വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നിന്ന് ‘വിചിത്ര സിഗ്നലുകൾ’; കണ്ടെത്തി ജൂനോ

jupiter-moon-signal
SHARE

വ്യാഴത്തിന്റെ ഉപഗ്രഹത്തില്‍ നിന്നുള്ള എഫ്എം സിഗ്നലിന് സമാനമായ സിഗ്നലുകള്‍ ജൂനോ പേടകം തിരിച്ചറിഞ്ഞു. 2016 മുതല്‍ വ്യാഴത്തെ വലംവെക്കുന്ന നാസയുടെ പേടകമാണ് ജൂനോ. ആദ്യമായാണ് വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമേഡില്‍ നിന്നും ഇത്തരത്തിലുള്ള തരംഗങ്ങള്‍ ലഭിക്കുന്നത്. 

വ്യാഴത്തിന്റെ ഏഴാമത്തെ ഉപഗ്രഹമായ ഗാനിമേഡ് നമ്മുടെ സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണ്. 1610ല്‍ ഗലീലിയോ കണ്ടെത്തിയ ഗാനിമീഡിന്റെ വ്യാസം 5268 കിലോമീറ്ററാണ്. സ്വന്തമായി കാന്തികമണ്ഡലമുള്ള സൗരയൂഥത്തിലെ ഒരേയൊരു ഉപഗ്രഹമായ ഗാനിമീഡില്‍ ഭൂമിയില്‍ ഉള്ളതിനേക്കാള്‍ ജലം ഉണ്ടെന്നും അനുമാനിക്കപ്പെടുന്നു. 1972ല്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ഗാനിമീഡിന് അന്തരീക്ഷം ഉള്ളതായി കണ്ടെത്തിയിരുന്നു. ഓക്‌സിജന്‍ വാതകമാണ് ഗാനിമീഡിന്റെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതലുള്ള വാതകം. 

ഗാനിമീഡിയില്‍ നിന്നുള്ള തരംഗങ്ങള്‍ രേഖപ്പെടുത്തുന്നത് ആദ്യമാണെങ്കിലും വ്യാഴത്തില്‍ നിന്നും 1955 മുതല്‍ തന്നെ സമാനമായ തരംഗങ്ങള്‍ ശാസ്ത്ര സമൂഹം കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷം നടന്ന സമാനമായ കണ്ടെത്തലുകളില്‍ ഒടുവിലത്തേതാണ് ഗാനിമീഡില്‍ നിന്നുമുള്ള തരംഗങ്ങള്‍. ഇത് അന്യഗ്രഹജീവന്‍ എന്നതിനേക്കാള്‍ പ്രകൃതി പ്രതിഭാസമെന്നാണ് നാസ ശാസ്ത്രജ്ഞര്‍ പറയുന്നത്. 

അതേസമയം ജീവന്റെ സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയാനാവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഇലക്ട്രോണുകളാണ് ഈ റേഡിയോ സിഗ്നലുകള്‍ക്ക് സമാനമായ തരംഗങ്ങള്‍ക്ക് പിന്നിലെന്നാണ് നാസ ഗവേഷകര്‍ കരുതുന്നത്. സെക്കന്റില്‍ 50 കിലോമീറ്റര്‍ അഥവാ മണിക്കൂറില്‍ 1,11,847 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് ജൂനോ പേടകം ഈ സിഗ്നലുകളെ തിരിച്ചറിഞ്ഞത്. ഭൂമിയില്‍ നിന്നും 270 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് ജൂനോ പേടകം വ്യാഴത്തിന്റെ അരികിലെത്തിയത്. 

2011 ഓഗസ്റ്റ് അഞ്ചിന് ഫ്‌ളോറിഡയില്‍ നിന്നും വിക്ഷേപിച്ച ജൂനോ പേടകത്തിനായി 101 കോടി ഡോളറാണ് (ഏതാണ്ട് 7,000 കോടി രൂപ) ചെലവ് വന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...