രണ്ടു കോടി കടന്ന് രോഗികൾ; 43 ദിവസത്തിനുള്ളിൽ ഒരു കോടി രോഗബാധ

world-wb
SHARE

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ടു കോടി കടന്നു. 179  ദിവസമെടുത്താണ് കോവിഡ് രോഗികളുടെ എണ്ണം ഒരു കോടി  കടന്നതെങ്കില്‍ വെറും 43  ദിവസംകൊണ്ടാണ് അത് രണ്ടു  കോടിയിലെത്തിയത്. പ്രതിദിന രോഗികളുടെയും മരണത്തിന്‍റെയും കണക്കില്‍ ഇന്ത്യ മുന്നിലെന്നതാണ് ഈ ഘട്ടത്തിന്‍റെ പ്രത്യേകത.  

രോഗികളുടെ എണ്ണം ഒരു കോടി കടന്നപ്പോള്‍ മരണം അഞ്ചു ലക്ഷത്തിനടുത്തായിരുന്നെങ്കില്‍ ഇന്നത് ഏഴു ലക്ഷം പിന്നിട്ടു. കോവിഡ് രോഗത്തെക്കുറിച്ച് ചൈന ലോകാരോഗ്യസംഘടനയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത് 2019 ഡിസംബര്‍ 31നാണ്. അന്നു മുതലുള്ള കണക്കുപ്രകാരം 179 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം ഒരു കോടിയിലെത്തുന്നത്. ഏപ്രില്‍ രണ്ടിന് 92 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം പത്തുലക്ഷം കടന്നത്. അന്ന് ഇന്ത്യയില്‍  രണ്ടായിരത്തി അഞ്ഞൂറ്റി നാല്‍പത്തിയഞ്ചുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികള്‍  ഇരുപതുലക്ഷമാകാന്‍ വീണ്ടും  പതിമൂന്നൂദിവസമെടുത്തു. നാല്‍പതുലക്ഷത്തിലെത്താന്‍ 23 ദിവസം കൂടി വേണ്ടിവന്നു. മേയ് ഇരുപതിന് രോഗികളുടെ എണ്ണം അന്‍പതുലക്ഷം കടന്നു. അതായത് അന്‍പതുലക്ഷത്തിലെത്താന്‍ 140 ദിവസമെടുത്തു. അടുത്ത 39 ദിവസംകൊണ്ട് രോഗികള്‍ ഒരു കോടിയിലെത്തി. രോഗികള്‍ അന്‍പതുലക്ഷം കടന്നപ്പോള്‍ മൂന്നേകാല്‍ ലക്ഷമായിരുന്ന മരണമെങ്കില്‍ ഒരു കോടി കടന്നപ്പോള്‍ മരണം അഞ്ചുലക്ഷത്തിനടുത്തെത്തി. അന്ന് പ്രതിദിന രോഗികളുടെയും മരണത്തിന്‍റെയും കണക്കില്‍ അമേരിക്കയും ബ്രസീലുമായിരുന്നു മുന്നില്‍. രോഗബാധിതരുടെ കണക്കില്‍ ഇന്ത്യ നാലാതും മരണസംഖ്യയില്‍ എട്ടാമതുമായിരുന്നു. ഒരു കോടിയില്‍നിന്ന് വെറും 43 ദിവസംകൊണ്ട് രോഗികള്‍ ഇരട്ടിച്ചു. മരണം നിലവില്‍  ഏഴുലക്ഷം കടന്നു. പ്രതിദിന രോഗികളുടെയും മരണത്തിന്‍റെയും കണക്കില്‍ ഇപ്പോള്‍  ഇന്ത്യയാണ് മുന്നില്‍. 

MORE IN WORLD
SHOW MORE
Loading...
Loading...