‘നേരിടാന്‍’ ഇറങ്ങുന്ന പെണ്ണുങ്ങള്‍ ലോകമാകെ; പടരുന്നു പടപൊരുതലിന്‍റെ ആ പാട്ട്

mexico-women
SHARE

സ്വന്തം വീടാണ് ഏറ്റവും സുരക്ഷിത ഇടം എന്നു പൊതുവേ പറയാം. അതുകൊണ്ടാണല്ലോ കേരളത്തില്‍ വീടിനു പുറത്തിറങ്ങി ‘പൊതു ഇടം തന്റേതും’ എന്ന മുദ്രാവാക്യത്തോടെ സ്ത്രീകള്‍ രാത്രിയാത്ര നടത്തിയത്. പക്ഷേ കോവിഡ് കാലത്ത് സ്ത്രീകള്‍ക്ക് സ്വന്തം വീട് അത്ര സുരക്ഷിതമോ? അല്ലെന്നതിന് ലോകം സാക്ഷി. മുഖമറയില്ലാതെ, ദ ഫോര്‍ത് അംപയര്‍. വിഡിയോ കാണാം.  

സ്ത്രീകളെ അധിക്ഷേപിച്ച യു ട്യൂബറെ നേരിട്ട ധീരവനിതകളെ കേരളത്തിന്റെ പൊതുമനസ് അഭിനന്ദിച്ചതാണ്. നിയമം കൈയിലെടുത്തെന്നതു മാത്രമായിരുന്നു വിമര്‍ശനം. കേരളത്തിലെ പോരാട്ടം ഒരാള്‍ക്കെതിരെ മാത്രം ഒതുങ്ങിയപ്പോള്‍ മെക്സിക്കോയിലെ പെണ്ണുങ്ങളെയാണ് നിങ്ങള്‍ കാണേണ്ടത്. പിണറായി സര്‍ക്കാരിനെപ്പോലെ പൊലീസ് പറയുന്നതുകേട്ടുള്ള നിയമം ചുട്ടെടുക്കലും അവിടെയില്ല. അവിടെ നിയമമേയില്ല, അല്ലെങ്കില്‍ കണ്ണുംപൂട്ടി ചട്ടം നടപ്പാക്കലാണ്, പൊലീസാണ് നിയമം. അത്രയ്ക്ക് ഭീകരമാണ് അവസ്ഥ. ഈ പാട്ട് കേട്ടാലറിയാം, ലാറ്റിന്‍ അമേരിക്കയിലെ സ്ഥിതി എത്ര രൂക്ഷമാണെന്ന്.   ചിലെയിലെ സ്ത്രീപക്ഷ നാടകസംഘമായ ലാസ്റ്റെസിസ് തയ്യാറാക്കിയ ഈ ഗാനം ലോകമെമ്പാടും പടരുകയാണ്. 

ആ പാട്ടിന്‍റെ വരികളുടെ മലയാളം ഇങ്ങനെ: 

ആണധികാരമാണ് വിധികര്‍ത്താവ്

‍ഞങ്ങള്‍ ജനിച്ചതിനാണ് വിചാരണ

ആരും കാണാത്ത അതിക്രമങ്ങളാണ് ശിക്ഷ

 

ആണധികാരമാണ് വിധിയെഴുതുന്നത്

‍ഞങ്ങള്‍ ജനിച്ചതിനാണ് വിചാരണ

പുറമേ കാണുന്ന ക്രൂരതകളാണ് ശിക്ഷ

 

അത് പെണ്‍ഹത്യയാണ്

കൊലയാളികളെ മോചിപ്പിക്കലാണ്

കാണാതാകലാണ്

ബലാല്‍സംഗമാണ്

 

ഞാന്‍ എവിടെപ്പോയെന്നോ എങ്ങനെ വസ്ത്രം ധരിച്ചെന്നതോ തെറ്റാണോ?

 

ബലാല്‍സംഗം ചെയ്തത് നിങ്ങളാണ്

അത് നിങ്ങളാണ്, നിങ്ങളാണ്, നിങ്ങളാണ്

 

അത് പൊലീസുകാരാണ്, ജഡ്ജിമാരാണ്

ഭരണകൂടമാണ്, പ്രസിഡന്റാണ്

അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങളാണ്  

 

നിഷ്കളങ്കയായ പെണ്‍കുഞ്ഞേ, ശാന്തമായുറങ്ങൂ

കൊള്ളക്കാരെക്കുറിച്ച് ആകുലപ്പെടാതെ

നിന്റെ സ്വപ്നങ്ങള്‍ക്കൊപ്പം, പു‍‍ഞ്ചിരിയോടെ ഓമനയായി

നിന്നെ സ്നേഹമുള്ള നീതിപാലകന്‍ കാക്കും

 

