കുളിക്കുന്നതിനിടെ ചാർജിലിട്ട ഫോൺ ഉപയോഗിച്ചു; ഷോക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

shock-death
SHARE

മൊബൈല്‍ ഫോണ്‍ ഇല്ലാതെ ഒരു നിമിഷം പോലും നമുക്ക് ജീവിക്കാനാകില്ല. എന്നാല്‍ ഒറ്റപ്പെട്ടതെങ്കിലും മൊബൈല്‍ ഫോണുകള്‍ അപകടങ്ങള്‍ക്കു വഴിവയ്ക്കുന്നു. മൊബൈല്‍ ഫോണില്‍ നിന്നും ഷോക്കേല്‍ക്കുക, പൊട്ടിത്തെറിക്കുക, ഡ്രൈവിങ്ങിനിടെയുള്ള ഉപയോഗം തുടങ്ങിയ സംഭവങ്ങള്‍ ദുരന്തത്തിലേക്കു നയിച്ച ഉദാഹരണങ്ങള്‍ നിരവധി. 

റഷ്യയിലെ തെക്കുപടിഞ്ഞാറൻ സൈബീരിയയിലെ ടോഗുച്ചിൻ പട്ടണത്തില്‍ യുവതിയ്ക്കു നേരിടേണ്ടി വന്നത് ദാരുണാന്ത്യമാണ്. ബാത്ത് ടബ്ബിൽ കുളിക്കുന്നതിനിടെ സ്മാർട് ഫോൺ ഉപയോഗിച്ച അനസ്താസിയ ഷെർബിനീന (25) ഷോക്കേറ്റു മരിക്കുകയായിരുന്നു.  ചാർജിലിട്ട ഫോൺ ബാത്ത് ടബിൽ വീഴുകയായിരുന്നു. നാലു വയസുകാരൻ മകനാണ് അമ്മയ്ക്ക് ഷോക്കേറ്റതായി കണ്ടത്. തുടർന്ന് ബന്ധുക്കൾ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

പ്രധാനപ്പെട്ട ഒരു കോൾ വരാനുണ്ടായിരുന്നു. ഇതിനാലാണ് അനസ്താസിയ സ്മാർട് ഫോൺ ബാത്ത്റൂമിലേക്കും കൊണ്ടുപോയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോൾ എടുക്കുന്നതിനിടെ ഫോണും ചാർജിങ് കേബിളും വെള്ളത്തിൽ വീഴുകയായിരുന്നു.

ബാത്ത് ടബിൽ കുളിക്കുന്നതിനിടെ ഫോണിൽ നിന്ന് ഷോക്കേറ്റ് നേരത്തെയും നിരവധി പേർ മരിച്ചിട്ടുണ്ട്. 2018 ല്‍ റഷ്യൻ യുവതി മരിച്ചിരുന്നു. ഇതിനു മുൻപെ ഐഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമിൽ വെച്ച് ഫോൺ ചാർജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാർഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോൺ ചാർജിങ്ങിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.

ലോകത്ത് സ്മാർട് ഫോൺ ഉപയോഗിക്കുന്നവരിൽ ഏഴു ശതമാനം പേർ കുളിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സർവെ റിപ്പോർട്ട് വന്നിരുന്നു. കുളിക്കുമ്പോൾ ചാർജിലിട്ട് ഫോൺ ഉപയോഗിക്കുന്നത് വൻ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാർജറുകളും വെളളത്തിൽ വീണാൽ ഷോക്കേല്‍ക്കാൻ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...