കൂറ്റൻ കൂൺ കണക്കെ പുക; ഭൂകമ്പം പോലെ പ്രകമ്പനം; അകലെ വരെ ശബ്ദം; വിറച്ച് ലെബനൻ

lebanon-beirut
SHARE

ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ ഇരട്ട സ്ഫോടനം. ഇതുവരെ 78 പേർ കൊല്ലപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധകൃതർ അറിയിക്കുന്നത്. നാലായിരത്തോളം പേർക്ക് പരുക്കേറ്റു. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.

പൊട്ടിത്തെറിക്കു പിന്നാലെ കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ആശുപത്രികളിലേക്കു കൊണ്ടുപോയതായി സുരക്ഷാ വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു പറഞ്ഞു. ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം. കാരണം വ്യക്തമല്ല. എന്തുതരം സ്ഫോടക വസ്തുക്കളാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്നിട്ടില്ല.

ഇരട്ടസ്ഫോടനമാണ് നടന്നതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭൂമികുലുക്കം പോലെ തോന്നിയെന്നാണ് നഗരവാസികളിൽ ചിലർ പറഞ്ഞത്. കിലോമീറ്ററുകളോളം അകലെവരെ സ്ഫോടനശബ്ദം കേട്ടു. സ്ഫോടനത്തെത്തുടർന്ന്, ആകാശംമുട്ടുന്ന കൂറ്റൻ കൂണുപോലെ പുക ഉയരുന്നത് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തുള്ള കെട്ടിടങ്ങളുടെ ബാൽക്കണികൾ തകർന്നുവീണു.

അകലെയുള്ള കെട്ടിടങ്ങളുടെ പോലും ജനാലച്ചില്ലുകൾ തകർന്നു. വളരെയധികം പേർക്കു പരുക്കുള്ളതായും കനത്ത നാശനഷ്ടം നേരിട്ടതായും ആരോഗ്യമന്ത്രി ഹമദ് ഹസൻ മാധ്യമങ്ങളോടു പറഞ്ഞു. കോവിഡ് ഭീതിയിലും സാമ്പത്തിക പ്രതിസന്ധിയിലും വലയുന്ന ബെയ്റൂട്ടില്‍ നീണ്ട വർഷങ്ങൾക്കിടയിലുണ്ടാകുന്ന ഏറ്റവും ശക്തമായ സ്ഫോടനമാണിത്. രക്ഷാപ്രവർത്തനം തുടരുകയാണ്. ലബനന്റെ മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരി 2005ല്‍ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനം. സ്ഫോടനത്തിനു പിന്നിൽ അത്തരമെന്തെങ്കിലും കാരണമുള്ളതായി ഇതുവരെ സൂചനകളില്ല.

MORE IN WORLD
SHOW MORE
Loading...
Loading...