മദ്യവും മയക്കുമരുന്നു സ്ത്രീകളും; ഒടുവിൽ നികുതിക്കേസിൽ അഴിയെണ്ണി മാകഫി

john-17
ചിത്രം കടപ്പാട്; ബിബിസി
SHARE

കംപ്യൂട്ടർ ഉപയോഗിക്കുന്നവർക്ക് സുപരിചിതമായ പേരാണ് ജോൺ മാകഫി. ആന്റിവൈറസ് സോഫ്റ്റ് വെയർ മാകഫി ലോകപ്രശസ്തമായതോടെയാണ് മാകഫിയുടെ ജീവിതം മാറുന്നത്. യഥേഷ്ടം മദ്യവും മയക്കുമരുന്നും മറ്റെല്ലാ സൗകര്യങ്ങളുമായി ജീവിച്ച മാകഫി അധികം വൈകാതെ പൊലീസിന്റെ  വലയിൽ കുരുങ്ങി. നാലു വർഷം തുടർച്ചയായി നികുതി വെട്ടിച്ചതായി തെളിഞ്ഞതിനെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. വർഷങ്ങളോളം പൊലീസിനെ വെട്ടിച്ച് നടന്ന മാകഫി ഈ മാസം ആദ്യമാണ് ജയിലിലായത്. 

മാകഫി സോഫ്റ്റ്‌വെയറിലൂടെ 1990കളില്‍ അദ്ദേഹത്തിന് ഏകദേശം 100 മില്ല്യന്‍ ഡോളറാണ് ലഭിച്ചത്. 2009ല്‍ എല്ലാം വിറ്റുപെറുക്കി മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് കുറച്ചകലെയുള്ള ഒറ്റപ്പെട്ട ദ്വീപായ അബേര്‍ഗ്രിസ് കീയിലെ വന്മതിലുകള്‍ക്കുള്ളിലെ കൊട്ടാരം പോലുളള വീട്ടില്‍ അദ്ദേഹം താമസിച്ചു തുടങ്ങി. അവിടെ കാട്ടു മനുഷ്യനെപ്പോലെ ലൈംഗികതയും മയക്കുമരുന്നും യഥേഷ്ടം ഉപയോഗിച്ചു വരികയായിരുന്നു. നിറയെ പ്രാദേശിക പെൺസുഹൃത്തുക്കളെയാണ് അദ്ദേഹം അവിടെ താമസിപ്പിച്ചിരിക്കുന്നതത്രെ. 

അദ്ദേഹത്തിന്റെ രീതികള്‍ ഒരു ചിത്തഭ്രമക്കാരന്റെതു പോലെയാണെന്നു പോലും ആളുകള്‍ പറഞ്ഞു. വിശ്രുത അമേരിക്കന്‍ നോവലിസ്റ്റ് ജോസഫ് കോണ്‍റാഡിന്റെ ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നസിലെ കഥാപാത്രമായ കേണല്‍ കേട്‌സിനോടാണ് അദ്ദേഹം ഉപമിക്കപ്പെട്ടിരുന്നത്. ചുറ്റും തോക്കേന്തിയ ബോഡിഗാർഡുകളില്ലാതെ അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല.

2012ലാണ് മാകഫിയുടെ ജീവിതം മാറിമറിഞ്ഞത്. ആകെ പ്രശ്നങ്ങൾ. അദ്ദേഹം മയക്കുമരുന്നു നിര്‍മാണശാല നടത്തുന്നുണ്ടെന്നു കരുതി ബെലീസ് പൊലീസ് കൊട്ടാരത്തിലേക്ക് ഇരച്ചുകയറി. എന്നാല്‍ അവര്‍ക്ക് മയക്കുമരുന്നൊന്നും കിട്ടിയില്ല. അടുത്ത നാളുകളില്‍ മാകഫിയുടെ അയല്‍ക്കാരന്‍, അമേരിക്കയില്‍ നിന്നുള്ള ഗ്രിഗറി ഫോള്‍ മരിച്ചു. മാകഫിയായിരിക്കാം ഇതിനു കാരണക്കാരന്‍ എന്നായിരുന്നു പൊലീസിന്റെ നിഗമനം. കാരണം മാകഫിയുടെ പട്ടികള്‍ക്ക് വിഷം നല്‍കി കൊന്നതിനു ശേഷമാണ് ഗ്രിഗറി തലയില്‍ വെടിയേറ്റ് മരിച്ചത്. തനിക്ക് കൊലപാതകത്തില്‍ ഒരു പങ്കുമില്ലെന്നു പറഞ്ഞെങ്കിലും അദ്ദേഹം പിന്നെ തന്റെ കൊട്ടാരത്തില്‍ താമസം തുടര്‍ന്നില്ല. 

