ചൈനയല്ലേ, വൈറസ് പേടിച്ചു; അമേരിക്ക മുതല്‍ കേരളത്തിലേക്കു വരെ കുടിയേറി

covid-vuhan
SHARE

ലോകം അടച്ചിടല്‍ തുടങ്ങിയ ദിവസമാണ് വരുന്നത്. പുതിയ കൊറോണ വൈറസ് കണ്ടെത്തി സ്ഥിതി ഗുരുതരമെന്ന് വിലയിരുത്തി ചൈനയിലെ വുഹാന്‍ നഗരം അടച്ചിട്ട ദിവസം. ജനുവരി 23. മുഖമറയ്ക്കും ഒറ്റപ്പെടലിനുമൊപ്പം മനുഷ്യര്‍ കൂട്ടുകൂടിത്തുടങ്ങിയിട്ട് ഒരുവര്‍ഷമാകുന്നു. വൈറസിനെ പിടിച്ചുകെട്ടി എന്നു പറയുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും വൈറസിനെ ആദ്യം കണ്ട വുഹാനും ഇപ്പോഴെങ്ങനെ.  പിടിച്ചുകെട്ടിഞാനവനെനിക്കിട്ടുകൊടുത്തുരണ്ട് എന്ന അവസ്ഥയിലാണ് കേരളം. പക്ഷേ വുഹാന്‍ മാറിക്കഴിഞ്ഞു.  കാണാം  മുഖമറയില്ലാതെ, ദ് ഫോര്‍ത് അംപയറിലേക്ക് സ്വാഗതം.  

മലയാളിക്ക് വുഹാന്‍ എന്നു കേട്ടാല്‍ ഇപ്പോള്‍ ആദ്യം ഓര്‍മവരിക അവിടത്തെ മല്‍സ്യ,മാംസ മാര്‍ക്കറ്റാണ്. വൈറസ് ആദ്യം കണ്ടെന്ന് പറയപ്പെടുന്ന ഇടം. പക്ഷേ അതിനു മുമ്പും വുഹാനെക്കുറിച്ച് മലയാളി കേട്ടിരുന്നു. രണ്ടു മിനിറ്റും 1.53 സെക്കൻഡുമെടുത്ത്  ടിന്റു ലൂക്ക 2015ലെ ഏഷ്യന്‍ അത്‌ലറ്റിക്സില്‍  800 മീറ്ററിൽ സ്വർണം നേടിയത് വുഹാനിലാണ്. കമ്യൂണിസ്റ്റ് ചൈനയുടെ സ്ഥാപകനായ മാവോ സെദുങ്ങിന്റെ ഇഷ്ട വിശ്രമകേന്ദ്രമായിരുന്ന വുഹാനിലാണ് മൂന്നുവര്‍ഷം മുമ്പ് മോദി – ഷി ചിന്‍ പിങ് കൂടിക്കാഴ്ച നടന്നത്. ഹുബെയ് പ്രൊവിന്‍ഷ്യല്‍ മ്യൂസിയത്തില്‍ മോദിയെ പിങ് വരവേറ്റു. ഇന്ത്യ ചൈന സൈനിക ഹോട്‌ലൈനിനു വരെ ധാരണയായ നിര്‍ണായക കൂടിക്കാഴ്ച. പക്ഷേ ഇതേ ഹുവാനും ഹുബേയുമൊക്കെ പിന്നെ ഇന്ത്യയെ പേടിപ്പിക്കുന്ന ഇടങ്ങളായി. ചൈനയും.    

ജനുവരി 11നാണ് ആദ്യമരണം. ഒരു പുതിയ തരം കൊറോണ വൈറസാണ് കാരണമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബാധിച്ചതോടെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗമാണിതെന്നും അറിയിപ്പ് വന്നു. 18 പേര്‍ മരിച്ചതോടെ വുഹാന്‍ ഉള്‍പ്പെടുന്ന ഹുെബ മേഖലയില്‍ അടച്ചിടല്‍ പ്രഖ്യാപിച്ചു. ഈ രോഗം ഇവിടെയും വരുമെന്നും   അടച്ചിടപ്പെടുമെന്നും ഒന്നും നാം അന്ന് ഓര്‍ത്തില്ല.  

അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ വുഹാനില്‍ തുടങ്ങിയ ഈ ക്യൂ പിന്നീട് ലോകമെമ്പാടും നീണ്ടു. മരണം 56 ആയി ഉയര്‍ന്നതോടെ ൈചന വുഹാനിലേക്ക് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ അയച്ചു. രോഗികളുടെ എണ്ണം കൂടിയതോടെ പല വലിയ കെട്ടിടങ്ങളും ആശുപത്രികളാക്കി. എട്ടുദിവസം കൊണ്ട് പുതുതായി ആശുപത്രി നിര്‍മിച്ച് രോഗികളെ പ്രവേശിപ്പിച്ച ചൈനീസ് മികവിനെ നാം ഇവിടെയിരുന്നു വാഴ്ത്തി. ഒരുകാലത്ത് ഇവിടെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങള്‍ വരുമെന്ന് അന്നാരും കരുതിയില്ല.  

വുഹാനിലെ രോഗത്തെക്കുറിച്ച് ഔദ്യോഗിക സമ്മതമില്ലാതെ പുറത്തുപറഞ്ഞെന്ന കുറ്റം ചുമത്തപ്പെട്ട നേത്രരോഗവിഗദ്ധന്‍ ലി വെന്‍ലിയാങ് ഫെബ്രുവരി ഏഴിന് മരിച്ചു. അച്ചടക്കത്തില്‍ വളര്‍ത്തപ്പെട്ട ചൈനീസ് ജനതയ്ക്കുപോലും രോഷം അടക്കാനാവാത്ത വേര്‍പാടായിരുന്നു അത്. ചൈനീസ് ഭരണകൂടത്തിന്റെ മനം പോലും മനം മാറിയെന്നത് ജനിതകമാറ്റം  വരാത്ത ജനുസുകളില്ലെന്നതിന് തെളിവായി. ലീയെ കുറ്റവിമുക്തനാക്കിയ ഭരണകൂടം അദ്ദേഹത്തെ കോവിഡ് പോരാളിയെന്ന് വാഴ്ത്തി. വെന്‍ലിയാങ് മരിക്കുമ്പോള്‍ ഗര്‍ഭിണിയായിരുന്ന ഭാര്യ ഫു സുയെജിക്ക് ജൂണില്‍ ഒരു കുഞ്ഞും പിറന്നു. ഇത് നിങ്ങള്‍ എനിക്കു നല്‍കിയ അവസാന സമ്മാനമാണ്.ഞാന്‍ അവരെ സ്നേഹിക്കും, സംരക്ഷമിക്കും – ഫു സുയെജി എഴുതി.  

ഇതിനിടെ വുഹാനിലെ രോഗികളുടെ, ആശുപത്രികളുടെ, ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുകയായിരുന്നു. മാര്‍ച്ച് പത്താംതീയതി പ്രസിഡന്റ് ഷി ചിന്‍പിങ് വുഹാന്‍ സന്ദര്‍ശിച്ചു. ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചു. ആ ദിവസം തന്നെയാണ് വുഹാനിലെ 14 താല്‍ക്കാലിക ആശുപത്രികളും അടച്ചത്.  

