രാജകുമാരന് സമ്മാനം 23 ദശലക്ഷം വർഷം പഴക്കമുള്ള പല്ല്; പിന്നാലെ വിവാദം

malta-tooth
SHARE

ഏഴു വയസ്സുകാരൻ ജോർജ് രാജകുമാരന് ഏതാനും ദിവസങ്ങൾക്ക് മുൻപ് അപൂർവവും ഏറെ പ്രാധാന്യമുള്ളതുമായ ഒരു വസ്തു സമ്മാനമായി കിട്ടി. ചരിത്രാതീതകാലത്ത് നിന്നുമുള്ള ഒരു സ്രാവിന്റെ പല്ല്. പ്രകൃതിവാദിയും ബ്രോഡ്കാസ്റ്ററുമായ ഡേവിഡ് ആറ്റൻബറോയാണ് ബ്രിട്ടീഷ് രാജകുമാരന് അമൂല്യമായ സമ്മാനം നൽകിയത്. എന്നാൽ  ഈ ഫോസിൽ തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മാൾട്ട.

പരിസ്ഥിതിയെക്കുറിച്ച് താൻ തയ്യാറാക്കിയ ഡോക്യുമെൻററി രാജകുടുംബാംഗങ്ങൾക്ക് വേണ്ടി പ്രദർശിപ്പിക്കാൻ എത്തിയപ്പോഴാണ് ആറ്റൻബറോ ജോർജ് രാജകുമാരന് ഫോസിൽ സമ്മാനമായി നൽകിയത്. രാജകുമാരന് അപൂർവ്വമായ ഒരു സമ്മാനം ലഭിച്ച വിവരം കെൻസിങ്ടൺ കൊട്ടാരം ശനിയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അവകാശവുമായി മാൾട്ട രംഗത്തെത്തിയത്.

1960 ൽ കുടുംബവുമായി അവധി ആഘോഷിക്കുന്നതിനിടെ ആറ്റൻബറോ മാൾട്ടയിൽ നിന്നും കണ്ടെത്തിയതാണ്  ഈ ഫോസിൽ. ഈ സമയം മാൾട്ട ബ്രിട്ടീഷ് കോളനി ആയിരുന്നു. 23 ദശലക്ഷം വർഷത്തിലധികം  പഴക്കം ഫോസിലിന് ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഫോസിൽ അത് കണ്ടെത്തിയ രാജ്യത്തിന് അവകാശപ്പെട്ടതാണെന്നും മാൾട്ടയിലെ മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കുന്നതിനായി തിരികെ ലഭിക്കണമെന്നും സാംസ്കാരിക വകുപ്പ് മന്ത്രിയായ  ജോസ് ഹെരേര ആവശ്യപ്പെടുന്നു. ഫോസിൽ നേടിയെടുക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ആരംഭിക്കുമെന്നും ജോസ് ഹെരേര അറിയിച്ചു.

മൂന്നര ദശലക്ഷം വർഷങ്ങൾക്കു മുൻപ് വംശനാശം വന്നു എന്ന് കരുതപ്പെടുന്ന മെഗാലോഡൻ എന്ന ഇനത്തിൽപ്പെട്ട സ്രാവിന്റേതാണ് രാജകുമാരന് സമ്മാനമായി ലഭിച്ച പല്ല്. വളർച്ചയുടെ പല ഘട്ടങ്ങളിലായി ഈ ഇനത്തിൽപെട്ട സ്രാവുകളുടെ പല്ലുകൾ നഷ്ടപ്പെടാറുണ്ടായിരുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയിട്ടുള്ളത്. അതിനാൽ  വിവിധ ഭാഗങ്ങളിൽ നിന്നുമായി ഇവയുടെ പല്ലുകളുടെ ഫോസിൽ ലഭിക്കുന്നതും സാധാരണയാണ്. എന്നാൽ ഫോസിലുകൾ ഓരോ രാജ്യത്തെയും സംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യമുണ്ടെന്നുമാണ് മാൾട്ടയുടെ വാദം. വിഷയത്തിൽ കെൻസിങ്ടൺ കൊട്ടാരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

MORE IN WORLD
SHOW MORE
Loading...
Loading...