'ബാലാക്കോട്ട് ആസൂത്രിതം’; അർണാബിന്റെ ചാറ്റിൽ പിടിച്ച് ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ

imran-pak
SHARE

 ബാലാക്കോട്ട് ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതെന്ന പുതിയ വാദവുമായി പാക്കിസ്ഥാൻ. ടെലിവിഷൻ റേറ്റിംഗിൽ കൃത്രിമം കാണിച്ച് അറസ്റ്റിലായ അവതാരകൻ അർണബ് ഗോസ്വാമിയുടെ വാട്സ് ആപ്പ് ചാറ്റുകൾ പുറത്തു വന്നതോടെയാണ് പുതിയ പ്രസ്താവനയുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്. സിആർ‌പി‌എഫ് സൈനികർക്കു നേരെ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ബാലാക്കോട്ടിലെ ഭീകരരുടെ ക്യാംപ് ലക്ഷ്യമിട്ട വ്യോമാക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇപ്പോൾ വാദിക്കുന്നത്. ഇത് ഇന്ത്യയിലെ രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി നടത്തിയ ആക്രമണമാണെന്നുംം അദ്ദേഹം ആരോപിച്ചു.

ടിആർപി ക്രമക്കേടുമായി ബന്ധപ്പെട്ട തെളിവുകൾ സൂചിപ്പിക്കുന്നത് കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് ബാലാക്കോട്ടിലെ ഭീകരരുടെ ക്യാംപ് ആക്രമിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയെക്കുറിച്ച് വാർത്താ അവതാരകൻ അർണാബ് ഗോസ്വാമി അറിഞ്ഞിരുന്നു എന്നാണ്. റേറ്റിങ് കമ്പനിയായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ (ബാർക്) പാർഥ ദാസ് ഗുപ്തയും ഗോസ്വാമിയും തമ്മിലുള്ള വാസ് ആപ്പ് സംഭാഷണങ്ങൾ വലിയ വിവാദത്തിലേക്കാണ് പോകുന്നത്.

രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന ചാറ്റുകളാണ് ഇരുവരും തമ്മിൽ പങ്കുവച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 2019 ഫെബ്രുവരി 23 ന് പുൽവാമ ആക്രമണമുണ്ടായത്. ജില്ലയിലെ സൈനിക സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 ഓളം ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിനു പിന്നിൽ പാക് ഭീകരരാണെന്ന ഇന്ത്യയുടെ വാദം ഇസ്‌ലാമാബാദ് അപ്പോൾ തന്നേ നിഷേധിച്ചിരുന്നു. ആക്രമണം ഏറ്റവും കൂടുതൽ പൊലിപ്പിച്ചതിൽ അർണാബിന്റെ ചാനലിനും വലിയ പങ്കുണ്ട്. അസത്യങ്ങളെ സത്യം കൊണ്ട് നേരിടുമെന്ന് ഇസ്‌ലാമാബാദ് പറഞ്ഞു. പുൽവാമ ആക്രമണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി സർക്കാരാണെന്ന് പാക് നേതാക്കൾ ആക്രമണമുണ്ടായപ്പോൾ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ‘ഫാസിസ്റ്റ് സർക്കാർ’ ബാലാക്കോട്ട് ആക്രമണത്തെ ആഭ്യന്തര തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ഉപയോഗിച്ചതെങ്ങനെയെന്ന് 2019 ൽ യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ താൻ ചൂണ്ടിക്കാണിച്ചതായി തുടർച്ചയായ ട്വീറ്റുകളിൽ ഖാൻ പറഞ്ഞു. മോദി സർക്കാരും ഇന്ത്യൻ മാധ്യമങ്ങളും തമ്മില്‍ അവിശുദ്ധമായ ബന്ധമുണ്ടെന്ന് ചാറ്റുകൾ വെളിപ്പെടുത്തുന്നു എന്നും ഖാൻ പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...