330 ആനകൾ ഒരുമിച്ച് ചത്തൊടുങ്ങി; അ‍ജ്ഞാത കൊലയാളിയെ കണ്ടെത്തി; നടുക്കം

elephant-death-new
SHARE

ബോട്ട്സ്‍വാനയിൽ ആനകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനു കാരണം വെള്ളത്തിലെ ബാക്ടീരിയകളാണെന്നു വിശദീകരണം. വെള്ളത്തിലുണ്ടാകുന്ന സൈനോബാക്ടീരിയകളിലെ വിഷമാണ് നൂറു കണക്കിന് ആനകളെ കൊന്നൊടുക്കിയതെന്നാണു കണ്ടെത്തല്‍. കഴിഞ്ഞ ജൂലൈയിലാണ് ആനകള്‍ ചരിയാൻ കാരണമായ അജ്ഞാത കൊലയാളികളെ കണ്ടെത്തുന്നതിന് ബോട്‌സ്വാന സര്‍ക്കാർ അന്വേഷണം ആരംഭിച്ചത്. 

സൈനോബാക്ടീരിയകളിലെ ന്യൂറോ ടോക്സിനുകളാണ് ആനകളുടെ മരണത്തിലേക്കു നയിച്ചതെന്ന് വന്യജീവി വകുപ്പ് വെറ്ററിനറി പ്രിൻസിപ്പൽ ഓഫിസർ എമ്മദി റൂബൻ വ്യക്തമാക്കി.വെള്ളത്തിലാണ് ഈ ബാക്ടീരിയകള്‍ ഉണ്ടാകുകയെന്നും അവർ കണ്ടെത്തി. എന്നാൽ എന്തുകൊണ്ടാണ് ആനകൾ മാത്രം ചത്തൊടുങ്ങിയതെന്നും അതും ആ പ്രദേശത്തെ ആനകൾ മാത്രം എന്തുകൊണ്ടാണു ചെരിഞ്ഞതെന്നും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. 

ഇക്കാര്യത്തിൽ പഠനങ്ങൾ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ‌ അറിയിച്ചു. കഴിഞ്ഞ ജൂലൈ വരെ ബോട്‍സ്വാനയിൽ 281 ആനകളാണു ചരിഞ്ഞത്. പുതിയ കണക്കുകൾ പ്രകാരം ഇത് 330 ആയി. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആനകളുള്ള ഇടമാണ് ബോട്‍സ്വാന, 1,30,000 എണ്ണം.

ബോട്സ്വാനയുടെ അതിർത്തി രാജ്യമായ സിംബാബ്‍വെയിൽ 20ല്‍ അധികം ആനകളുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. നൂറുകണക്കിന് ആനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയ ഒകവാംങ്കോ ഡെൽറ്റയിൽ ഏകദേശം 15,000 ആനകളുണ്ടെന്നാണ് കണക്കുകൾ. ഇത് രാജ്യത്തെ ആനകളുടെ പത്തു ശതമാനത്തോളം വരും. 

MORE IN WORLD
SHOW MORE
Loading...
Loading...