ബലാല്‍സംഗം ചെയ്തത് നിങ്ങളാണ്

അത് നിങ്ങളാണ്, നിങ്ങളാണ്, നിങ്ങളാണ്

പ്രതിഷേധത്തിന്റെ ഒരു കാറ്റുപോലെയാണ് ഈ ഗാനം.    താളമാണ്,   ചുവടുവയ്പാണ്, ഒരേ ലക്ഷ്യമുള്ള മുഖങ്ങളാണ്, ചലനങ്ങളാണ് എല്ലാം. അത് അവരുടെ നിശ്ചയദാര്‍ഢ്യമാണ്, പടപൊരുതലാണ്.   ഈ ഗാനം കേട്ടാലേ,  മെക്സിക്കോയും ചിലെയും പോലെ ആണ്‍ ആധിപത്യമുള്ള നാടുകളില്‍ സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ തീവ്രത നേരിട്ടറിയൂ.  

പൊതുവേ ദുരിതം നിറ‍ഞ്ഞ കോവിഡ് കാലത്ത് വീട്ടില്‍ പണിയില്ലാതിരിക്കുന്ന പുരുഷന്മാരുടെ ദുര്‍മുഖവും പുറത്തിറങ്ങിയുള്ള അക്രമങ്ങളും കൂടിയതോടെ ചിലെയിലും മെക്സിക്കോയിലുമൊക്കെ  സ്ത്രീകള്‍ക്ക്  സഹിക്കാന്‍ പറ്റാതായി. ഒരിടവും സുരക്ഷിതമല്ല. എന്തു ചെയ്യും. അവര്‍ നേരെ പോയി സര്‍ക്കാരിന്റെ മനുഷ്യാവകാശ കമ്മീഷന്‍ കെട്ടിടം കയ്യേറി. കൊളോണിയല്‍ കാലത്തിന്റെ എല്ലാ പ്രൗഢിയുമുള്ള മാര്‍ബിള്‍ കെട്ടിടമാണിത്.  അവിടെ സുരക്ഷിതമായി താമസം തുടങ്ങി. അത്രതന്നെ.

മെക്സിക്കോ സിറ്റിയിലെ  ഓഫിസിലേക്കു നേരെ ചെന്നു. ഉദ്യോഗസ്ഥരെ തൊഴിച്ചുപുറത്താക്കി. ബലാല്‍സംഗത്തിന് ഇരകളായവരുടെ പേരുകള്‍ ഭിത്തികളില്‍ എഴുതി. ചിത്രങ്ങളുമായി പോസ്റ്റര്‍ പതിച്ചു. എന്നിട്ട് ദുരിതമനുഭവിക്കുന്ന സ്ത്രീകളെയും അവരുടെ കുട്ടികളെയും സുഖവും സുരക്ഷിതവുമായ താമസത്തിന് ക്ഷണിച്ചു.  ഒരേ ദുരിതത്തിലൂടെ കടന്നുപോയവര്‍ ഒന്നുചേരുമ്പോഴുണ്ടാവുന്ന സുരക്ഷിതത്വമായിരുന്നു അവരുടെ ഒരുതരി സുഖം. ഇവരുടെ കാവലിനായി  ഒരു സംഘം എപ്പോഴും പുറത്തുണ്ടാവും. ബേസ്ബോള്‍ ബാറ്റ്, ഹോക്കി സ്റ്റിക്, പെട്രോള്‍ ബോംബ്, ബിയര്‍ കുപ്പികള്‍ എന്നിവയാണ് ആയുധം. ഒരു ആണിനെപ്പോലും അകത്തുകയറ്റില്ല.

എല്ലാദിവസവും ശരാശരി  11 സ്ത്രീകളും ഒമ്പതു പെണ്‍കുട്ടികളും കൊല്ലപ്പെടുന്നു. ഞങ്ങള്‍ എങ്ങനെ ഭരണകൂടത്തെ വിശ്വസിക്കും.

അതിലൊതുങ്ങുന്നില്ല പോരാട്ടം. കാരണം കാലങ്ങളായി അടക്കിവച്ചിരുന്ന രോഷം പൊട്ടിത്തെറിച്ചതാണ്. അത് അത്രപെട്ടെന്ന് അടങ്ങില്ല. അവര്‍ പൊലീസിനെ നേരിട്ടു. പ്രകടനങ്ങള്‍ നടത്തി, സര്‍ക്കാര്‍ ഓഫിസുകളിലേക്കു മുതല്‍ മാധ്യമസ്ഥാപനങ്ങളിലേക്കു വരെ. പ്രതിമകളില്‍ പെയിന്റെൊഴിച്ചു, ദേശീയ സ്മാരകങ്ങളില്‍ മുദ്രാവാക്യങ്ങള്‍ എഴുതി.

