അണികള്‍ക്കായി സ്വന്തം സോഷ്യൽ മീഡിയ; നിശബ്ദനാക്കാനാവില്ലെന്ന് ട്രംപ്

trump-29
SHARE

ആജീവനാന്ത വിലക്ക് ട്വിറ്റർ പ്രഖ്യാപിച്ചതിന് പിന്നാലെ അനുയായികൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആരംഭിക്കാൻ പോവുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാപിറ്റോൾ സെന്ററിലെ കലാപത്തിന് പിന്നാലെയാണ് ട്രംപിന് സമൂഹ മാധ്യമങ്ങൾ വിലക്കേർപ്പെടുത്തിയത്. ട്വിറ്ററിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലും അക്രമം പ്രോൽസാഹിപ്പിച്ചതിനാലുമാണ് ട്രംപിന് വിലക്കെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. 

ട്രംപിനേർപ്പെടുത്തിയ വിലക്ക് ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും നീട്ടി. യുഎസ് പ്രസിഡന്റ് പദവി ഒഴിയുന്നത് വരെ വിലക്ക് തുടരുമെന്ന് മാർക്ക് സക്കർബർഗ് അറിയിച്ചു. ‘ഞങ്ങളുടെ സംവിധാനം ഉപയോഗിക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുന്നത് പ്രയാസമേറിയ ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ നിരോധനം ഞങ്ങള്‍ ദീര്‍ഘിപ്പിക്കുകയാണ്’ എന്ന് സക്കർബർഗ് നിലപാട് വ്യക്തമാക്കി.

ഇതിനിടെ, എത്രയും വേഗം രാജിവച്ചില്ലെങ്കില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്‍റ് നടപടികള്‍ തുടങ്ങുമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ആവര്‍ത്തിച്ചു. ചട്ടരൂപീകരണ സമിതിയോട് ഇംപീച്ച്മെന്‍റ് പ്രമേയം തയാറാക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. റിപ്പബ്ലിക്കന്‍ അംഗങ്ങളോട് പുറത്താക്കല്‍ നടപടിയെ പിന്തുണക്ക്ണമെന്നും അഭ്യര്‍ഥിച്ചു. പ്രസിഡന്‍റ് സ്ഥാനമൊഴിയണമെന്നും ഇല്ലെങ്കില്‍ താന്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുമെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിസ മര്‍ക്കോവ്‌സ്കി പറഞ്ഞു. ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സെനറ്റര്‍ രാജി ആവശ്യം പരസ്യമായി ഉന്നയിക്കുന്നത്. ഇംപീച്ച്മെന്‍റ് തീരുമാനിക്കേണ്ടത് പാര്‍ലമെന്‍റാണ് എന്ന് നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. ബൈഡന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ട്രംപ് പങ്കെടുത്തേക്കില്ല.

അധികാരക്കൈമാറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ട്രംപ് അനുകൂലികൾ കാപിറ്റോൾ സെന്ററിൽ അഴിച്ചു വിട്ട അക്രമം ലോകത്തിന് മുന്നിൽ അമേരിക്കയെ നാണംകെടുത്തിയിരുന്നു. ജനുവരി ആറിന് പ്രതിഷേധത്തിന് ട്രംപ് ആഹ്വാനം ചെയ്തത് വ്യാപക വിമർശനത്തിനാണ് വഴിവച്ചതും. അക്രമത്തെ ലോക നേതാക്കൾ അപലപിച്ച് രംഗത്തെത്തിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...