ഇരിപ്പിടം വരെ സ്വർണം; ട്രംപിന്റെ ആഡംബര വിമാനം കട്ടപ്പുറത്ത്; കോടികളുടെ ബാധ്യത

trump-flight
SHARE

അമേരിക്കൻ പ്രസിഡന്റായി സ്ഥാനം ഏൽക്കുന്നതിന് മുൻപ് തന്നെ ലോകം അറിയുന്ന ബിസിനസുകാരനും ശതകോടികളുടെ ആസ്ഥിയുള്ള വ്യക്തിയായിരുന്നു ഡോണള്‍ഡ് ട്രംപ്. ആർഭാട ജീവിതത്തിൽ ട്രംപിന്റെ മുഖമുദ്രയായിരുന്നു ബോയിങ് 757 വിമാനം. അമേരിക്കന്‍ പ്രസിഡന്റാകുന്നതിനു മുമ്പ് ട്രംപ് യാത്ര ചെയ്തിരുന്നത് ഈ വിമാനത്തിലാണ്. ഇരിപ്പിടങ്ങളില്‍ വരെ 24 കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഈ ആഡംബര വിമാനം ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപില്‍ കട്ടപ്പുറത്താണ്. 

2010 ല്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനുമായ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിങ് 757 വിമാനം സ്വന്തമാക്കുന്നത്. വൈകാതെ ഇത് ട്രംപിന്റെ ഇഷ്ട ‘കളിപ്പാട്ട’മായി മാറുകയും ചെയ്തു. എന്നാല്‍ ഈ വിമാനം പണച്ചെലവിന്റെ കാര്യത്തില്‍ ഒരു വെള്ളാനയായിരുന്നുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ് കണക്കാക്കുന്നത്. 

ട്രംപിന്റെ ഈ ഇഷ്ടവിമാനം ഇനി പറക്കണമെങ്കില്‍ വലിയൊരു തുക മുടക്കേണ്ടി വരുമെന്നതാണ് മറ്റൊരു വസ്തുത. ഇരട്ട എൻജിനുകളില്‍ ഒന്ന് പൂര്‍ണമായും മാറ്റേണ്ടി വരും. ഇതിനു മാത്രം പത്തു ലക്ഷം ഡോളറിലേറെ ചെലവ് കണക്കാക്കപ്പെടുന്നു. പോള്‍ അലൻ വാങ്ങുന്നതിനു മുമ്പ് ഈ വിമാനം 1990 കളില്‍ മെക്‌സിക്കോയില്‍ യാത്രാവിമാനമായാണ് ഉപയോഗിച്ചിരുന്നത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി. കിടപ്പുമുറി, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ ഇന്റീരിയറും എക്സ്റ്റീരിയറും ട്രംപ് തന്റെ ഇഷ്ടമനുസരിച്ച് ഡിസൈൻ ചെയ്യിച്ചു.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ പ്രചാരണ കാലം മുതല്‍ ട്രംപ് ബോയിങ് 757 വിമാനത്തിന്റെ ചെലവ് അറിഞ്ഞിരുന്നില്ല. ക്യാംപെയ്ൻ ചെലവായും പിന്നീട് പ്രസിഡന്റായപ്പോള്‍ ഔദ്യോഗിക വകയിലും ഈ ചെലവ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ശത്രുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിക്കാനുള്ള ട്രംപിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ഈ വിമാനം. എന്നാല്‍ കോവിഡിന് ശേഷം ട്രംപിന് അത്ര നല്ലകാലമല്ല. 2016 ഫെബ്രുവരിയില്‍ മൂന്ന് ബില്യൻ ഡോളറായിരുന്ന ട്രംപിന്റെ ആസ്തി ഇപ്പോള്‍ 2.3 ബില്യനായി കുറഞ്ഞെന്നാണ് ബ്ലൂംബര്‍ഗ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ വിമാനത്തെ വീണ്ടും പൊടിതട്ടിയെടുക്കുക എളുപ്പമല്ല. 

ട്രംപിനു മുന്നിലുള്ള മറ്റൊരു മാര്‍ഗം വിമാനം വിറ്റൊഴിവാക്കുകയെന്നതാണ്. കാലപ്പഴക്കം മൂലം ട്രംപിന്റെ  ഈ വിമാനം ആസ്തിയല്ല ബാധ്യതയായാണ് മാറിക്കൊണ്ടിരിക്കുന്നത്. 2013 ല്‍ ഈ വിമാനത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയില്‍ ട്രംപ് അവകാശപ്പെട്ടത് 100 മില്യൻ ഡോളര്‍ മുടക്കിയാണ് ബോയിങ് 757 വാങ്ങിയതെന്നാണ്. നിലവിലെ വിപണി മൂല്യം അനുസരിച്ച് ട്രംപിന്റെ ബോയിങ് 757ന് എഴു മില്യൻ മുതല്‍ 10 മില്യൻ വരെ ലഭിക്കാനാണ് സാധ്യത. 

MORE IN WORLD
SHOW MORE
Loading...
Loading...