ഇരുപതുവയസുകാരി ബിയാന്‍ക അലക്സിസ് അല്‍വരാദോയുടെ മൃതദേഹം വിവിധ ഭാഗങ്ങളായി കണ്ടെത്തിയത് പ്രക്ഷോഭത്തെ കൂടുതല്‍ രൂക്ഷമാക്കി. അറ്റോര്‍ണി ജനറല്‍ ഓഫിസിനു നേരെ പ്രതിഷേധമുണ്ടായപ്പോള്‍  പൊലീസ് അതിക്രൂരമായി  നേരിട്ടു. കാന്‍കുനിലെ പ്രകടനത്തിനു േനരെ വെടിവയ്പുണ്ടായി.

2020 മെക്സിക്കോയിലെ സ്ത്രീകള്‍ക്ക് വല്ലാത്ത വര്‍ഷമാണ്.  3142 സ്ത്രീകള്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അഞ്ചുവര്‍ഷം കൊണ്ട് കൂടിയത് 130 ശതമാനം.  ഒരു ദിവസം പത്തു സ്ത്രീകളോ പെണ്‍കുട്ടികളോ മെക്സിക്കന്‍ പുരുഷന്മാരുടെ വിദ്വേഷത്തിന് ഇരയാവുന്നു. ബലാല്‍സംഗക്കേസിലെ പ്രതികളില്‍ ശിക്ഷിക്കപ്പെടുന്നത് വെറും രണ്ടുശതമാനം മാത്രം.  ഭാഗ്യലക്ഷ്മിയെയും കൂട്ടുകാരികളെയും പോലെ അവിടെയും സ്ത്രീസമരക്കാര്‍ വിമര്‍ശനം നേരിടുന്നു. സമരക്കാരുടെ പെട്രോള്‍ ബോംബ് തെറ്റി ഒപ്പമുള്ളവര്‍ക്കു പൊള്ളലേറ്റത് എതിര്‍ക്കുന്നവര്‍ വൈറലാക്കി.

സ്ത്രീകളുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സമരം തെറ്റായ വഴിയിലെന്നാണ് പ്രസിഡന്‍റ് ആന്ദ്രെ മാനുവല്‍ ലോപസ് ഒബ്രദോര്‍ പറയുന്നത്. മുഖം തിരിച്ചുനില്‍ക്കുന്ന ഭരണകൂടത്തെ പ്രതികരിപ്പിക്കാന്‍ അക്രമം ആവശ്യമെന്നാണ് സമരക്കാരുടെ പക്ഷം. പക്ഷേ, സമരങ്ങള്‍ ഉപസമരങ്ങളായി മാറുന്നുണ്ട്, അവ അതിര് കടക്കുന്നുമുണ്ട്. ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയവര്‍  വിശ്വാസികള്‍ അകത്തുള്ളപ്പോള്‍ തന്നെ ഒരു പള്ളിക്കു തീയിടാന്‍ ശ്രമിച്ചു.

കോവിഡ് കാലത്ത്   സ്ത്രീകള്‍ വീട്ടിലിരിക്കും, അപ്പോള്‍ അവര്‍ സുരക്ഷിതരായിരിക്കും എന്ന നിലപാടിലായിരുന്നു മെക്സിക്കോയുടെ പ്രസിഡന്റ്. പക്ഷേ വീടുപോലും സുരക്ഷിതമല്ലെന്നതിന് കണക്കുകള്‍ തെളിവ്. അടുത്തബന്ധുക്കള്‍ തന്നെയാണ് പല കേസുകളിലും പ്രതികള്‍. ഗാര്‍ഹികപീഡനം വേറെയും. പിന്നെ സ്ത്രീകള്‍ എങ്ങനെ വീട്ടിലിരിക്കും. അതിക്രമം അത് വീട്ടിലായാലും പുറത്തായാലും അതിക്രമം തന്നെ. അവിടെ പാര്‍ട്ടി പറയുന്നതുപോലെ തീവ്രത കുറഞ്ഞതും കൂടിയതും ഒന്നുമില്ല. ബലാല്‍സംഗമുണ്ടായാല്‍ ആത്മഹത്യയുമല്ല പരിഹാരം. മെക്സിക്കോയിലെ പെണ്ണുങ്ങള്‍ തന്നെ അതിന് തെളിവ്.

MORE IN WORLD
SHOW MORE
Loading...
Loading...