ഉയിഗർ മുസ്ലിം കിടപ്പറയില്‍ പോലുമെത്തിയ ആ ചാരൻ; ചൈനയുടെ ക്രൂരത‍

china-uigur
SHARE

ലോകമാകെ പടർന്ന് കിടക്കുന്ന  ബിബിസി വേള്‍ഡ് ന്യൂസ് ചൈന നിരോധിച്ചെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ഞെട്ടലോടെയാണ് ലോകം കേട്ടത്. അത്തരമൊരു നടപടിയിലേക്ക് ചൈന എത്താന്‍ കാരണം എന്താണ്? ഉയിഗര്‍ വിഭാഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്ന് പറയുന്നു ബിബിസി. അത്ര മാത്രം ആ വാര്‍ത്തകളോട് ചൈനയ്ക്ക് അസഹിഷ്ണുത തോന്നാന്‍ കാരണം എന്തായിരിക്കും. അതിന് ഉയിഗറുകൾ ആരെന്നറിയണം ആദ്യം.

 ചൈനയിലെ  വടക്കു പടിഞ്ഞാറന്‍ ഭാഗത്തെ ഏറ്റവും വലിയ ജനവാസമേഖലയായ സിന്‍ജിയാങ്ില്‍ ജീവിക്കുന്ന മുസ്ലിം മതവിശ്വാസികളാണ് ഉയിഗറുകള്‍. 12 മില്ല്യണ്‍ ഉയിഗറുകള്‍ താമസിക്കുന്ന ആ മേഖല സിന്‍ജിയാങ് ഉയിഗര്‍ ഓട്ടോണോമസ് റീജിയന്‍ എന്നറിയപ്പെടുന്നു. തുര്‍ക്കിഷ് ഭാഷയ്ക്ക് സമാനമായ ഭാഷ. മധ്യേഷ്യന്‍ രാജ്യങ്ങളോട് സമാനമായ ജീവിതരീതി. ടിബറ്റിനെ പോലെ തന്നെ വാക്കുകളില്‍ സ്വയം ഭരണകേന്ദ്രം, പ്രായോഗിക തലത്തില്‍ സര്‍ക്കാറിന്റെ കാല്‍ക്കീഴില്‍.ഇന്ധന പ്രകൃതിവാതക നിക്ഷേപത്താലും പഞ്ഞി ഉത്പാദനത്തിലും ലോകത്തിലെ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്ന മേഖലയാണ് സിന്‍ജിയാങ്. കാര്യങ്ങള്‍ ഇങ്ങനെയെങ്കിലും ചൈന ഒഴികെ മറ്റാരും ഉയിഗര്‍ എന്ന വാക്കുച്ഛരിക്കുന്നതു പോലും കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനിഷ്ടമല്ല, അതാണ് ബിബിസി എന്ന ലോകമാധ്യമത്തെ നിരോധിക്കാനുള്ള കാരണവുമെന്ന് വിലയിരുത്തപ്പെടുന്നു.

ബിബിസി മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാണ് ചൈനയുടെ വാദം. വാർത്തകൾ സത്യസന്ധമാകണമെന്നും ചൈനയുടെ ദേശീയ താൽപര്യങ്ങളെ ഹനിക്കാത്തതാകണമെന്നും ഭരണകൂടം പറയുന്നു. ബിബിസി ഇതെല്ലാം ലംഘിച്ചെന്ന് ചൈനീസ് നാഷണൽ റേഡിയോ ആന്റ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ വാദിക്കുന്നു. എന്നാൽ ചൈനീസ് ക്യാമ്പുകളിൽ ഉയിഗർ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം പുറംലോകത്തെ അറിയിച്ചതിനുള്ള പ്രതികാരമാണ് ഇതെന്നാണ് അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പടെ വിലയിരുത്തുന്നത്. ക്യാമ്പുകളിൽ കഴിയുന്ന ഉയിഗർ സ്ത്രീകളെ ചൈനീസ് പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ലൈംഗികമായും അല്ലാതെയും ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ തുറന്ന് പറച്ചിലുകളാണ് ബിബിസി വേൾഡ് ന്യൂസ് നേരത്തെ പുറത്ത് വിട്ടത്.

