ബെയ്റൂട്ട് സ്ഫോടനം; കാരണം ‘ഒഴുകിനടക്കുന്ന ബോംബ്’; റഷ്യൻ കപ്പലിലേക്ക് സംശയം

beirut-explosion
SHARE

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിലെ ഉഗ്ര സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം നീളുന്നതു റഷ്യൻ കപ്പലിലേക്ക്. വളം നിറച്ച വലിയ കപ്പൽ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ മുന്നറിയിപ്പുകൾ അവഗണിച്ചു വർഷങ്ങളായി ബെയ്‌റൂട്ട് തുറമുഖത്തു നങ്കൂരമിട്ടിരുന്നു. ഇതാണു സ്ഫോടനം തീവ്രമാക്കിയതെന്ന സാധ്യതയിലേക്കാണ് അന്വേഷണം നീളുന്നതെന്നു രാജ്യാന്തര മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

2750 ടൺ അമോണിയം നൈട്രേറ്റുമായി 2013 ൽ ആണ് റഷ്യൻ ഉടമസ്ഥതയിലുള്ള കപ്പൽ ബെയ്റൂട്ടിൽ വന്നത്. എംവി റോസസ് എന്ന കപ്പലിന്റെ ലക്ഷ്യം മൊസാംബിക്ക് ആയിരുന്നു. എന്നാൽ ചില സാമ്പത്തിക പ്രതിസന്ധികൾ കാരണം ബെയ്റൂട്ടിൽ നിർത്തുകയായിരുന്നു. കപ്പലിലെ റഷ്യൻ, യുക്രേനിയൻ ജീവനക്കാർക്കിടയിൽ ഇതിന്റെ പേരിൽ തർക്കമുണ്ടാകുകയും ചെയ്തു. അസ്വസ്ഥത സൃഷ്ടിച്ചു. ‘ഒഴുകിനടക്കുന്ന ബോംബ്’ ആണ് ഈ കപ്പലെന്നു കസ്റ്റംസും പ്രാദേശിക ഭരണകൂടവും പലവട്ടം മുന്നറിയിപ്പു നൽകി. എന്നാൽ കപ്പൽ ബെയ്റൂട്ടിൽനിന്നു പോയില്ലെന്നു ലെബനൻ കസ്റ്റംസ് ഡയറക്ടർ ബദ്രി ഡാഹെർ പറഞ്ഞു.

‘അനുയോജ്യമല്ലാത്ത കാലാവസ്ഥയിൽ, കപ്പലിലെ വസ്തുക്കൾ ഉണ്ടാക്കുന്ന വലിയ അപകടം മുൻനിർത്തി, തുറമുഖത്തിന്റെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷ കണക്കിലെടുത്തു സാധനങ്ങൾ തിരിച്ചെടുക്കണമെന്ന് അധികൃതരോട് അഭ്യർഥിക്കുന്നു’– ഡാഹറിന്റെ മുൻഗാമി ചാഫിക് മെർഹി, കപ്പലുമായി ബന്ധപ്പെട്ട കേസിലെ ഒരു ജഡ്ജിക്ക് 2016ൽ എഴുതിയ കത്തിലെ വരികളാണിത്. ചൊവ്വാഴ്ച ബെയ്‌റൂട്ടിലുണ്ടായ സ്ഫോടനത്തിന്റെ ഉറവിടം ഈ കപ്പലാണെന്ന് ലെബനൻ അധികൃതർ തീർത്തുപറഞ്ഞിട്ടില്ല. എന്നാൽ 2750 ടൺ അമോണിയം നൈട്രേറ്റ് മൂലമാണു സ്ഫോടനം ഉണ്ടായതെന്നു പ്രധാനമന്ത്രി ഹസ്സൻ ദായിബ് പറഞ്ഞിട്ടുമുണ്ട്.

ആറു വർഷമായി യാതൊരു സുരക്ഷയുമില്ലാതെയാണ് അമോണിയം നൈട്രേറ്റ് വലിയ അളവിൽ തുറമുഖത്തെ വെയർഹൗസിൽ സൂക്ഷിച്ചിരുന്നതെന്നും ഇതു ജനങ്ങളുടെ സുരക്ഷയെ അപകടത്തിലാക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘വളരെ സ്ഫോടന ശേഷിയുള്ള വസ്തുക്കൾ’ കണ്ടുകെട്ടി വർഷങ്ങൾക്കു മുമ്പ് വെയർഹൗസിൽ സൂക്ഷിച്ചിരുന്നതായി ലെബനൻ ജനറൽ സെക്യൂരിറ്റി മേധാവി പറഞ്ഞു. കണ്ടുകെട്ടിയ ‘വസ്തു’വിനെ കുറിച്ചു 2014 മുതൽ നടത്തിയ വിവരങ്ങളുടെ കൈമാറ്റം തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഇൻഫർമേഷൻ മന്ത്രി മനൽ അബ്ദുൽ സമദ് നജ്ദ് പറഞ്ഞു.

2013 ൽ എംവി റോസസ് ജോർജിയയിലെ ബറ്റുമിയിൽനിന്ന് മൊസാംബിക്ക് ലക്ഷ്യമാക്കിയാണു പുറപ്പെട്ടതെന്നു കപ്പലിന്റെ യാത്രാപഥവും ക്യാപ്റ്റൻ ബോറിസ് പ്രോകോഷെവിന്റെ വിവരണവും തെളിയിക്കുന്നു. ലോകമെമ്പാടും വളമായി ഉപയോഗിക്കുന്ന വ്യവസായിക രാസവസ്തു അമോണിയം നൈട്രേറ്റാണു കപ്പലിലുണ്ടായിരുന്നത്. കപ്പൽ ഇന്ധനം നിറയ്ക്കാൻ ഗ്രീസിൽ നിർത്തി. അപ്പോഴാണു പണം തീർന്നെന്നും യാത്രാച്ചെലവ് നികത്താൻ അധിക ചരക്കുകൾ എടുക്കേണ്ടിവരുമെന്നും കപ്പലിന്റെ ഉടമ നാവികരോടു പറഞ്ഞത്. അങ്ങനെ കപ്പലിന്റെ റൂട്ട് ബെയ്‌റൂട്ടിലേക്കു മാറ്റി.

ബെയ്‌റൂട്ടിൽ ഒരിക്കൽ എം‌വി റോസസിനെ പ്രാദേശിക തുറമുഖ അധികൃതർ തടഞ്ഞുവച്ചു. 11 മാസമായി നാവികർ കുറച്ച് സാധനങ്ങളുമായി കപ്പലിൽ ഉണ്ടായിരുന്നുവെന്ന് പ്രോകോഷെവ് പറഞ്ഞു. ‘ദിവസവും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് കത്തെഴുതി. ഒടുവിൽ ഇന്ധനം വിറ്റാണ് അഭിഭാഷകനെ നിയോഗിക്കാനുള്ളം പണം കണ്ടെത്തിയത്. യാതൊരു സഹായവും ഇല്ലായിരുന്നു. ഉടമ ഞങ്ങൾക്ക് ഭക്ഷണമോ വെള്ളമോ നൽകിയില്ല’– റേഡിയോ അഭിമുഖത്തിൽ പ്രകോഷെവ് പറഞ്ഞു. കപ്പലിലെ ജീവനക്കാരെ ശമ്പളം പോലും നൽകാതെ നാട്ടിലേക്കു തിരിച്ചയച്ചതായാണു മനസ്സിലാക്കുന്നതെന്നു സീഫെയേഴ്സ് യൂണിയൻ ഓഫ് റഷ്യ സിഎൻഎന്നിനോടു പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...