തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവ അമീബ; കുഞ്ഞിന്റെ ജീവനെടുത്തു; ജാഗ്രത

amoeba-usa
SHARE

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബയെ കണ്ടെത്തിയ യുഎസിലെ ബ്രസോറിയ കൗണ്ടിയിലെ സംഭവം ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്. പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ മനുഷ്യരിൽ എത്തുന്നതെന്നാണു നിഗമനം. ഈ മാസം ലേക്ക് ജാക്സൺ നഗരത്തിൽ ആറു വയസ്സുകാരൻ ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് അമീബയുടെ സാന്നിധ്യം ദൃശ്യമായത്.

അമീബയുടെ സാന്നിധ്യമുള്ള ജലവിതരണ സംവിധാനങ്ങളെ സുരക്ഷിതമാക്കാനുള്ള അതിവേഗ നടപടികൾ ടെക്സസ് സംസ്ഥാനം സ്വീകരിക്കുകയാണെന്നു റിപ്പബ്ലിക്കൻകാരനായ ഗവർണർ അബോട്ട് അറിയിച്ചു. ജനങ്ങൾ പ്രാദേശിക ഉദ്യോഗസ്ഥരുടെ മാർഗനിർദേശം പാലിക്കണമെന്നും ആരോഗ്യം സംരക്ഷിക്കുന്നതിന് ഉചിതമായ മുൻകരുതലുകൾ എടുക്കണമെന്നും ഗവർണർ അഭ്യർഥിച്ചു.

ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലെ കണ്ട‌െത്തലിനെ തുടർന്നാണു ഗവർണറുടെ പ്രഖ്യാപനം. പ്രാദേശികമായി വിതരണം ചെയ്യുന്ന ജലം പരിശോധിച്ചപ്പോൾ 11 സാംപിളുകളിൽ 3 എണ്ണം പോസിറ്റീവ് ആയിരുന്നു. മരിച്ച കുട്ടിയുടെ വീട്ടിൽനിന്നെട‌ുത്ത സാംപിളിലും അപകടകാരിയായ അമീബയെ കണ്ടെത്തിയെന്നു ലേക് ജാക്സൺ സിറ്റി മാനേജർ മൊഡെസ്റ്റോ മുണ്ടോ പറഞ്ഞു.

നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന അപകടകാരിയായ അമീബ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിൽ വീക്കം ഉണ്ടാക്കുകയും ചെയ്യും. അപകടഭീഷണിയുള്ളതിനാൽ പൈപ്പ് വെള്ളം കുടിക്കാനും പാചകം ചെയ്യാനും ഉപയോഗിക്കരുതെന്ന് ബ്രാസോസ്പോർട്ട് വാട്ടർ അതോറിറ്റി നിർദേശിച്ചു.തടാകങ്ങളിലും നദികളിലും മറ്റുമാണ് അമീബ കാണപ്പെടുന്നത്. ഈ സ്ഥലങ്ങളിൽ നീന്തുമ്പോൾ ആളുകൾ വേഗത്തിൽ രോഗബാധിതരാകും. തലവേദന, പനി, ഛർദി, ബാലൻസ് നഷ്ട‌പ്പെടൽ, ഭ്രമാത്മകത എന്നിവയാണു പ്രാഥമിക ലക്ഷണങ്ങൾ. 5 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാൻ സാധ്യതയുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...