‘ദരിദ്ര രാജ്യമായ പാപ്പുവ ന്യൂ ഗിനിയില്‍ ചൈനയുടെ വാക്സീൻ പരീക്ഷണം’; റിപ്പോർട്ട്

china-covid-vaccine
SHARE

പാപ്പുവ ന്യൂ ഗിനിയില്‍ ചൈനീസ് കമ്പനി ജീവനക്കാരിൽ കോവിഡിനുള്ള വാക്സീൻ നൽകിയതായി റിപ്പോർട്ട്. ശാന്തസമുദ്രത്തിലെ ദ്വീപുരാഷ്ട്രത്തിൽ പ്രവർത്തിക്കുന്ന ചൈനയുടെ മൈനിങ് കമ്പനിയാണ് ജീവനക്കാരിൽ വാക്സീൻ പരീക്ഷണം നടത്തിയതെന്ന് ‘ദി ഓസ്ട്രേലിയൻ’ എന്ന മാധ്യമം റിപ്പോർട്ട് ചെയ്തു. ചൈന മെറ്റലർജിക്കൽ ഗ്രൂപ്പ് കോർപ്പറേഷന്റെ കീഴിൽ വരുന്ന മെറ്റലർജിക്കൽ കോർപ്പറേഷൻ ഓഫ് ചൈന നിയന്ത്രിക്കുന്ന രാമു നികോ മാനേജ്മെന്റ് ലിമിറ്റഡാണു വാക്സീൻ പരീക്ഷണം നടത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പാപ്പുവ ന്യൂ ഗിനിയുടെ ആരോഗ്യമന്ത്രി ജെൽറ്റ വോങ് പറഞ്ഞു.

രാജ്യത്ത് കോവിഡ് വാക്സീന്റെ പരീക്ഷണങ്ങൾ നിരോധിച്ച് നാഷനൽ പാൻഡമിക് റെസ്പോൺസ് കൺട്രോളർ ഡേവിഡ് മാനിങ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. ഒരു പരീക്ഷണത്തിനും ദേശീയ ആരോഗ്യ വിഭാഗം അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തേക്കു കൊണ്ടുവരുന്ന എല്ലാ വാക്സീനുകളും ദേശീയ ആരോഗ്യ വിഭാഗത്തിന്റെ അനുമതിയോടെ വേണം. നിരവധി പരീക്ഷണങ്ങൾ നടത്തി പാർശ്വഫലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. പ്രോട്ടോക്കോളും പ്രൊസീജ്യറുകളും പാലിക്കണം. മാത്രമല്ല, ലോകാരോഗ്യ സംഘടന ഇത് അംഗീകരിക്കണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മാനിങ് പറഞ്ഞു.

ഓഗസ്റ്റ് 10നാണ് 48 ചൈനീസ് ജീവനക്കാർക്ക് സാർസ് കോവ് 2 വാക്സീൻ നൽകിയതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. വാക്സീന്‍ തെറ്റായ ഫലം നൽകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വിഷയത്തിൽ ഉടനൊരു വ്യക്തത തരണമെന്ന് ചൈനീസ് അംബാസഡർ സ്യൂ ബിങ്ങിനോട് മാനിങ് ആവശ്യപ്പെട്ടു. മാത്രമല്ല, രാജ്യത്തെ ചൈനീസ് ജീവനക്കാർക്കിടയിൽ വാക്സീൻ പരീക്ഷണം ചൈന ആരംഭിച്ചതായി പാപ്പുവ ന്യൂ ഗിനിയുടെ അടുത്ത അയൽരാജ്യങ്ങളിലൊന്നായ ഓസ്ട്രേലിയയ്ക്കു വ്യക്തമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇതേക്കുറിച്ചു പ്രതികരിക്കാൻ ഓസ്ട്രേലിയൻ അധികൃതർ തയാറായില്ല. ദരിദ്ര രാജ്യങ്ങളിൽ ഒന്നാണ് പാപ്പുവ ന്യൂ ഗിനി. ആകെ ജനസംഖ്യയായ 90 ലക്ഷം പേരിൽ ഭൂരിഭാഗവും കർഷകരാണ്. ഒരു മാസം മുൻപു വരെ 361 കോവിഡ് കേസുകളും 4 മരണങ്ങളും മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...