മതസ്വാതന്ത്ര്യമുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രം എന്ന് ഊറ്റം കൊള്ളുന്നവരാണ് ചൈന. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിലേക്ക് ആളുകളെ നിര്‍ബന്ധിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് അവിടെ എന്നതും വാസ്തവം. അതിന്‍റെ ഇരകളാണ് ഉയിഗര്‍ വംശജര്‍.  ഒരു ജനവിഭാഗത്തെ ഒന്നടങ്കം നിസഹായരും നിശബ്ദരുമാക്കി മാറ്റുന്ന സംഭവങ്ങളെക്കുറിച്ച് ലോകത്താകമാനം ചര്‍ച്ചകള്‍ക്ക് ചൂടേറുകയാണ്. മുസ്ലിം ന്യൂനപക്ഷമായ ഉയിഗറുകള്‍ പ്രായലിംഗ വ്യത്യാസമില്ലാതെ മാനസികവും ശാരീരികവുമായ അടിച്ചമര്‍ത്തലുകളിലൂടെയാണ് കടന്നുപോകുന്നത്. ചൈന ഒരുദശലക്ഷം ഉയിഗറുകളെയെങ്കിലും തടവില്‍ പാര്‍പ്പിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ത്തന്നെ ആയിരക്കണക്കിന് ഉയിഗറുകള്‍ ഫാക്ടറികളില്‍ നിര്‍ബന്ധിത തൊഴിലിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. 

സ്ത്രീകളുടെ കിടപ്പറയില്‍ വരെ ചൈനയുടെ ചാരന്‍മാരുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നു. 11 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയെങ്കിലും ഗവണ്‍മെന്‍റ് ഇത്തരത്തില്‍ ന്യൂനപക്ഷ സമുദായങ്ങളുടെ സ്വീകരണമുറികളും കിടപ്പറകളുമെല്ലാം  നിരീക്ഷിക്കാനായി നിയോഗിച്ചിട്ടുണ്ട്.  ഒരുമിച്ച് കാര്യങ്ങള്‍ നോക്കുകയും ഭക്ഷണം കഴിക്കുകയും മാത്രമല്ല. രാത്രിയില്‍ ഈ വീട്ടിലെ സ്ത്രീകള്‍ക്കും മറ്റംഗങ്ങള്‍ക്കുമൊപ്പം ഒരേ കിടക്കയില്‍ തന്നെയാണ് ഉറങ്ങുന്നതും. കൂടാതെ സ്ത്രീകളെ നിര്‍ബന്ധിത വന്ധ്യംകരണം നടത്തുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നു.

ലോകത്താകെയുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ഈ നടപടിയെ അപലപിച്ചിരുന്നു. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റുമാണെന്നും വാദം ശക്തമായി.  പ്രതിഷേധിച്ചാല്‍ ഭാവി എന്തായിത്തീരുമെന്ന ഭയം കാരണമാണ് ഉയിഗുര്‍ കുടുംബാംഗങ്ങള്‍ ഒന്നും മിണ്ടാത്തതെന്നും അവര്‍ പറയുന്നു. 

മുന്‍ യുഎസ് പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപ് 2020 -ലെ ഉയിഗുർ ഹ്യുമന്‍ റൈറ്റ്സ് പോളിസിയില്‍ ഒപ്പുവെച്ചു, 'ചൈനയിലെ സിൻജിയാങ് മേഖലയിലെ നിർദ്ദിഷ്‍ട വംശീയ മുസ്‌ലിം ന്യൂനപക്ഷ ഗ്രൂപ്പുകള്‍ക്ക് മേലുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നു'വെന്നാണ് നയത്തില്‍ വ്യക്തമാക്കിയത്. പുതിയ പ്രസിഡണ്ട് ജോ ബൈഡന്‍ ഇന്തോ–പസിഫിക് മേഖലയിലെ ശക്തിയായി ചൈന സ്വയം ഉയർത്തിക്കാട്ടുന്നതിലും സിൻജിയാങ്ങിൽ ഉയിഗുർ മുസ്‍ലിംകളെ തടവിലാക്കുന്നതിലും  ആശങ്ക അറിയിച്ചിരുന്നു.

സാമ്പത്തിക സാങ്കേതിക രംഗത്ത് അതികായന്‍മാരായ ചൈനയെ എതിര്‍ത്ത് നില്‍ക്കാന്‍ എത്ര രാജ്യങ്ങള്‍ക്ക് സാധിക്കും? പ്രതിഷേധങ്ങള്‍ അവിടവിടെയായി ഉയരുമ്പോഴും ഉറച്ച ശബ്ദങ്ങള്‍ കേള്‍ക്കാത്തത് ഒരു പക്ഷേ ഇക്കാരണത്താലാകും. അതുകൊണ്ടുതന്ന ഉയിഗുറുകളുടെ മുന്നോട്ടുപോക്ക് ആശങ്കയുടെ വൻമതിലിനു കീഴിൽത്തന്നെ

MORE IN WORLD
SHOW MORE
Loading...
Loading...