ബ്രിട്ടനിൽ കണ്ടെത്തിയ വൈറസിന് മാത്രം 20 വകഭേദങ്ങൾ; വാക്സീന് ഭീഷണിയില്ല; റിപ്പോർട്ട്

HEALTH-CORONAVIRUS-ITALY
SHARE

കൊറോണവൈറസിന് വന്ന പുതിയ മാറ്റത്തെ കുറിച്ച് യൂറോപ്പിൽ നിന്നു വരുന്ന റിപ്പോർട്ടുകൾ ഞെട്ടലോടെയാണ് ലോകം നോക്കികാണുന്നത്. എല്ലാം സുരക്ഷിതമായെന്ന് കരുതിയിരിക്കുമ്പോഴാണ് വൈറസിന്റെ പുതിയ വകഭേദം ഭീഷണിയാകുന്നത്. ഒരു വർഷം മുൻപ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന് ഇതിനകം തന്നെ നിരവധി വകഭേദങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ പുതിയ കണ്ടെത്തലിൽ ശാസ്ത്രജ്ഞർ ആശ്ചര്യപ്പെടുന്നില്ല. കൊറോണ വൈറസ് രോഗത്തിന് കാരണമാകുന്ന സാർസ്-കോവ് -2 ന്റെ ജനിതക ഡേറ്റയിൽ ആയിരക്കണക്കിന് മാറ്റങ്ങൾ ഇതിനകം തന്നെ ഗവേഷകർ നിരീക്ഷിച്ചു കഴിഞ്ഞു.

ബ്രിട്ടനിൽ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടർന്ന് ഈ അവധിക്കാലത്ത് ലണ്ടൻ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വൈറസ് അതിവേഗം പടരുന്നത് പ്രതിരോധിക്കാൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഉടൻ തന്നെ  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു.

ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസ് വേരിയന്റിന് തന്നെ ഇരുപതോളം വകഭേദങ്ങൾ ഉണ്ട്. എന്നാൽ, ഇതിൽ ചിലതാണ് ഇപ്പോൾ വെല്ലുവിളിയായിരിക്കുന്നത്. ലോകമെമ്പാടും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനീനെ കീഴടക്കാൻ കഴിയുന്ന ഒരു തലത്തിലേക്ക് വൈറസ് പരിവർത്തനം പെട്ടെന്ന് സംഭവിക്കില്ലെന്നാണ് ബ്രിട്ടിഷ് സർക്കാരിന്റെ ശാസ്ത്രീയ ഉപദേശകനും സ്കോട്ട്ലൻഡിലെ സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്ധനുമായ മുഗെ സെവിക് പറഞ്ഞത്. വാക്സീനു വെല്ലുവിളിയാകുന്ന തലത്തിലേക്ക് വൈറസ് പരിവർത്തനം ചെയ്യാൻ വർഷത്തിലധികം എടുക്കുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. 

പരമ്പരാഗത വാക്‌സീനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എളുപ്പത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഫൈസർ ബയോ ടെക്കും മോഡേണയും വികസിപ്പിച്ചെടുത്ത പുതിയ വാക്‌സീനുകൾ നിർമിക്കുന്നതെന്ന് യുഎസിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞനായ ട്രെവർ ബെഡ്ഫോർഡ് പറഞ്ഞു. പുതിയ വാക്സീനുകൾക്ക് വൈറസിനെതിരെ മികച്ച രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാൻ കഴിവുള്ളതിനാൽ വാക്സിനുകളെ കീഴടക്കാൻ വൈറസിന് വർഷങ്ങളോളം പരിവർത്തനം വേണ്ടിവരും.

MORE IN WORLD
SHOW MORE
Loading...
Loading...