ഇഡ്ഡലിയുടെ രുചി, ഗാന്ധിയൻ തത്വങ്ങൾ; ഇന്ത്യൻ സ്വത്വം മുറുകെ പിടിച്ച് കമല

kamala-16
SHARE

ഇന്ത്യൻ പൈതൃകത്തിൽ താൻ ഏറെ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നുണ്ടെന്ന് യുഎസ് വൈസ്പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ്. സൗത്ത് ഏഷ്യൻസ് ഫോര്‍ ബൈഡൻ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കമല ഏറെ സന്തോഷത്തോടെ തന്റെ ഇന്ത്യൻ വേരുകളെ കുറിച്ച് സംസാരിച്ചത്. അമ്മ തമിഴ്നാട്ടുകാരിയാണെന്നും ചെന്നൈയിലൂടെ മുത്തച്ഛനുമൊത്ത് നടന്നതുമെല്ലാം കമല ഓർത്തെടുത്തു.

 അമ്മ ശ്യാമളയുടെ പത്തൊൻപതാം വയസിലാണ് അവർ യുഎസിലെത്തിയത്. യുഎസിലേക്ക് കുടിയേറിയെങ്കിലും മുത്തച്ഛനും മുത്തശ്ശിയും പകർന്ന മൂല്യങ്ങൾ അമ്മ തനിക്കും അനുജത്തി മായയ്ക്കുമായി പകർന്നു തന്നുവെന്നും അനീതിക്കെതിരെ ശബ്ദമുയർത്താൻ ആദ്യപാഠം നൽകിയത് അമ്മയാണെന്നും കമല ഏറെ സന്തോഷത്തോടെ പറയുന്നു. ഇഡ്ഡലി പ്രിയം അമ്മ തന്നിലേക്കും മായയിലേക്കും പകരാൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ ചെറു ചിരിയോടെ പറയുന്നു. ഗാന്ധിയുടെ ചിന്തകളും ജീവിതരീതിയും നേതാവെന്ന നിലയിൽ തന്നെ എങ്ങനെ രൂപപ്പെടുത്തിയെന്നും കമല പങ്കുവച്ചു. മനുഷ്യാവകാശവും ബഹുസ്വരതയും ജനാധിപത്യവും സമത്വത്തിനായുള്ള പോരാട്ടവുമാണ് തന്റെ നയമെന്നും അവർ ഉറക്കെ പ്രഖ്യാപിച്ചു.

യുഎസിലെ ഇന്ത്യൻ വോട്ടുകൾ സ്വന്തമാക്കാൻ ഏറ്റവും സാധ്യതയുള്ള ആളെന്നാണ് കമലയെ യുഎസ് മാധ്യമങ്ങൾ വിലയിരുത്തുന്നത്. മികച്ച നേതൃപാടവവും കാര്യശേഷിയും തന്റെ ഇന്ത്യൻ സ്വത്വത്തിന്റെ അഭിമാനവും അവർ ഉയർത്തിക്കാട്ടുന്നുമുണ്ട്. ബോബി ജിൻഡാൽ ഉൾപ്പടെയുള്ളവർ ഇന്ത്യൻ സ്വത്വം മറച്ച് വച്ചിടത്താണ് തന്റെ ഇന്ത്യൻ വേരുകളിൽ സന്തോഷമുണ്ടെന്ന് കമല ഉറക്കെ പ്രഖ്യാപിക്കുന്നത്. ഇത് ഇന്ത്യക്കാരെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ന്യൂഡൽഹിയിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന പി.വി. ഗോപാലന്റെ മകളായിരുന്നു കമലയുടെ അമ്മ ശ്യാമള. ഡൽഹിയിലെ വിദ്യാഭ്യാസത്തിന് ശേഷം അവർ കലിഫോർണിയയിൽ ഉപരിപഠനത്തിനെത്തി. ജമൈക്കക്കാരനായ ഡോണൾഡ് ഹാരിസുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയും കമലയ്ക്കും മായയ്ക്കും അവർ ജൻമം നൽകുകയും ചെയ്തു. കമലയ്ക്ക് ഏഴുവയസുള്ളപ്പോൾ അവർ വേർപിരിഞ്ഞുവെങ്കിലും കമലയുടെ വളർച്ചയിൽ നിർണായക സ്വാധീനമാണ് അമ്മ ചെലുത്തിയത്. 

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ അറുപത്തിയൊന്നുകാരനായ മൈക്ക് പെൻസിനെയാണ് കമല നേരിടുക. ഒക്ടോബർ ഏഴിനാണ് ഇരുവരുമായുള്ള സംവാദം.

MORE IN WORLD
SHOW MORE
Loading...
Loading...