2019 മാര്‍ച്ചില്‍ ഗ്രിഗറിയുടെ കൊലപാതകം പരിഗണിച്ചുവന്ന ഒരു ഫോളോറിഡാ കോടതി മാകഫി 25 മില്ല്യന്‍ ഡോളര്‍ പിഴയൊടുക്കണമെന്ന് വിധിച്ചു. ഗ്രിഗറിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം മാകഫി കൊന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ഗ്രിഗറിയുടെ മകള്‍ നല്‍കിയ കേസിലാണ് വിധി വന്നത്. എന്നാല്‍ താനൊരു പിഴയും അടയ്ക്കില്ലെന്നു മാകഫി പറഞ്ഞു. അല്ലെങ്കില്‍ തന്നെ കൈയ്യില്‍ നയാ പൈസയില്ലാത്ത താന്‍ എവിടുന്നെടുത്തിട്ടാണ് ഇതടയ്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൊട്ടാരത്തിൽ നിന്ന് ഒളിച്ചോടിയ അദ്ദേഹം പറഞ്ഞത് മെക്‌സിക്കന്‍ മയക്കുമരുന്നു രാജാക്കന്മാരുടെ നിര്‍ദ്ദേശപ്രകാരം ബെലീസ് പൊലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നാണ്. എന്നാല്‍ ഗോട്ടിമാലയില്‍ അഭയം തേടാനുള്ള വിഫലമായ ശ്രമത്തിനിടയില്‍ ആഴ്ചകള്‍ക്കുള്ളില്‍ പിടിയിലായി. അമേരിക്കയിലേക്ക് തിരിച്ചു നാടുകടത്തുകയും ചെയ്തു. 

അമേരിക്കയിലെത്തിയ മാകഫി വെറുതെ ഇരിക്കുകയായിരുന്നില്ല. 2016ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചു. 2020ലെ തെരഞ്ഞെടുപ്പിലും താന്‍ മത്സരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. എന്നാൽ അത് നടന്നില്ല. ബ്ലോക്‌ചെയ്ന്‍, ക്രിപ്‌റ്റോകറന്‍സി വിപ്ലവത്തിലേക്ക് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള സമയമായി എന്നാണ് അദ്ദേഹം തന്റെ സ്ഥാനാര്‍ഥിത്തത്തെക്കുറിച്ചു സംസാരിക്കവെ പറഞ്ഞിരുന്നത്.

എന്നാല്‍, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അദ്ദേഹം ഒരു ബോട്ടില്‍ കയറി അമേരിക്ക വിട്ടു. എട്ടു വര്‍ഷമായി ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്തില്ലെന്ന കാരണവും പറഞ്ഞ് അമേരിക്കയുടെ ഇന്റേണല്‍ റവന്യൂ സര്‍വീസ് തന്റെ പിന്നാലെ കൂടിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്ന. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. പക്ഷേ, ഒളിവിലായിരുന്നെങ്കില്‍ പോലും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം ഇടക്കിടെ പറഞ്ഞിരുന്നു. 200 ലേറെ കേസുകളാണ് മാകഫിയുടെ പേരിൽ ഇപ്പോഴുമുള്ളത്. 

MORE IN WORLD
SHOW MORE
Loading...
Loading...