വിഷം കുത്തിവച്ച് ലിസയുടെ വധശിക്ഷ നടപ്പാക്കി; 7 പതിറ്റാണ്ടിനിടെ ആദ്യ വനിത

lisa-us
SHARE

ഏഴു പതിറ്റാണ്ടിനിടയില്‍ ആദ്യമായി അമേരിക്കയില്‍ ഒരു വനിതയെ വധശിക്ഷയ്ക്കു വിധേയയാക്കി. 2004ല്‍ ഗര്‍ഭിണിയെ കൊന്നു വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത കേസില്‍ പ്രതിയായ ലിസ മോണ്ട്ഗോമറി എന്ന അമ്പത്തിരണ്ടുകാരിയെയാണു വിഷം കുത്തിവച്ച് വധശിക്ഷയ്ക്കു വിധേയയാക്കിയത്. ഇന്ത്യാനയിലെ ടെറെ ഹോടിലുള്ള ഫെഡറല്‍ കറക്‌ഷണല്‍ കോംപ്ലക്‌സിലായിരുന്നു വധശിക്ഷ. 

ഫെഡറല്‍ ജൂറിയുടെ ഏകകണ്ഠമായ വിധിയുടെയും ജില്ലാ കോടതിയുടെ അനുമതിയോടെയുമാണു വധശിക്ഷ നടപ്പാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ലിസയുടെ മനോനില സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വധശിക്ഷയ്ക്കു സുപ്രീംകോടതി അനുമതി നല്‍കുകയായിരുന്നു. അധികാര കേന്ദ്രത്തിന്റെ അനാവശ്യവും അനധികൃതവുമായ നടപടിയെന്നാണ് ലിസയുടെ അഭിഭാഷകര്‍ വിശേഷിപ്പിച്ചത്. 

ഓണ്‍ലൈന്‍ ചാറ്റിലൂടെ പരിചയപ്പെട്ട ഗര്‍ഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ (23), 2004 ഡിസംബര്‍ 16ന് അവരുടെ വീട്ടില്‍ കടന്നുകയറി ശ്വാസം മുട്ടിച്ചുകൊന്നശേഷം, വയര്‍ കീറി എട്ടു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തെന്ന കുറ്റത്തിനാണു ലിസയ്ക്കു കോടതി വധശിക്ഷ വിധിച്ചത്. ഗര്‍ഭസ്ഥ ശിശുവുമായി രക്ഷപ്പെട്ട ലിസയെ അടുത്ത ദിവസം കാന്‍സസിലെ ഫാംഹൗസില്‍ കണ്ടെത്തി.

സ്വന്തം കുഞ്ഞാണെന്നായിരുന്നു ലിസയുടെ അവകാശവാദം. ലിസയെ അറസ്റ്റു ചെയ്ത പൊലീസ്, ഗര്‍ഭസ്ഥശിശുവിന്റെ സംരക്ഷണം പിതാവിനെ ഏല്‍പിച്ചു. കാന്‍സാസില്‍നിന്ന് നായ്ക്കുട്ടിയെ വാങ്ങാനെന്നപേരില്‍ ബോബിയുടെ വീട്ടിലെത്തിയ ലിസ, ഒരു കയറ് കൊണ്ട് അവരെ കഴുത്തുമുറുക്കി ബോധരഹിതയാക്കി. പിന്നീട് കത്തി കൊണ്ടു വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.

മുപ്പത്തിയാറുകാരിയായ ലിസയ്ക്കു നാല് കുട്ടികളുണ്ടായിരുന്നു. ഇനി ഗര്‍ഭിണിയാകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതു വലിയ മാനസിക സംഘര്‍ഷത്തിനിടയാക്കി. നായ്ക്കളെ വളര്‍ത്തിയിരുന്ന ബോബിയെ ഓണ്‍ലൈനിലൂടെയാണ് കണ്ടെത്തിയതും അതിക്രൂരമായി കൊന്ന് കുഞ്ഞിനെ എടുത്തതും. 2007-ല്‍ ലിസ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി അവര്‍ക്കു വധശിക്ഷ വിധിക്കുകയായിരുന്നു.

എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്കു മാപ്പു നല്‍കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നു. കുട്ടിക്കാലത്തു വളര്‍ത്തച്ഛന്റെയും മറ്റു പുരുഷന്മാരുടെയും ക്രൂര പീഡനത്തിനിരയായ ലിസയ്ക്ക് അക്രമം ചെറുക്കാനുള്ള ശ്രമത്തിനിടെ തലയ്ക്കു ക്ഷതമേറ്റിരുന്നു. അതിന്റെ ഫലമായി, ലിസ വളര്‍ന്നപ്പോള്‍ മാനസിക ദൗര്‍ബല്യമുള്ളയാളായി. ഇതു ചൂണ്ടിക്കാട്ടിയാണ് മാപ്പു നല്‍കണമെന്ന ആവശ്യമുയര്‍ന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...