മനുഷ്യരുടെ വയറിനകത്ത് 70,000ത്തിലേറെ വിചിത്ര വൈറസുകൾ; കണ്ടെത്തലുമായി ഗവേഷകർ

virus-human-gut
Photo: Shutterstock
SHARE

മനുഷ്യരുടെ വയറ്റില്‍ നിന്ന് മാത്രം പുതുതായി 70,000 ലേറെ വൈറസുകളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. ഇവയുടെ ദൗത്യം എന്താണെന്നോ ഇവ കാരണം എന്തൊക്കെ അസുഖങ്ങളുണ്ടാവുമെന്നോ എന്നതിനേക്കുറിച്ചുള്ള വിവരങ്ങളെല്ലാം ഇപ്പോഴും അജ്ഞാതമാണ്. ഇന്നും ശാസ്ത്രലോകത്തിന് ശരീരത്തിനകത്തെ സൂഷ്മാണുവ്യവസ്ഥയെക്കുറിച്ച് വലിയ അറിവില്ലെന്ന സൂചന നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. ബാക്ടീരിയകളും വൈറസുകളും അടങ്ങുന്നതാണ് ദഹനവ്യവസ്ഥക്കകത്തെ സൂഷ്മാണുക്കള്‍. കണ്ടെത്താന്‍ എളുപ്പമാണെന്നതുകൊണ്ട് തന്നെ നേരത്തെ കുടലിനകത്തെ സൂഷ്മാണുക്കളില്‍ മാത്രമായിരുന്നു മുന്‍ പഠനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

പുതിയ പഠനത്തില്‍ ഗവേഷകര്‍ മെറ്റജെനോമിക്‌സ് എന്ന സാങ്കേതികവിദ്യയാണ് പുതിയ വൈറസുകളെ തിരിച്ചറിയുന്നതിന് ഉപയോഗിച്ചിരിക്കുന്നത്. സൂഷ്മാണുക്കളുടെ കൂട്ടത്തില്‍ നിന്നും അവയുടെ ജനിതകഘടന തിരിച്ചറിയുകയും അതുപയോഗിച്ച് പ്രത്യേകം വിഭാഗങ്ങളെ തിരിച്ചറിയുകയുമായിരുന്നു ചെയ്തത്. പഠനത്തിനായി 28 രാജ്യങ്ങളില്‍ നിന്നായി 28,000 സൂഷ്മാണു സാംപിളുകള്‍ ഗവേഷകര്‍ ശേഖരിക്കുകയും ചെയ്തു. ഇതില്‍ നിന്നാണ് 1,40,000 വിവിധ വിഭാഗത്തില്‍ പെട്ട വൈറസുകള്‍ മനുഷ്യന്റെ വയറ്റിലുണ്ടാകുമെന്ന് കണ്ടെത്തിയത്. അതേസമയം ഒരു മനുഷ്യന്റെ ഉദരത്തില്‍ മാത്രം ഇത്രയേറെ വൈറസ് വൈവിധ്യം കണ്ടെത്താനാവില്ലെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

ബാക്ടീരിയകളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളിലാണ് പഠനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. കണ്ടെത്തിയതില്‍ ഭൂരിഭാഗം ബാക്ടീരിയകളും നിരുപദ്രകാരികളും നമ്മുടെ ശരീരത്തിന് ആവശ്യമായവയുമാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ലൂയിസ് കമാരില്ലോ ഗുവേറോ പറയുന്നത്. ഉദര സൂഷ്മാണുവ്യവസ്ഥയില്‍ ഇത്തരം ബാക്ടീരിയോഫേഗുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ചും ഏതെല്ലാം ബാക്ടീരിയകള്‍ക്ക് ദഹനവ്യവസ്ഥയില്‍ മുന്‍തൂക്കം ലഭിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ സൂഷ്മാണുക്കളെ ഭക്ഷിക്കുന്ന ബാക്ടീരിയോഫേഗുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. 

അതേസമയം, ഈ ബാക്ടീരിയോഫേഗുകള്‍ കാരണമാകുന്നു രോഗങ്ങളുമുണ്ട്. ഡിഫ്ത്തീരിയ, ബോട്ടുലിസം തുടങ്ങിയ രോഗങ്ങള്‍ക്ക് ബാക്ടീരിയോഫേഗുകള്‍ കാരണമാകാറുണ്ട്. മനുഷ്യന്റെ ദഹനവ്യവസ്ഥയുടെ ഭാഗമായ പുതിയതായി കണ്ടെത്തിയ 70,000 ലേറെ വൈറസുകളുടെ ജനിതക വിവരങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭാവിയില്‍ ഇതേക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് അടിസ്ഥാനമാകും തങ്ങള്‍ പുറത്തുവിട്ട വിവരങ്ങളെന്നാണ് കമാറില്ലോ ഗുരേരോ പറയുന്നത്. ജേണല്‍ സെല്ലിലാണ് ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...