‘പുൽവാമ വിജയം’: വാക്കുകൾ വളച്ചൊടിച്ചു; മലക്കം മറിഞ്ഞ് പാക്ക് മന്ത്രി

pak-minister-new
SHARE

ജമ്മു കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർക്കു ജീവൻ നഷ്ടമായ ഭീകരാക്രമണത്തിനു പിന്നിൽ പാക്കിസ്ഥാനായിരുന്നുവെന്ന വിവാദ പ്രസ്താവന തിരുത്തി പാക്ക് മന്ത്രി ഫവദ് ചൗധരി. പാർലമെന്റിലെ ചർച്ചയ്ക്കിടെ നടത്തിയ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് മന്ത്രി മലക്കം മറിഞ്ഞത്.

‘നമ്മൾ ഇന്ത്യയെ അവരുടെ മണ്ണിൽ ആക്രമിച്ചു. പുൽവാമയിലെ നമ്മുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാക്കിസ്ഥാന്റെ വിജയമാണ്. ആ വിജയത്തിൽ നാമെല്ലാം പങ്കാളികളാണ്’ ഇതായിരുന്നു ചൗധരിയുടെ പ്രസ്താവന. എന്നാൽ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പാക്കിസ്ഥാൻ ഒരു തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ഫവദ് ചൗധരി പറഞ്ഞു.

പാക്കിസ്ഥാനിലെ ബാലക്കോട്ടിലേക്ക് ഇന്ത്യ കടന്നു കയറാൻ ശ്രമിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ നടപ്പാക്കിയ ഓപറേഷന്‍ സ്വിഫ്റ്റ് റിസോര്‍ട്ടിനെ കുറിച്ചാണ് താൻ പറഞ്ഞതെന്നും ഫവദ് ചൗധരി പറഞ്ഞു. പുല്‍വാമ ആക്രമണത്തിനുശേഷം പാക്കിസ്ഥാൻ നടപ്പാക്കിയ പ്രവർത്തനങ്ങളെ കുറിച്ച് സൂചിപ്പിക്കാൻ താൻ നടത്തിയ പദപ്രയോഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ.

ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാക്ക് സൈനിക മേധാവി ഖമർ ജാവേദ് ബജ്‍വ ഉൾപ്പെടെ ഉന്നത നേതാക്കളുടെ മുട്ടിടിച്ചെന്ന് പാക്കിസ്ഥാൻ മുസ്‍ലിം ലീഗ് (നവാസ്) നേതാവ് സർദാർ അയാസ് സാദിഖിന്റെ വെളിപ്പെടുത്തൽ മാധ്യമശ്രദ്ധ നേടിയതിനു പിന്നാലെയാണ് ഫവദ് ചൗധരിയുടെ പ്രസ്താവനയും വിവാദങ്ങളിൽ ഇടം നേടിയത്.

ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയയ്ക്കാൻ പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി ആവശ്യപ്പെടുകയും ഇല്ലെങ്കിൽ ഇന്ത്യ ആക്രമിക്കുമെന്നു മുന്നറിയിപ്പു നൽകുകയും ചെയ്തപ്പോഴാണ് ബജ്‍വയുടെയും കൂട്ടരുടെയും ‘നെറ്റി വിയർക്കുകയും മുട്ടിടിക്കുകയും ’ചെയ്തതെന്ന് സാദിഖ് വെളിപ്പെടുത്തിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...