മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിക്ക് തിരിച്ചടി; റോക്കറ്റ് എൻജിൻ പരീക്ഷണം പരാജയം

nasa-rocket-engine
SHARE

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പദ്ധതിക്ക് നിര്‍ണായക ഘട്ടത്തില്‍ തിരിച്ചടി. സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) എന്ന് വിളിക്കുന്ന റോക്കറ്റിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന നാല് ആര്‍എസ് 25 എൻജിനുകള്‍ പരീക്ഷിക്കുന്നതിനിടെയാണ് തിരിച്ചടി നേരിട്ടത്. ഇതോടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള അമേരിക്കയുടെ ആര്‍ട്ടിമിസ് ദൗത്യം വീണ്ടും നീളുമെന്ന് ഉറപ്പായി.

ഏതാണ്ട് 365 അടി (111 മീറ്റര്‍) ഉയരമുള്ള കൂറ്റന്‍ റോക്കറ്റാണ് എസ്എല്‍എസ്. ആര്‍ട്ടിമിസ് എന്ന അമേരിക്കന്‍ ചാന്ദ്ര ദൗത്യത്തിന് ഏതാണ്ട് 30 ബില്യണ്‍ ഡോളറാണ് ചെലവ് കണക്കാക്കുന്നത്. ഈ ഭീമാകാര റോക്കറ്റിന് മാത്രം 18 ബില്യണ്‍ ഡോളര്‍ ചെലവ് വരും. 1972ന് ശേഷം ആദ്യമായാണ് മനുഷ്യന്‍ ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്നത്.

പ്രധാനമായും അഞ്ച് ഭാഗങ്ങളാണ് എസ്എല്‍എസിന്റെ നട്ടെല്ലായി വിശേഷിപ്പിക്കുന്നത്. 5,37,000 ഗാലണ്‍ (20 ലക്ഷം ലിറ്റര്‍) ദ്രവ ഹൈഡ്രജന്‍ കൊള്ളുന്ന ടാങ്ക്, 1,96,000 ഗാലണ്‍ (7,42,000 ലിറ്റര്‍) ദ്രവ ഓക്‌സിജന്‍ കൊള്ളുന്ന ടാങ്ക്, നാല് ആര്‍എസ് 25 എൻജിനുകള്‍, അവിയോണിക്‌സ് കംപ്യൂട്ടറുകള്‍, മറ്റു സംവിധാനങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പരീക്ഷണം നടത്തിയ ഈ ഭാഗം. 

നിലവില്‍ ഭൂമിയിലുള്ള മനുഷ്യനെ ചന്ദ്രനിലെത്തിക്കാന്‍ ശേഷിയുള്ള ഒരേയൊരു റോക്കറ്റെന്ന് വിശേഷിപ്പിക്കുന്ന എസ്എല്‍എസിന്റെ പരീക്ഷണത്തെ 'ഭൂകമ്പം പോലെ' എന്നാണ് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ വിശേഷിപ്പിച്ചത്. പ്രധാന എൻജിനുകള്‍ അടക്കം ഏതാണ്ട് എട്ട് മിനിറ്റ് തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനായിരുന്നു നാസ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പരീക്ഷണം തുടങ്ങി ഒരു മിനിറ്റിനകം തന്നെ പ്രവര്‍ത്തനം നിര്‍ത്താന്‍ എൻജിന്‍ കണ്ട്രോളര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 

നാലാമത്തെ എൻജിന് ചുറ്റുമുള്ള തെര്‍മല്‍ പ്രൊട്ടക്ഷന്‍ ബ്ലാങ്കെറ്റിന് സമീപത്തു നിന്നും ഒരു മിന്നല്‍ കണ്ടതോടെയാണ് പരീക്ഷണം നിര്‍ത്തിവെക്കാന്‍ എൻജിന്‍ കണ്‍ട്രോളര്‍ നിര്‍ദേശിച്ചത്. വൈകാതെ മേജര്‍ കോംപോണന്റ് ഫെയിലിയര്‍ അഥവാ എംസിഎഫ് എന്ന് നാസ തന്നെ പരീക്ഷണം നിര്‍ത്തിവെക്കാനുള്ള കാരണമായി അറിയിക്കുകയും ചെയ്തു. സംഭവിച്ചത് പരാജയമല്ലെന്നും നേരിയ പിഴവുകള്‍ പോലും പരിഹരിക്കാനുള്ള അവസരമാണെന്നുമാണ് ബ്രൈഡന്‍സ്റ്റൈന്‍ പിന്നീട് പറഞ്ഞത്. പരീക്ഷണത്തിലെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈവര്‍ഷം നവംബറില്‍ എസ്എല്‍എസിന്റെ ആദ്യ ആളില്ലാ വിക്ഷേപണം നടത്താനായിരുന്നു നാസ പദ്ധതിയിട്ടിരുന്നത്. നിലവിലെ പ്രധാന എൻജിന്റെ പരീക്ഷണം വീണ്ടും നടത്തേണ്ട സാഹചര്യത്തില്‍ ഇത് വീണ്ടും നീളാനാണ് സാധ്യത. പരീക്ഷണ സമയത്ത് കുറഞ്ഞത് 250 സെക്കന്റെങ്കിലും നാല് എൻജിനുകളും തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കണമെന്നതാണ് നാസയുടെ മാനദണ്ഡം. ദിവസങ്ങള്‍ക്കകം തന്നെ ഈ പരീക്ഷണം വീണ്ടും നടത്താനാവുമെന്നാണ് കരുതപ്പെടുന്നത്. ബഹിരാകാശ സഞ്ചാരികളെ കയറ്റും മുൻപ് ഈ റോക്കറ്റ് എല്ലാത്തരത്തിലും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് നാസ മേധാവി തന്നെ നയം വ്യക്തമാക്കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...