ചൈനയല്ലേ, വെട്ടൊന്ന് മുറി രണ്ട് എന്നാണല്ലോ നയം. വൈറസും ശരിക്കും പേടിച്ചു. പ്രസിഡന്റ് വന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ വൈറസുകളെല്ലാം വുഹാന്‍ വിട്ട് യാത്രയായി. അവര്‍ അമേരിക്കയിലേക്കും ഇന്ത്യയിലേക്കും നമ്മുടെ കൊച്ചുകേരളത്തിലേക്കും വരെ കുടിയേറി. മാര്‍ച്ച് 18ന് വുഹാനില്‍ പുതിയ രോഗികളില്ലെന്ന് ചൈന ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ വുഹാനോട് യാത്ര പറ‍ഞ്ഞു ഏപ്രില്‍ എട്ടിന് അടച്ചിടല്‍ പിന്‍വലിച്ചു. ജനം യാത്ര തുടങ്ങി. റയില്‍വെ സ്റ്റേഷനുകളിലും തിയറ്ററുകളിലും ചന്തകളിലും ജനം തിരിച്ചെത്തി. മതിയായ സുരക്ഷ പാലിച്ചു തന്നെ. പക്ഷേ, പേടിച്ചു മാറി നിന്ന വൈറസ് വീണ്ടും ഒളിച്ചുകയറി. വെറുതെവിടാന്‍ ൈചനയും തയ്യാറായില്ല. വുഹാനിലെ ഒരുകോടി പത്തുലക്ഷം ജനങ്ങളെയും പരിശോധിക്കാന്‍ തുടങ്ങി.   മേയ് 13ന് യജ്ഞം ആരംഭിച്ചു. നിയന്ത്രണം കുറേ കടുപ്പിച്ചു. ഇപ്പോള്‍ സ്ഥിതി മാറി. നാം കോവിഡിന്റെ ഇടയില്‍ കൂടി നടക്കുമ്പോള്‍ അവര്‍ കോവിഡ് ഇല്ലാത്ത നാട്ടിലാണ് ജീവിക്കുന്നത്.  

എന്തായാലും വുഹാനില്‍ പിറന്ന കൊറോണ വളര്‍ന്നു വലുതായി നാടുവിട്ട് വിവിധ വകഭേദങ്ങളും ജനുസുകളുമായി ഇപ്പോള്‍ പല നാടുകളിലാണ്. എല്ലാം കഴിഞ്ഞപ്പോള്‍ പഠനത്തിനായി  ലോകാരോഗ്യസംഘടനയിലെ വിദഗ്ധരെ ചൈന അനുവദിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് പകര്‍ച്ചവ്യാധി പ്രതിരോധ തുരങ്കത്തിലൂടെ നടത്തി അവരെ പിപിഇ കിറ്റ് ധരിച്ച സുരക്ഷാ ഭടന്മാരുടെ അകമ്പടിയോടെ ഒരു ബസില്‍ കയറ്റി രണ്ടാഴ്ച ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്. എന്തായാലും ചൈനയല്ലേ, ഇനിയുള്ള അവരുടെ വുഹാനിലെ ഗവേഷണവും ഇതുപോലെ നിയന്ത്രണങ്ങളോെടായിരിക്കും. ചില ട്വീറ്റുകള്‍ മാത്രമാണ് വുഹാനിലെ അവരുടെ ക്വാറന്റീന്‍ ജീവിതത്തെക്കുറിച്ച് ആകെ പുറത്തുവന്നിട്ടുള്ള വിവരം.    

എന്തായാലും കോവിഡിനെ നിയന്ത്രിക്കുന്നതില്‍ ചൈന വിജയിച്ചു.  പക്ഷേ കമ്യൂണിസ്റ്റ് ഭരണകൂടമായതിനാല്‍  ലോകമാധ്യമങ്ങളുടെയും നേതാക്കളുടെയും ഈ നേട്ടത്തെ താഴ്ത്തിക്കെട്ടുന്നു.   അതേസമയം നമ്മുടെ കമ്യൂണിസ്റ്റ് മന്ത്രിയെ അവര്‍ താരമാക്കുകയും ചെയ്യുന്നു.  വുഹാനും കേരളവും ഒരേപോലെ തന്നെ. ഒരു വ്യത്യാസം മാത്രം. അവര്‍ കൊറോണ വൈറസിനെ തുരത്തിയോടിച്ചശേഷം തുറന്നു. ആഘോഷിച്ചു. ഇപ്പോഴും കരുതലോടെയിരിക്കുന്നു. നാം വൈറസിനെ കൂടെക്കൂട്ടിയും പടര്‍ത്തിയും ആഘോഷിക്കുന്നു. നമ്മള്‍ പ്രത്യേക ജനുസാണ്. മറ്റുള്ളവര്‍ക്കൊന്നും മനസിലാകാത്ത ജനുസ്.

MORE IN WORLD
SHOW MORE
Loading...
Loading...