കാലാവധി കഴിഞ്ഞ റഷ്യൻ സാറ്റലൈറ്റും ചൈനീസ് റോക്കറ്റും കുതിച്ചെത്തി; ഒടുവില്‍

china-russia-sky
SHARE

ബഹിരാകാശത്ത് വച്ച് മീറ്ററുകളുടെ വ്യത്യാസത്തിൽ ചൈനീസ് റഷ്യന്‍ കൂട്ടിയിടി ഒഴിവായെന്ന് റിപ്പോർട്ടുകൾ. കാലാവധി കഴിഞ്ഞ റഷ്യന്‍ സാറ്റലൈറ്റും ചൈനീസ് റോക്കറ്റിന്റെ ഭാഗവുമാണ് കൂട്ടിയിടിയുടെ തൊട്ടടുത്തെത്തിയത്. മനുഷ്യ നിര്‍മിത ബഹിരാകാശ മാലിന്യങ്ങളെക്കുറിച്ച് നിരീക്ഷിക്കുന്ന ലിയോ ലാബ്‌സ് എന്ന് കമ്പനിയാണ് വ്യാഴാഴ്ച രാത്രിയില്‍ നേരിയ വ്യത്യാസത്തില്‍ ഒഴിവായ കൂട്ടിയിടിയുടെ വിശദാംശങ്ങള്‍ ലോകത്തെ അറിയിച്ചത്. 

വ്യാഴാഴ്ച്ച രാത്രി 8.56ഓടെ (ഇ.ടി) ഏതാണ്ട് എട്ട് മീറ്റര്‍ മുതല്‍ 43 മീറ്റര്‍ വരെ (26 അടി മുതല്‍ 141 അടി വരെ) അടുത്തുവരെ ഇരു വസ്തുക്കളും എത്തിയെന്നാണ് കരുതപ്പെടുന്നത്. നേരത്തെ 12 മീറ്റര്‍ അടുത്തുവരെ ഇവ എത്താമെന്നും കൂട്ടിയിടിക്ക് പത്ത് ശതമാനം സാധ്യതയുണ്ടെന്നും ലിയോലാബ്‌സ് കണക്കുകൂട്ടിയിരുന്നു. ബഹിരാകാശവസ്തുക്കളുടെ കൂട്ടിയിടി സാധ്യതകളുമായി പരിഗണിക്കുമ്പോള്‍ ഇത് വളരെ ഉയര്‍ന്ന നിരക്കാണ്. ബഹിരാകാശ വസ്തുക്കളുമായി 0.001 ശതമാനം (ലക്ഷത്തിലൊന്ന്) കൂട്ടിയിടിക്ക് സാധ്യതയുണ്ടെങ്കില്‍ പോലും നാസ രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സ്ഥാനം മാറ്റാറുണ്ട്.

ഭൂമിയില്‍ നിന്നും ഏതാണ്ട് 991 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു ഇവ സഞ്ചരിച്ചിരുന്നത്. ഒരുപക്ഷേ കൂട്ടിയിടി നടന്നാല്‍ പോലും ഭൂമിയില്‍ ആര്‍ക്കും അതൊരു നേരിട്ടുള്ള ഭീഷണിയാകുമായിരുന്നില്ല. കാരണം അന്റാര്‍ട്ടിക്കയിലെ വെഡ്ഡല്‍ സമുദ്രത്തിന് മുകളിലായിരുന്നു അപ്പോള്‍ ഇവയുടെ സ്ഥാനം. എന്നാല്‍ ഇത്തരമൊരു കൂട്ടിയിടിയെ തുടര്‍ന്നുണ്ടാകുന്ന ആയിരക്കണക്കിന് ബഹിരാകാശ മാലിന്യങ്ങൾ പിന്നീട് ഭീഷണിയായേനെ. 

ചെറുതും വലുതമായ ഏതാണ്ട് 130 ദശലക്ഷം മനുഷ്യ നിര്‍മിത വസ്തുക്കള്‍ നിയന്ത്രണമില്ലാതെ ഭൂമിക്ക് ചുറ്റും കറങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കാലാവധി കഴിഞ്ഞ സാറ്റലൈറ്റുകളും റോക്കറ്റ് ഭാഗങ്ങളും മറ്റു ബഹിരാകാശ ദൗത്യങ്ങളുടെ ഭാഗമായിരുന്ന വസ്തുക്കളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വെടിയുണ്ടയേക്കാള്‍ പത്തിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന ഇത്തരം വസ്തുക്കള്‍ എത്ര ചെറുതാണെങ്കിലും ബഹിരാകാശ വാഹനത്തിനും സാറ്റലൈറ്റുകള്‍ക്കും കേടുപാടുണ്ടാക്കാനും ബഹിരാകാശ യാത്രികരുടെ ജീവനെടുക്കാന്‍ പോലും പര്യാപ്തമാണ്. 

2007ലും 2009ലും ഉണ്ടായ രണ്ട് സംഭവങ്ങളെ തുടര്‍ന്ന് ബഹിരാകാശ മാലിന്യം 70 ശതമാനമാണ് വര്‍ധിച്ചത്. ഇതില്‍ ആദ്യത്തേത് ചൈനയുടെ സാറ്റലൈറ്റ് വേധ മിസൈലിന്റെ പരീക്ഷണമായിരുന്നു. സ്വന്തം സാറ്റലൈറ്റ് ചൈന വിജയകരമായി ബഹിരാകാശത്ത് വെച്ച് റോക്കറ്റുപയോഗിച്ച് തകര്‍ക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം അമേരിക്കന്‍ ബഹിരാകാശപേടകം റഷ്യന്‍ പേടകവുമായി അപ്രതീക്ഷിതമായി കൂട്ടിയിടിച്ചതും ബഹിരാകാശ മാലിന്യങ്ങൾ വര്‍ധിപ്പിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...