതാ ക്യാപ്റ്റനാണെന്ന പ്രചാരണം പൊളിയുന്നു. ഈജിപ്തിലെ ആദ്യ വനിതാ ഷിപ്പ് ക്യാപ്റ്റനും നാവിക ഉദ്യോഗസ്ഥയായ മാർവ എൽസ്‍ലെദർ ലക്ഷ്യമിട്ടു നടത്തിയ വ്യാജ പ്രചാരണമാണ് പൊളിഞ്ഞത്. 

സംഭവം നടക്കുമ്പോൾ മെഡിറ്ററേനിയൻ തുറമുഖ നഗരമായ അലക്സാണ്ട്രിയയിൽ നിന്നും  നൂറുകണക്കിന് മൈലുകള്‍ക്കപ്പുറത്ത് ഐഡ ഫോര്‍ എന്ന കപ്പലിൽ ഫസ്റ്റ്‌മേറ്റ് ആയി ജോലി ചെയ്യുകയായിരുന്നു മാർവ എൽസ്‍ലെദർ. ജോലിക്കിടെയാണ് തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നതായി മാർവ ശ്രദ്ധിച്ചത്. മാർവയുടെ ലേഖനം പ്രസിദ്ധീകരിച്ച മുഖ്യധാര മാധ്യമത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. കോടിക്കണക്കിനു ഡോളറുകൾ നഷ്ടമുണ്ടാക്കിയ സംഭവം മാർവയുടെ അശ്രദ്ധയാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം. 

വ്യാജ തലക്കെട്ടുകൾക്കൊപ്പം മാർവ്വയുടെ ചിത്രം ചേർത്താണ്   വാർത്ത പ്രചരിച്ചത്. വാർത്ത ഇംഗ്ലീഷ് ഭാഷയിലായതിനാൽ പുറം രാജ്യങ്ങളിലേക്കും  പ്രചരിക്കുകയായിരുന്നു. സംഭവം അറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ താൻ ഞെട്ടിപ്പോയി എന്ന് മാർവ പറയുന്നു. ചെറിയ പ്രായത്തിൽ  നാവിക മേഖലയിൽ ഉയർന്നപദവിയിൽ എത്തിയ വനിത ആയതിനാലാവാം  ഇത്തരമൊരു വാർത്തയിലൂടെ തന്നെ തകർക്കാനുള്ള ശ്രമങ്ങൾ നടന്നത് എന്നും മാർവ പറയുന്നു. സമൂഹമാധ്യമങ്ങളിലെ തെറിവിളി അതിരു കടന്നപ്പോഴും മാർവയ്ക്ക് കുലുക്കമില്ല. വ്യാജപ്രചാരണം തനിക്കു കിട്ടിയ പബ്ലിസിറ്റി ആയിട്ടു മാത്രമാണ് കാണുന്നതെന്നും ഒരു പ്രചാരണത്തിനും തന്നെ തകർക്കാൻ കഴിയില്ലെന്നും മാർവ പറയുന്നു.

അതേസമയം ‘എവർ ഗിവൺ’ വലിച്ചുനീക്കിയെങ്കിലും വർഷങ്ങൾ നീണ്ടു നിൽക്കുന്ന നിയമ നടപടികൾക്കാണ് സംഭവം വഴിവച്ചത്. കപ്പൽ നീക്കിയതിനുൾപ്പെടെ വന്ന ചെലവുകൾ കപ്പൽ ഉടമസ്ഥർ കനാൽ അതോറിറ്റിക്കു നൽകും. എന്നാൽ ഗതാഗതം തടസ്സപ്പെട്ടതിനുള്ള പിഴ കൂടി അതോറിറ്റി ആവശ്യപ്പെട്ടേക്കും. ഇതോടെ, വർഷങ്ങൾ നീണ്ടു നിൽക്കുന്ന നിയമ നടപടികൾക്കും സംഭവം വഴിതുറക്കുമെന്ന് കപ്പൽ വ്യവസായ രംഗത്തുള്ളവർ പറയുന്നു. ജപ്പാനിലെ ഷൂയി കിസെൻ കെയ്ഫയാണ് കപ്പലിന്റെ ഉടമസ്ഥർ. ഓപ്പറേറ്റ് ചെയ്യുന്നത് തയ്‌വാൻ ആസ്ഥാനമായ എവർഗ്രീൻ കമ്പനി. കപ്പൽ റജിസ്റ്റർ ചെയ്തത് പാനമയിൽ. അപകടം നടന്നത് ഈജിപ്തിൽ. അങ്ങനെ വിവിധ രാജ്യങ്ങൾകൂടി ഉൾപ്പെട്ടതിനാൽ വ്യവഹാരനടപടികൾ നീളാനാണു സാധ്യത.

English Summary: Egypt’s first female ship captain falsely accused by online trolls of blocking Suez Canal

MORE IN WORLD
SHOW MORE
Loading...
Loading...